Sunday, 2 March 2014

ഷിപ്പ് ഓഫ് തീസിയസ്

ഇക്കഴിഞ്ഞ വര്‍ഷം, ഇന്ത്യയുടെ സമാന്തര സിനിമാ ലോകത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ച സിനിമയായിരുന്നു ആനന്ദ് ഗാന്ധിയുടെ "ഷിപ്പ് ഓഫ് തീസിയസ്". അടിമുടി ഫിലോസഫിക്കലായ ഈ സിനിമ അതിന്റെ ആശയപരമായ മൗലികതയുടെ പേരില്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നു. നിരവധി അന്താരാഷ്ട്ര സിനിമാമേളകളില്‍ പ്രേക്ഷകരുടെ അളവില്ലാത്ത പ്രശംസ നേടിയ ഈ ചിത്രം പ്രതീക്ഷിച്ചത് പോലെ ബോക്സ് ഓഫീസ് പരാജയമായിരുന്നു. ബോളിവുഡിന്റെ ഫോര്‍മുലയ്ക്ക് അപ്പുറം മറ്റൊന്നും രസിക്കാത്ത വിധം നമ്മുടെ മെയിന്‍സ്ട്രീം സിനിമാപ്രേക്ഷകരുടെ ആസ്വാദനശേഷി ചുരുങ്ങിനില്‍ക്കുന്നു എന്നത് ഇത്തരം സിനിമകളിലൂടെ പരാജയത്തിനു കാരണമാണ്. ഇത്തരം സിനിമകള്‍ വരിവരിയായി പരാജയപ്പെടുമ്പോള്‍, എന്നെങ്കിലും ഈ അവസ്ഥ മാറുമെന്ന നേര്‍ത്ത പ്രത്യാശ മാത്രം ബാക്കിയാകുന്നു. ഡിജിറ്റല്‍  സാങ്കേതിക വിദ്യയിലുള്ള ഛായാഗ്രാഹണവും, മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ തിയേറ്റര്‍ റിലീസിനെ മാത്രം ആശ്രയിക്കുന്ന ശൈലി മാറിയതും മറ്റും ഇന്ത്യയിലെ സമാന്തര സിനിമയ്ക്ക് പുത്തനുണര്‍വ് പകര്‍ന്നിട്ടുണ്ട്. ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകരും അത്തരം ഒരു നീക്കം നടത്തുന്നുണ്ട് - സൗജന്യമായി സിനിമ ഡൌണ്‍ലോഡ്‌ ചെയ്യാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. സിനിമ കണ്ട ശേഷം ഇഷ്ടപ്പെടുന്നപക്ഷം സംഭാവനകള്‍ നല്‍കാം.

"As the planks of Theseus' ship needed repair, it was replaced part by part, upto a point where not a single part from the original ship remained in it anymore. Is it then, still the same ship? I all the discarded parts of the ship are used to build another ship, which, of the two, if any, is the SHIP OF THESEUS?"


തീസിയസ് പാരഡോക്സ് എന്നറിയപ്പെടുന്ന ഫിലോസഫിക്കല്‍ പ്രഹേളിക ഉദ്ധരിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. തെസ്യൂസിന്റെ കേടായ മരക്കപ്പലിന്റെ ഭാഗങ്ങള്‍ ഒന്നൊന്നായി എടുത്തു മാറ്റി പകരം പുതിയവ വച്ചു. അവസാനം എല്ലാ കഷണങ്ങളും ഇതുപോലെ മാറ്റിവച്ചു കഴിഞ്ഞാല്‍ അത് തീസിയസിന്റെ കപ്പല്‍ തന്നെയാണോ?


വളരെ അടിസ്ഥാനപരമായ ഇത് പോലെയുള്ള പല വൈരുധ്യങ്ങളും ചൂണ്ടിക്കാട്ടുന്ന ബൗദ്ധികാനുഭവം ആണ് ഈ സിനിമ. ഇതുവരെ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിട്ടില്ലാത്ത ഒന്ന്. പക്ഷെ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം സിനിമ നല്‍കുന്നില്ല മറിച്ച് ചിന്തിക്കാന്‍ ചില ആശയങ്ങള്‍ മുന്നോട്ട് വെക്കുക മാത്രം.

മൂന്ന്‍ ഉപകഥകളുടെ സമാഹാരമാണ് ഈ സിനിമ.  എല്ലാ കഥകള്‍ക്കും അവയവ ദാനവുമായി ചെറുതല്ലാത്ത ബന്ധമുണ്ട്. അതില്‍ തന്നെ ആദ്യത്തെ കഥയാണ്‌ തീസിയസിന്റെ കപ്പലുമായി ചേര്‍ന്ന് നില്‍ക്കുന്നത്. ആലിയ എന്ന അന്ധയായ ഫോട്ടോഗ്രാഫറുടെ വേഷത്തില്‍ എത്തുന്നത് Aida El Kashsef ആണ്. കേള്‍വിശക്തിയുടെയും സോഫ്റ്റ്‌വെയറിന്റെയും ഭാഗ്യത്തിന്റെയും സഹായത്തോടെ ആലിയ  എടുക്കുന്ന ഫോട്ടോഗ്രാഫുകള്‍ പരക്കെ ശ്രദ്ധിക്കപ്പെടുന്നു. എന്നാല്‍ കോര്‍ണിയ റീപ്ലെയിസ്മെന്റിന് ശേഷം കാഴ്ച ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫി പഴയ പോലെ ആലിയയ്ക്ക് സംതൃപ്തി നല്‍കുന്നില്ല. ഭാഗ്യത്തിന്റെ ആനുകൂല്യം creativity യില്‍ ചെലുത്തിയിരുന്ന ശക്തമായ സ്വാധീനമാണ് ഇവിടെ വെളിവാക്കപ്പെടുന്നത്. എന്നാല്‍ ഈ ഭാഗ്യത്തിന്റെ ആനുകൂല്യം ഉപയോഗിച്ചുള്ള സൃഷ്ടികള്‍ യഥാര്‍ത്ഥത്തില്‍ കലയാണോ എന്നും ഒരു ചിന്താഗതി ഉയര്‍ന്നുവന്നേക്കാം. അതും തള്ളുന്നില്ല. കാഴ്ച്ചയുടെ അഭാവത്തിലുള്ള കലാപ്രവര്‍ത്തനത്തിന്റെ കഥ പറഞ്ഞ ശ്യാമപ്രസാദിന്റെ മലയാള സിനിമ "ആര്‍ട്ടിസ്റ്റ്" ഈയിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

സംവിധായകന്‍ ആനന്ദ് ഗാന്ധി
രണ്ടാമത്തെ കഥ അഭിനേതാക്കളുടെ ശക്തമായ പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്നു. മൃഗങ്ങളിലുള്ള മരുന്നുപരീക്ഷണങ്ങളെയും മരുന്ന് കമ്പനികളുടെ ക്രൂരമായ പരീക്ഷണ ശൈലികളെയും ശക്തമായി എതിര്‍ക്കുന്ന മൈത്രേയന്‍ എന്ന സന്യാസിയുടെ വേഷത്തില്‍ നീരജ് കബി വളരെ സ്വാഭാവിക അഭിനയം കാഴ്ച വയ്ക്കുന്നു. മറ്റൊരു ഘട്ടത്തില്‍ ലിവര്‍ സിറോസിസിന് അടിമപ്പെട്ട് താനിത്രയും കാലം എതിര്‍ത്തിരുന്ന മരുന്ന്കമ്പനികളെ തന്നെ ആശ്രയിക്കേണ്ടുന്ന ഘട്ടം വരുമ്പോള്‍ മൈത്രേയന്‍ അതിന് തയാറാകാതെ സ്വന്തം ആശയങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. ദി മെഷീനിസ്റ്റ് എന്ന ചിത്രത്തിന് വേണ്ടി സ്വന്തം ശരീരഭാരം 46 കിലോ ആക്കിക്കുറച്ച ക്രിസ്ത്യന്‍ ബെയിലിനെ അനുസ്മരിപ്പിക്കുന്ന സമര്‍പ്പണമാണ്‌ നീരജ് കബി നടത്തുന്നത്. അവസാനം ചര്‍വകന്‍ എന്ന യുവഅഭിഭാഷകന്റെ ചില ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടുമ്പോള്‍ മൈത്രേയന്‍ കരള്‍ മാറ്റിവയ്ക്കലിന് സമ്മതിക്കുകയാണ്.

മൂന്നാമത്തെ കഥ മുന്‍കഥകളെ അപേക്ഷിച്ച് കൂടുതല്‍ വലുതാണ്‌. ഏറെ കഥാപാത്രങ്ങള്‍ വന്നുപോകുന്നു. സാമൂഹികമായ പ്രതിബദ്ധത ഏറ്റവും കൂടുതല്‍ പ്രദര്‍ശിപ്പിക്കുന്നതും ഈ സെഗ്മെന്റ് ആണ്. ഒരു ഹ്യൂമര്‍ എലമന്റ് പോലും കടന്നുവരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ സോഹം ഷാ അവതരിപ്പിക്കുന്ന നവീന്‍ എന്ന സ്റ്റോക്ക് ബ്രോക്കര്‍ ആണ് ഇതിലെ കേന്ദ്രബിന്ദു. അപ്പെന്‍ഡിക്സ് ഓപ്പറേഷനിടയില്‍ കിഡ്നി റാക്കറ്റിന്റെ ചൂഷണത്തിന് ഇരയാകേണ്ടിവരുന്ന ശങ്കര്‍ എന്ന തൊഴിലാളിയെ പരിചയപ്പെടുന്ന നവീന്‍ നീതിക്കായി പ്രവര്‍ത്തിക്കുന്നതാണ് ഇതിവൃത്തം. കിഡ്നി സ്വീകരിച്ചയാളെ തേടി സ്ടോക്ക്ഹോമിലെത്തി, അയാളുമായി സംവാദത്തില്‍ വരെ ഏര്‍പ്പെടുന്ന നവീനെ നിസഹായനാക്കിക്കൊണ്ട് ആ തൊഴിലാളി  സായിപ്പിന്റെ പണം സ്വീകരിച്ച് കിഡ്നി കൊടുക്കുന്നിടത്ത് ഈ കഥ അവസാനിക്കുന്നു. 

ചിത്രത്തിന്റെ ക്ലൈമാക്സ് ഈ കേന്ദ്ര കഥാപാത്രങ്ങളുടെ ഒത്തുചേരലിന് വേദിയാകുന്നു.

പങ്കജ് കുമാര്‍ എന്ന ഛായാഗ്രാഹകന്റെ പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ ചിത്രമാണിത്. മുംബൈ മനോഹരമായി സിനിമയിലുടനീളം കാണപ്പെടുന്നു. പല അന്താരാഷ്ട്രമേളകളിലും സിനിമ നേടുന്ന പ്രശംസയുടെ വലിയൊരു ഭാഗം തീര്‍ച്ചയായും പങ്കജ് കുമാറിന് അവകാശപ്പെട്ടതാണ്.

ആദ്യം പറഞ്ഞതുപോലെ ഈ സിനിമ എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തണം എന്നില്ല. എന്ടര്റെയിന്മേന്റ്റിനപ്പുറം കലയ്ക്ക് സ്വന്തമായി ഒരു നിലനില്‍പ്പുണ്ട് എന്ന തോന്നല്‍ ഉള്ളവര്‍ക്ക് ഈ സിനിമ ധൈര്യമായി കാണാം. ക്ഷമയും ബുദ്ധിയും ആവോളം ഉപയോഗിച്ചാല്‍ ഈ സിനിമ ആസ്വദിക്കാം.

മൊത്തത്തില്‍, ചിന്തോദ്ദീപകമായ ഈ മൗലിക കലാസൃഷി കണ്ടിരിക്കേണ്ടത് സിനിമാപ്രേമി എന്ന നിലയില്‍ ഒഴിച്ചുകൂടാനാവാത്തതാണ് എന്ന് മാത്രം പറയട്ടെ.

1 comment:

  1. കണ്ടുനോക്കട്ടെ
    സിനിമാപ്രിയം അത്രയ്ക്കില്ല, എന്നാലും

    ReplyDelete