Friday, 10 January 2014

അലീനാ....

സായിപ്പ്, എന്റെയൊരു മെയിന്‍ കമ്പനിയായിരുന്നു. ഒരേ കോളേജില്‍ പഠിച്ചിരുന്ന, ഒരേ കോളേജ് ബസ്സില്‍ പോയിവന്നിരുന്ന ഒരേ നാട്ടുകാരായ കൂട്ടുകാര്‍.. 

സായിപ്പിന് "സായിപ്പ്" എന്ന പേര് വന്നത്, അവന്‍ വെളുവെളാ വെളുത്തിരുന്നത് കൊണ്ടായിരുന്നില്ല. മറിച്ച്, വെളുവെളുത്ത പെണ്‍കുട്ടികളോട് അവനുള്ള പ്രത്യേക താല്പര്യം 
മൂലമായിരുന്നു. ഈ 'വെളുപ്പ്‌' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മലയാള സിനിമാനടികളുടെ വെളുപ്പല്ല, ഹോളിവുഡ് സിനിമാനടിമാരുടെ കൂട്ട്, നോക്കിയാല്‍ കണ്ണിറുക്കിയടയ്ക്കേണ്ടിവരുന്ന സൈസ് വെളുപ്പ്‌... അതേ... അതുതന്നെ.

ഓവറായി വെളുത്ത ചില പെണ്‍കുട്ടികളെ കാണുമ്പോള്‍, പൂവന് പിടയോട് തോന്നുമ്പോലെ, എന്തോ ഒരു പ്രത്യേക കമ്പം സായിപ്പിന് തോന്നിയിരുന്നു. (ഞങ്ങളതിനെ 'കമ്പം' എന്നല്ല 
വിളിച്ചിരുന്നതെങ്കിലും...) ഏതായാലും, അങ്ങനെ, മദാമ്മമാരേപ്പോലിരുന്ന നാടന്‍ വെളുമ്പിപ്പെണ്ണുങ്ങളോട് തോന്നിയ ആസക്തി, അവനെ " സായിപ്പ് " ആക്കിത്തീര്‍ക്കുകയും അവന്റെ യഥാര്‍ത്ഥ പേര് പലരും മറന്നുപോകുകയും ചെയ്തു.

പറയാനുദ്ദേശിക്കുന്ന സംഭവം നടക്കുന്നത് ഞങ്ങളുടെ രണ്ടാംവര്‍ഷ എന്ജിനീയറിങ്ങ് പഠന(?) കാലത്താണ്. 

ഒന്നാം വര്‍ഷത്തിന്റെ ആദ്യത്തെ ദിവസം തന്നെ, തിരക്കുള്ള കോളേജ് ബസ്സിന്റെ നടുക്കുനിന്ന് ഉച്ചത്തില്‍ "ജനഗണമന അധിനായക..." പാടേണ്ടിവന്നതില്‍പ്പിന്നെ ഞാനധികം കോളേജ് 
ബസ്സില്‍ കേറിയിരുന്നില്ല... രണ്ട് രൂപാ എസ് റ്റി കൊടുത്ത് ലൈന്‍ ബസ്സില്‍ പോയിവന്നു. പക്ഷെ രണ്ടാം കൊല്ലം, പുതിയ പിള്ളാര്‌ വന്നപ്പോഴേക്കും ഞാന്‍ കോളേജ് ബസ്സില്‍ തിരിച്ചെത്തി, അവരെക്കൊണ്ട് "ജനഗണമന..." പാടിക്കാന്‍ തുടങ്ങി.

സായിപ്പിന് റാഗിങ്ങ് വലിയ ഹരമായിരുന്നു. റാഗിങ്ങ് എന്നുവച്ചാല്‍ ദേഹോപദ്രവം ഒന്നൂല്ല... നമുക്ക് കിട്ടിയതിന്റെ പങ്ക് നമ്മള്‍ പുതിയ തലമുറയ്ക്കും മാറുന്നു...അത്രമാത്രം...അതും കൂടിപ്പോയാല്‍ ഒന്നോ രണ്ടോ മാസം. അത് കഴിഞ്ഞാല്‍പ്പിന്നെ യെവന്മാരൊക്കെ തലയില്‍കേറാന്‍ തുടങ്ങും.

ഫസ്റ്റ് ഇയര്‍ അഡ്മിഷന്‍ കഴിഞ്ഞതിന്റെ പിറ്റേദിവസം രാവിലെ കോളേജ് ബസ്സില്‍ വച്ച്, ഏതോ ഒരു പയ്യനോട് ജീന്‍സിട്ട് കോളജില്‍ വരുന്നതിന്റെ ഭവിഷ്യത്തുകള്‍ പറഞ്ഞുമനസ്സിലാക്കിക്കൊണ്ടിരിക്കുകയായിരുന്നു. മണര്‍കാട് വണ്ടി നിര്‍ത്തിയപ്പോള്‍ ഒരു പാട് ന്യൂ അഡ്മിഷന്‍ കിളികള്‍ വണ്ടിയില്‍ കേറിയ കൂട്ടത്തിലാണ്, അവളും വണ്ടിയില്‍ കേറിയത്. "അവള്‍" എന്ന്‍ വച്ചാല്‍ കഥാനായിക. വെളുത്തതെന്നു പറഞ്ഞാല്‍പ്പോര, വെളുവെളുത്ത സുന്ദരി... മണര്‍കാട് നിന്ന് കോളെജിലെത്താനെടുത്ത പതിനാലു മിനിറ്റ് നേരം, സായിപ്പ് അവളെത്തന്നെ നോക്കിയിരുന്നുപോയി.  ആദ്യമായിട്ടാണ് ഒരു പ്രണയം പൊട്ടിവിടരുന്നത് ഞാന്‍ തത്സമയം കാണുന്നത്. 

അന്ന് കോളേജിലെത്തിയ സായിപ്പ്, ക്ലാസില്‍ കേറാതെ കഞ്ചാവടിച്ച കോഴിയെപ്പോലെ ക്യാമ്പസിലങ്ങോളമിങ്ങോളം നടന്നു. ഇതിന് മുമ്പ് ഒരുപാട് വെളുത്ത പെണ്ണുങ്ങളുടെ പുറകെ 
പ്രേമമാണെന്ന് പറഞ്ഞ് നടന്നിട്ടുണ്ടെങ്കിലും, പെണ്ണ് ഒരല്ഭുതമാണെന്നു സായിപ്പിന് തോന്നിയത് ആദ്യമായിട്ടായിരുന്നു. അന്ന് വൈകുന്നേരം മണര്‍കാട് ബസ്സ്റ്റോപ്പില്‍ അവള്‍ ഇറങ്ങിയ സമയത്ത് കോളേജ് ബസ്സിന്റെ സൈഡ് സീറ്റില്‍ വച്ച് സായിപ്പ് തീരുമാനിച്ചു - "മറ്റൊരുത്തനും ഇവളെ വിട്ടുകൊടുക്കൂലാന്ന്; ഈ വെളുത്ത കുട്ടി, എന്റെയാന്ന്..."

പിന്നീടിങ്ങോട്ട് പ്രണയത്തിന്റെ നാളുകള്‍... എങ്ങനെ അവളോട്‌ പറയും എന്ന കണ്ഫ്യൂഷന്‍ തീര്‍ക്കാന്‍ സായിപ്പിന് കഴിയുന്നേയില്ല. എല്ലാ പ്രണയ കഥയിലും ഉള്ളത്പോലെ ഇക്കഥയിലും നായകന് ഒരു മെയിന്‍ ഉപദേഷ്ടാവ് ഉണ്ടായിരുന്നു - ഈ ഞാന്‍ തന്നെ. പക്ഷെ,  പല സിനിമകളിലും കണ്ടിട്ടുള്ള ക്ലീഷേ ഐഡിയകള്‍ ഞാന്‍ ഉപദേശിച്ചുകൊടുത്തെങ്കിലും സായിപ്പ് ഒന്നുകൊണ്ടും അങ്ങ് തൃപ്തനായില്ല. 

അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം വൈകുന്നേരം സായിപ്പ്  ഓടിക്കിതച്ച് എന്റടുത്ത് വന്നിട്ട്, അവന്റെ ഐഡിയ പറയുന്നത്. ആ വെളുത്ത പെണ്‍കുട്ടിയുടെ പേര് "അലീനാ" എന്നാണെന്ന് അവളുടെ ക്ലാസിലെ തന്നെ ഒരു ഫസ്റ്റ് ഇയര്‍ പയ്യന്‍ സായിപ്പിനോട്‌ പറഞ്ഞത്രേ... കേട്ടപാതി സായിപ്പ് വമ്പിച്ച ഒരു പെഴ്സനലൈസ്ഡ് തന്ത്രം മെനഞ്ഞു - ദേവദൂതനിലെ "കരളേ നിന്‍ കൈപിടിച്ചാല്‍..." എന്ന പാട്ട് ആയിരുന്നു അവന്റെ ട്രമ്പ്‌ കാര്‍ഡ്... ആ പാട്ടിന്റെ വരികള്‍ക്കിടയില്‍ "അലീനാ...അലീനാ..." യെന്ന് യേശുദാസ് പാടുന്നുണ്ടത്രേ...

യേശുദാസ് പാടട്ടെ, അതുപോലെ പാടാന്‍ നീ വാ തുറന്നുകഴിഞ്ഞാല്‍, സെറ്റ് ആവുക പോയിട്ട്, എന്താ ഉണ്ടാവുക എന്ന്‍ പ്രവചിക്കുക പോലും അസാധ്യമാണെന്ന് ഞാന്‍ തീര്‍ത്തുപറഞ്ഞു. ആന വാപൊളിക്കുന്ന കണ്ട് ആട് വാപൊളിക്കാമോ എന്നും, ഒരു ഉപദേശകന്‍ എന്ന നിലയില്‍ ഞാനങ്ങ് തട്ടി. പക്ഷെ അവിടെയാണ് അവന്‍ എന്നെ ഞെട്ടിച്ചുകളഞ്ഞത്. ജീത്തു ജോസെഫിന്റെ "ദൃശ്യം" സിനിമ പോലെ flawless ആയ ഒരു പ്ലാന്‍ അവന്‍ എന്നോട് പറഞ്ഞു. അതിങ്ങനെയായിരുന്നു. - കോളേജ് ബസ്സിലേക്ക് ഒരു പുതിയ മ്യൂസിക്ക് സിസ്റ്റം വാങ്ങുക. അതില്‍ യേശുദാസിന്റെ ശബ്ദത്തില്‍, പല തവണ "അലീനാ... " എന്ന വിളി കേള്‍ക്കുമ്പോള്‍ യാദൃശ്ചികതയ്ക്ക് അപ്പുറം എന്തോ ഒന്ന് അതിലുണ്ടെന്നു അവള്‍ക്ക് തോന്നാതിരിക്കില്ല. അവള് ഡ്രൈവര്‍ മധുവണ്ണനോട്‌ ചോദിക്കും. ആരാ, ആ പാട്ടുള്ള പെന്‍ഡ്രൈവ് തന്നതെന്ന്. അപ്പൊ മധുവണ്ണന്‍, ഒരു സുന്ദരനായ ചെറുപ്പക്കാരന്റെ ആത്മാര്‍ത്ഥ പ്രണയത്തെക്കുറിച്ച് അവളോട്‌ പറയും. യേത്?

"പ്ലാന്‍ കുഴപ്പമില്ല. വേണെങ്കി ഇത് വച്ച് ഒരു പാലം വലിക്കാം. പക്ഷെ ഇത് കൊണ്ട് മാത്രം സെറ്റ് ആകുമെന്ന് വിചാരിക്കണ്ട. dramatic ആയിട്ട് ഒരു ഇന്ട്രോഡക്ഷന്‍...അത്രെ ഉള്ളൂ. "

"അത് മതിയെടാ പുല്ലേ... അവിടെനിന്ന് ഞാന്‍ പിടിച്ചുകേറിക്കോളാം..."

"പിന്നെ ആ മധുവണ്ണനെ വിശ്വസിക്കാന്‍ പറ്റൂല്ല... അങ്ങേരുടെ ഇത് വരെയുള്ള സ്വഭാവവും പെരുമാറ്റവും വച്ച് നോക്കിയാല്‍, നിന്നെക്കാളും വലിയ കോഴിയാ അങ്ങേര്..."

"ഏയ്‌...അങ്ങേര് പാവാടാ.."

"അത് തന്നെയല്ല, മ്യൂസിക്ക് സിസ്റ്റം മേടിക്കാനുള്ള പൈസ, നീ നിന്റെ വീട്ടീന്ന് കൊണ്ടുവരുവോ... ഇതൊക്കെ അധികച്ചെലവാ മോനെ..."

മറുപടിയായി സായിപ്പ്, പോക്കറ്റിലിരുന്ന നൂറിന്റെ കുറെ നോട്ടുകള്‍ എടുത്തുകാണിച്ചു.ഒന്നാം വര്‍ഷക്കാരായ ചില പിള്ളാരുടെ ഇടയില്‍ അവന്‍ പിരിവ് നടത്തിയത്രേ...മ്യൂസിക്ക് സിസ്റ്റം മേടിക്കാന്‍... 

അവന്റെ ആത്മാര്‍ഥതയിലും, ആ പ്ലാനിന്റെ feasibility യിലും എനിക്കുണ്ടായിരുന്ന അവസാനത്തെ സംശയവും അതോടുകൂടി ഇല്ലാതായി.

***

രണ്ടാഴ്ച പെണ്‍കുട്ടികളുടെയും ഫസ്റ്റ് ഇയേഴ്സിന്റെയും ഇടയില്‍ കാര്യമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഞങ്ങള്‍ കോളേജ് ബസ്സില്‍ പുതിയ മ്യൂസിക്ക് സിസ്റ്റം സ്ഥാപിച്ചു. "Donated by, first years" എന്നെഴുതി വച്ചില്ലെങ്കിലും, പിന്നീട് ആലോചിച്ചപ്പോള്‍ അങ്ങനെ എഴുതുന്നതായിരുന്നു ശരി എന്നെനിക്ക് തോന്നി. 

തലേദിവസം രാത്രി വൈകി, പെന്‍ഡ്രൈവില്‍ "അലീന"യെ കോപ്പി ചെയ്യുമ്പോള്‍, പിറ്റേന്ന് ഒരു ചരിത്രദിവസമായിരിക്കും എന്നെനിക്ക് തോന്നിയിരുന്നു. മണര്‍കാട് മുതല്‍ കോളേജ് വരെയുള്ള പതിനഞ്ച് മിനിറ്റ് നേരത്തിനുള്ളില്‍ "അലീനാ.." പ്ലേ ചെയ്യുംവിധം ഞങ്ങള്‍ പാട്ടുകള്‍ അറേഞ്ച് ചെയ്തു. അങ്ങനെ, കാത്തിരുന്ന ദിവസമെത്തി. 

മണര്‍കാട്ട് എത്തുംവരെ, മധുവണ്ണന്‍ ഇടയ്ക്കിടെ സായിപ്പിനെ നോക്കി,  മോഹന്‍ലാല്‍ സ്റ്റൈലില്‍ ചിരിച്ചുകൊണ്ടിരുന്നു. യാതൊരു ടെന്‍ഷനും ഇല്ലെന്ന വ്യാജേന, സായിപ്പ് ഒരു മൊബൈലില്‍ നോക്കിക്കൊണ്ട് ഇരുന്നു. അങ്ങനെ കാത്തിരുന്ന മണര്‍കാട് ജംക്ഷന്‍ എത്തി. വെളുമ്പിപ്പെണ്ണ് ബസ്സില്‍കേറി. സായിപ്പിന്റെ മുഖം ചുവന്നു.

എരുമപ്പെട്ടിയിലെത്തിയപ്പോള്‍ യേശുദാസ് ഹമ്മിംഗ് പാടാന്‍ തുടങ്ങി. വണ്ടിയോടിക്കുന്നതിനിടെ ഏറുകണ്ണിട്ട് മധുവണ്ണന്‍ സായിപ്പിനെ നോക്കി. സായിപ്പ് കുനിഞ്ഞിരുന്നു. ഞാന്‍ വെളുമ്പിപ്പെണ്ണിന്റെ റിയാക്ഷന്‍ പഠിക്കുകയായിരുന്നു. ഭാവഭേദമൊന്നുമില്ല....

 "അലീനാ......" വരട്ടെ..... അപ്പൊ കാണാം കളി.

അങ്ങനെ കാത്തു കാത്തിരുന്ന നിമിഷം വന്നെത്തി. യേശുദാസ് " അലീനാ... " പാടിത്തുടങ്ങി. സായിപ്പ് തല പൊന്തിച്ചുനോക്കി. മധുവണ്ണന്‍, റോഡില്‍ നോക്കുന്നതിനു പകരം, വണ്ടിക്കകത്ത് നോക്കി വണ്ടിയോടിക്കാന്‍ തുടങ്ങി. ഞാന്‍ സീറ്റില്‍നിന്ന് എഴുന്നേറ്റുനിന്ന് നോക്കി. (ഇരുന്നിട്ട് ഇരിപ്പുറച്ചില്ല...)

ഇല്ല... ഒന്നും സംഭവിക്കുന്നില്ല... അലീനയുടെ മുഖത്ത് ഭാവഭേദമൊന്നുമില്ല...കൂടെയിരുന്ന, ചുരുണ്ട മുടിയുള്ള കറുത്ത കുട്ടിയോട് എന്തോ പറഞ്ഞ് ചിരിച്ചുകൊണ്ടിരിക്കുന്നു.

ഞാന്‍ തിരിച്ചുസീറ്റില്‍തന്നെയിരുന്നു.  'അപ്പഴേ പറഞ്ഞതല്ലേ' എന്ന മട്ടില്‍ മധുവണ്ണന്‍ തല വെട്ടിച്ച് റോഡിലേക്ക് നോക്കി വണ്ടിയോടിക്കാന്‍ തുടങ്ങി. എന്നാലും അവളെന്തേ മൈന്‍ഡ് ചെയ്യാഞ്ഞത്?

അന്ന് വൈകിട്ടും യേശുദാസ് " അലീനാ.." പാടി. അവള്‍ക്ക് ഭാവവ്യത്യാസമൊന്നും ഉണ്ടായില്ല. പിറ്റേന്ന് രാവിലെയും ഇതേ കലാപരിപാടി ആവര്‍ത്തിച്ചു. രണ്ടു ദിവസത്തിനുള്ളില്‍, ഇങ്ങനെയൊരു പ്ലാന്‍ ഉണ്ടായിരുന്ന കാര്യം പോലും ഞാന്‍ മറന്നുതുടങ്ങിയിരുന്നു. ഇങ്ങനെയൊരു കൂതറ ഓള്‍ഡ്‌ ജനറേഷന്‍ നമ്പര് കൊണ്ടൊന്നും ഇപ്പൊ പെണ്‍കുട്ടികള് തിരിഞ്ഞു നോക്കില്ല എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു.

പക്ഷെ സായിപ്പ് മറന്നില്ല. അവന് മറക്കാന്‍ പറ്റുമായിരുന്നില്ല.എന്ത് കൊണ്ട് പ്ലാന്‍ പരാജയപ്പെട്ടു എന്നതിന് ഉത്തരം തേടി അവന്‍ നടന്നു.

***

രണ്ടാഴ്ച കഴിയുംമുമ്പേ സായിപ്പ്, ആ ഉത്തരം കണ്ടുപിടിച്ചു... അവളുടെ പേര് "അലീന" എന്നല്ലായിരുന്നു...  പിന്നെങ്ങനെ അവള്‍ക്ക് "അലീന " എന്ന്‍ പേര് വന്നു? അതിനുള്ള ഉത്തരം രണ്ടാണ് - 

അകിരാ കുറസോവയുടെ റാഷമോണ്‍ ഇഫക്റ്റ് പോലെ, സത്യമെന്താണെന്ന് നിശ്ചയമില്ലാത്തതിനാല്‍ കഥയുടെ രണ്ട് വേര്‍ഷനും ഞാന്‍ എഴുതുകയാണ്.

സായിപ്പ് പറയുന്നത് -   വെളുമ്പിപ്പെണ്ണിന്റെ കൂടെ പഠിക്കുന്ന ആ ഫസ്റ്റ് ഇയര്‍ പയ്യനോട്‌ അവളുടെ പേരെന്താന്നു ചോദിച്ചപ്പോള്‍, സായിപ്പിനെ കുടുക്കാന്‍ വേണ്ടി മനപ്പൂര്‍വം ഗൂഡാലോചന നടത്തി അവന്‍ പേര് തെറ്റിച്ചുപറഞ്ഞു  എന്നാണ്. 

ആ പയ്യന്‍ പറയുന്നത് -  ആ വെളുത്ത പെണ്ണിന്റെ പേരെന്താണെന്ന് സായിപ്പ് ചോദിച്ചപ്പോ "അറീല്ലാ..." എന്നാണ് അവന്‍ പറഞ്ഞതെന്നും അത് "അലീനാ..." എന്നാണെന്ന് തെറ്റിദ്ധരിച്ച സായിപ്പാണ്‌ എല്ലാ പ്രശ്നവും ഉണ്ടാക്കിയതെന്നുമാണ്.

പയ്യന്റെ കഥ കൂടുതല്‍ വിശ്വാസയോഗ്യമാണെന്ന് തോന്നിയെങ്കിലും ഞാനത് സായിപ്പിനോട്‌ പറഞ്ഞില്ല. 

***

പക്ഷെ സായിപ്പിന്റെ പ്രണയകഥ രണ്ടു ദിവസം കൊണ്ട് കോളേജ് മുഴുവന്‍ അറിഞ്ഞു.

 അങ്ങനെ കഥയറിഞ്ഞ കഥാനായികയ്ക്ക് സിമ്പതി തോന്നി സായിപ്പുമായി കഠിനപ്രണയത്തിലായി എന്നൊക്കെ എഴുതണമെങ്കില്‍ എനിക്ക് തലയ്ക്ക് ഓളമായിരിക്കണം....



*****

P.S. കഥയില്‍ ഫസ്റ്റ് പേഴ്സണ്‍ ആണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും ആ "ഞാന്‍" ഞാനല്ല... എന്റെ മറ്റൊരു സുഹൃത്താണ്...  http://helloansal.blogspot.in/

8 comments:

 1. ഇനിയിപ്പൊ എന്താ ചെയ്യുക. അടുത്ത പദ്ധതി ആസൂത്രണം ചെയ്യണ്ടേ.

  ReplyDelete
  Replies
  1. സായിപ്പ് അത് കഴിഞ്ഞ് അടുത്ത 'അലീന'യെ തപ്പിപ്പോയി. അവളും തള്ളിപ്പറഞ്ഞു. ഇപ്പൊ വീട്ടില്‍ കുത്തിയിരിക്കുന്നു.

   Delete
 2. അറീലാ...ന്ന് വരുന്ന ഏതെങ്കിലും പാട്ടുണ്ടായിരുന്നെങ്കില്‍.

  ReplyDelete
 3. lol:-D
  സായിപ്പിന്റെ പ്രണയകഥയുടെ ഓർമ്മകൾ അയവിറക്കി ആ പാട്ടുപെട്ടി ഇന്നും പാടിക്കൊണ്ടിരിക്കുന്നു...

  ReplyDelete
 4. കമന്റുകള്‍ക്ക് നന്ദി... :)

  ReplyDelete
 5. SAYIPPINU AA PERU VEENTHU INGANE ALLA.......................

  ReplyDelete
 6. ആ പേരിനു പിന്നിലെ കഥ ഇങ്ങനെയാണെന്ന് കരുതിയില്ല.. കൊള്ളാം ജിബിനെ.. :) :D

  ReplyDelete