Wednesday, 19 March 2014

വെള്ളയടിച്ച കുഴിമാടങ്ങള്‍

ചോദ്യപ്പേപ്പര്‍ വിവാദത്തില്‍പ്പെട്ട് കോളേജില്‍നിന്ന് പുറത്താക്കപ്പെട്ട പ്രൊഫ. ടി ജെ ജോസഫിന്റെ പത്നി സലോമി ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത കടുത്ത ഞെട്ടലും ദുഖവുമാണ് ഉണ്ടാക്കിയത്. അധ്യാപകന്റെ കൈവെട്ടിയ കേസിന്റെ വിചാരണ നടക്കുന്നു. മതനിന്ദ കേസില്‍ അധ്യാപകന്‍ കുറ്റക്കാരനല്ല എന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

ഇന്ന്, മംഗളം പത്രത്തില്‍ "ഭാര്യ ജീവനൊടുക്കി; വലംകൈയറ്റ ജോസഫിന്റെ നേര്‍പാതിയുമറ്റു" എന്ന തലവാചകത്തില്‍ വന്ന വാര്‍ത്തയനുസരിച്ച്, കോതമംഗലം ബിഷപ്പിന്റെ അനുമതിയോടെയാണ് 28ന് ജോലിയില്‍ തിരികെ പ്രവേശിച്ച് 31ന് വിരമിക്കാം എന്ന ധാരണ മാനേജ്മെന്റുമായി ഉണ്ടാക്കിയത്. പിന്നീട് അഭിഭാഷകന്റെ ഉപദേശപ്രകാരം, നഷ്ടപരിഹാരം കൊടുക്കേണ്ടിവരുമെന്ന ഭയം മൂലം ആ വാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയാണ് ഉണ്ടായത്. ഇതിനെയല്ലേ ഈ വാഗ്ദാനലംഘനം, വിശ്വാസവഞ്ചന എന്നൊക്കെ വിളിക്കുന്നത്? കുറച്ചുകൂടി ലളിതമായിപ്പറഞ്ഞാല്‍ ചതി?

"അവര്‍ ഭാരമുള്ള ചുമടുകള്‍ മഌഷ്യരുടെ ചുമലില്‍ വച്ചുകൊടുക്കുന്നു. സഹായിക്കാന്‍ ചെറുവിരല്‍ അനക്കാന്‍പോലും തയ്യാറാകുന്നുമില്ല." മത്തായി 23-4

ക്രിസ്തീയമായ സഹാനുഭൂതി പ്രസംഗിച്ച് നടക്കുന്നവരില്‍ നിന്ന് അത് ഒരിക്കലും പ്രതീക്ഷിക്കരുത് എന്നത് അല്മായര്‍ക്ക് പലപ്പോഴും അനുഭവമുള്ളതാണ്. അത് കൊണ്ട് അത് പോകട്ടെ, കോടതി വെറുതെവിട്ട കേസില്‍ അധ്യാപകനെ തിരികെയെടുക്കാന്‍ നിയമപരമായി ബാധ്യതയുണ്ടായിരുന്നിട്ടും അത് ചെയ്യാതിരുന്നത് എന്തുകൊണ്ടാണ് ?  ഈയൊരു ചോദ്യത്തിന്റെ ഉത്തരമാണ് നിങ്ങള്‍ നിങ്ങളെ നിലനിര്‍ത്തുന്ന വിശ്വാസികളോട്  പറയേണ്ടത്.

"അവരുടെ പ്രവൃത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്‌. അവര്‍ പറയുന്നു; പ്രവര്‍ത്തിക്കുന്നില്ല."മത്തായി 23 - 3

കോര്‍പ്പറേറ്റ് ക്രിസ്ത്യന്‍ മാനേജ്മെന്റിന്റെ കീഴില്‍ ജോലിചെയ്യുന്ന പതിനായിരക്കണക്കിന്‌ അരക്ഷിതരോടാണ് പൊതുസമൂഹം ഇപ്പോള്‍ സഹതപിക്കേണ്ടത്. നിങ്ങള്‍ക്ക് തുണ നിങ്ങള്‍ മാത്രം. ന്യായമായ തൊഴിലവകാശങ്ങള്‍ നേടിയെടുക്കാന്‍ നിങ്ങള്‍  സംഘടിക്കേണ്ടത് അടിയന്തരമായ ആവശ്യമാണ്‌. അതിനവര്‍ക്ക് പിന്തുണ കൊടുക്കേണ്ടത് വിശ്വാസികളുടെ ക്രിസ്തീയമായ കര്‍ത്തവ്യം തന്നെയാണ്. ഇന്ന് ടി ജെ ജോസഫ് ആണ് കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ ഇര, നാളെ ചിലപ്പോ അത് നിങ്ങളായേക്കാം.

" അങ്ങനെ, നിരപരാധനായ ആബേലിന്‍െറ രക്‌തം മുതല്‍ ദേവാലയത്തിഌം ബലിപീഠത്തിഌം മധ്യേ വച്ചു നിങ്ങള്‍ വധിച്ച ബറാക്കിയായുടെ പുത്രനായ സഖറിയായുടെ രക്‌തംവരെ, ഭൂമിയില്‍ ചൊരിയപ്പെട്ട എല്ലാ നീതിമാന്‍മാരുടെയും രക്‌തം നിങ്ങളുടെമേല്‍ പതിക്കും." മത്തായി 23 - 35

Sunday, 2 March 2014

ഷിപ്പ് ഓഫ് തീസിയസ്

ഇക്കഴിഞ്ഞ വര്‍ഷം, ഇന്ത്യയുടെ സമാന്തര സിനിമാ ലോകത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ച സിനിമയായിരുന്നു ആനന്ദ് ഗാന്ധിയുടെ "ഷിപ്പ് ഓഫ് തീസിയസ്". അടിമുടി ഫിലോസഫിക്കലായ ഈ സിനിമ അതിന്റെ ആശയപരമായ മൗലികതയുടെ പേരില്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നു. നിരവധി അന്താരാഷ്ട്ര സിനിമാമേളകളില്‍ പ്രേക്ഷകരുടെ അളവില്ലാത്ത പ്രശംസ നേടിയ ഈ ചിത്രം പ്രതീക്ഷിച്ചത് പോലെ ബോക്സ് ഓഫീസ് പരാജയമായിരുന്നു. ബോളിവുഡിന്റെ ഫോര്‍മുലയ്ക്ക് അപ്പുറം മറ്റൊന്നും രസിക്കാത്ത വിധം നമ്മുടെ മെയിന്‍സ്ട്രീം സിനിമാപ്രേക്ഷകരുടെ ആസ്വാദനശേഷി ചുരുങ്ങിനില്‍ക്കുന്നു എന്നത് ഇത്തരം സിനിമകളിലൂടെ പരാജയത്തിനു കാരണമാണ്. ഇത്തരം സിനിമകള്‍ വരിവരിയായി പരാജയപ്പെടുമ്പോള്‍, എന്നെങ്കിലും ഈ അവസ്ഥ മാറുമെന്ന നേര്‍ത്ത പ്രത്യാശ മാത്രം ബാക്കിയാകുന്നു. ഡിജിറ്റല്‍  സാങ്കേതിക വിദ്യയിലുള്ള ഛായാഗ്രാഹണവും, മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ തിയേറ്റര്‍ റിലീസിനെ മാത്രം ആശ്രയിക്കുന്ന ശൈലി മാറിയതും മറ്റും ഇന്ത്യയിലെ സമാന്തര സിനിമയ്ക്ക് പുത്തനുണര്‍വ് പകര്‍ന്നിട്ടുണ്ട്. ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകരും അത്തരം ഒരു നീക്കം നടത്തുന്നുണ്ട് - സൗജന്യമായി സിനിമ ഡൌണ്‍ലോഡ്‌ ചെയ്യാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. സിനിമ കണ്ട ശേഷം ഇഷ്ടപ്പെടുന്നപക്ഷം സംഭാവനകള്‍ നല്‍കാം.

"As the planks of Theseus' ship needed repair, it was replaced part by part, upto a point where not a single part from the original ship remained in it anymore. Is it then, still the same ship? I all the discarded parts of the ship are used to build another ship, which, of the two, if any, is the SHIP OF THESEUS?"


തീസിയസ് പാരഡോക്സ് എന്നറിയപ്പെടുന്ന ഫിലോസഫിക്കല്‍ പ്രഹേളിക ഉദ്ധരിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. തെസ്യൂസിന്റെ കേടായ മരക്കപ്പലിന്റെ ഭാഗങ്ങള്‍ ഒന്നൊന്നായി എടുത്തു മാറ്റി പകരം പുതിയവ വച്ചു. അവസാനം എല്ലാ കഷണങ്ങളും ഇതുപോലെ മാറ്റിവച്ചു കഴിഞ്ഞാല്‍ അത് തീസിയസിന്റെ കപ്പല്‍ തന്നെയാണോ?


വളരെ അടിസ്ഥാനപരമായ ഇത് പോലെയുള്ള പല വൈരുധ്യങ്ങളും ചൂണ്ടിക്കാട്ടുന്ന ബൗദ്ധികാനുഭവം ആണ് ഈ സിനിമ. ഇതുവരെ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിട്ടില്ലാത്ത ഒന്ന്. പക്ഷെ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം സിനിമ നല്‍കുന്നില്ല മറിച്ച് ചിന്തിക്കാന്‍ ചില ആശയങ്ങള്‍ മുന്നോട്ട് വെക്കുക മാത്രം.

മൂന്ന്‍ ഉപകഥകളുടെ സമാഹാരമാണ് ഈ സിനിമ.  എല്ലാ കഥകള്‍ക്കും അവയവ ദാനവുമായി ചെറുതല്ലാത്ത ബന്ധമുണ്ട്. അതില്‍ തന്നെ ആദ്യത്തെ കഥയാണ്‌ തീസിയസിന്റെ കപ്പലുമായി ചേര്‍ന്ന് നില്‍ക്കുന്നത്. ആലിയ എന്ന അന്ധയായ ഫോട്ടോഗ്രാഫറുടെ വേഷത്തില്‍ എത്തുന്നത് Aida El Kashsef ആണ്. കേള്‍വിശക്തിയുടെയും സോഫ്റ്റ്‌വെയറിന്റെയും ഭാഗ്യത്തിന്റെയും സഹായത്തോടെ ആലിയ  എടുക്കുന്ന ഫോട്ടോഗ്രാഫുകള്‍ പരക്കെ ശ്രദ്ധിക്കപ്പെടുന്നു. എന്നാല്‍ കോര്‍ണിയ റീപ്ലെയിസ്മെന്റിന് ശേഷം കാഴ്ച ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫി പഴയ പോലെ ആലിയയ്ക്ക് സംതൃപ്തി നല്‍കുന്നില്ല. ഭാഗ്യത്തിന്റെ ആനുകൂല്യം creativity യില്‍ ചെലുത്തിയിരുന്ന ശക്തമായ സ്വാധീനമാണ് ഇവിടെ വെളിവാക്കപ്പെടുന്നത്. എന്നാല്‍ ഈ ഭാഗ്യത്തിന്റെ ആനുകൂല്യം ഉപയോഗിച്ചുള്ള സൃഷ്ടികള്‍ യഥാര്‍ത്ഥത്തില്‍ കലയാണോ എന്നും ഒരു ചിന്താഗതി ഉയര്‍ന്നുവന്നേക്കാം. അതും തള്ളുന്നില്ല. കാഴ്ച്ചയുടെ അഭാവത്തിലുള്ള കലാപ്രവര്‍ത്തനത്തിന്റെ കഥ പറഞ്ഞ ശ്യാമപ്രസാദിന്റെ മലയാള സിനിമ "ആര്‍ട്ടിസ്റ്റ്" ഈയിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

സംവിധായകന്‍ ആനന്ദ് ഗാന്ധി
രണ്ടാമത്തെ കഥ അഭിനേതാക്കളുടെ ശക്തമായ പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്നു. മൃഗങ്ങളിലുള്ള മരുന്നുപരീക്ഷണങ്ങളെയും മരുന്ന് കമ്പനികളുടെ ക്രൂരമായ പരീക്ഷണ ശൈലികളെയും ശക്തമായി എതിര്‍ക്കുന്ന മൈത്രേയന്‍ എന്ന സന്യാസിയുടെ വേഷത്തില്‍ നീരജ് കബി വളരെ സ്വാഭാവിക അഭിനയം കാഴ്ച വയ്ക്കുന്നു. മറ്റൊരു ഘട്ടത്തില്‍ ലിവര്‍ സിറോസിസിന് അടിമപ്പെട്ട് താനിത്രയും കാലം എതിര്‍ത്തിരുന്ന മരുന്ന്കമ്പനികളെ തന്നെ ആശ്രയിക്കേണ്ടുന്ന ഘട്ടം വരുമ്പോള്‍ മൈത്രേയന്‍ അതിന് തയാറാകാതെ സ്വന്തം ആശയങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. ദി മെഷീനിസ്റ്റ് എന്ന ചിത്രത്തിന് വേണ്ടി സ്വന്തം ശരീരഭാരം 46 കിലോ ആക്കിക്കുറച്ച ക്രിസ്ത്യന്‍ ബെയിലിനെ അനുസ്മരിപ്പിക്കുന്ന സമര്‍പ്പണമാണ്‌ നീരജ് കബി നടത്തുന്നത്. അവസാനം ചര്‍വകന്‍ എന്ന യുവഅഭിഭാഷകന്റെ ചില ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടുമ്പോള്‍ മൈത്രേയന്‍ കരള്‍ മാറ്റിവയ്ക്കലിന് സമ്മതിക്കുകയാണ്.

മൂന്നാമത്തെ കഥ മുന്‍കഥകളെ അപേക്ഷിച്ച് കൂടുതല്‍ വലുതാണ്‌. ഏറെ കഥാപാത്രങ്ങള്‍ വന്നുപോകുന്നു. സാമൂഹികമായ പ്രതിബദ്ധത ഏറ്റവും കൂടുതല്‍ പ്രദര്‍ശിപ്പിക്കുന്നതും ഈ സെഗ്മെന്റ് ആണ്. ഒരു ഹ്യൂമര്‍ എലമന്റ് പോലും കടന്നുവരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ സോഹം ഷാ അവതരിപ്പിക്കുന്ന നവീന്‍ എന്ന സ്റ്റോക്ക് ബ്രോക്കര്‍ ആണ് ഇതിലെ കേന്ദ്രബിന്ദു. അപ്പെന്‍ഡിക്സ് ഓപ്പറേഷനിടയില്‍ കിഡ്നി റാക്കറ്റിന്റെ ചൂഷണത്തിന് ഇരയാകേണ്ടിവരുന്ന ശങ്കര്‍ എന്ന തൊഴിലാളിയെ പരിചയപ്പെടുന്ന നവീന്‍ നീതിക്കായി പ്രവര്‍ത്തിക്കുന്നതാണ് ഇതിവൃത്തം. കിഡ്നി സ്വീകരിച്ചയാളെ തേടി സ്ടോക്ക്ഹോമിലെത്തി, അയാളുമായി സംവാദത്തില്‍ വരെ ഏര്‍പ്പെടുന്ന നവീനെ നിസഹായനാക്കിക്കൊണ്ട് ആ തൊഴിലാളി  സായിപ്പിന്റെ പണം സ്വീകരിച്ച് കിഡ്നി കൊടുക്കുന്നിടത്ത് ഈ കഥ അവസാനിക്കുന്നു. 

ചിത്രത്തിന്റെ ക്ലൈമാക്സ് ഈ കേന്ദ്ര കഥാപാത്രങ്ങളുടെ ഒത്തുചേരലിന് വേദിയാകുന്നു.

പങ്കജ് കുമാര്‍ എന്ന ഛായാഗ്രാഹകന്റെ പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ ചിത്രമാണിത്. മുംബൈ മനോഹരമായി സിനിമയിലുടനീളം കാണപ്പെടുന്നു. പല അന്താരാഷ്ട്രമേളകളിലും സിനിമ നേടുന്ന പ്രശംസയുടെ വലിയൊരു ഭാഗം തീര്‍ച്ചയായും പങ്കജ് കുമാറിന് അവകാശപ്പെട്ടതാണ്.

ആദ്യം പറഞ്ഞതുപോലെ ഈ സിനിമ എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തണം എന്നില്ല. എന്ടര്റെയിന്മേന്റ്റിനപ്പുറം കലയ്ക്ക് സ്വന്തമായി ഒരു നിലനില്‍പ്പുണ്ട് എന്ന തോന്നല്‍ ഉള്ളവര്‍ക്ക് ഈ സിനിമ ധൈര്യമായി കാണാം. ക്ഷമയും ബുദ്ധിയും ആവോളം ഉപയോഗിച്ചാല്‍ ഈ സിനിമ ആസ്വദിക്കാം.

മൊത്തത്തില്‍, ചിന്തോദ്ദീപകമായ ഈ മൗലിക കലാസൃഷി കണ്ടിരിക്കേണ്ടത് സിനിമാപ്രേമി എന്ന നിലയില്‍ ഒഴിച്ചുകൂടാനാവാത്തതാണ് എന്ന് മാത്രം പറയട്ടെ.

Friday, 10 January 2014

അലീനാ....

സായിപ്പ്, എന്റെയൊരു മെയിന്‍ കമ്പനിയായിരുന്നു. ഒരേ കോളേജില്‍ പഠിച്ചിരുന്ന, ഒരേ കോളേജ് ബസ്സില്‍ പോയിവന്നിരുന്ന ഒരേ നാട്ടുകാരായ കൂട്ടുകാര്‍.. 

സായിപ്പിന് "സായിപ്പ്" എന്ന പേര് വന്നത്, അവന്‍ വെളുവെളാ വെളുത്തിരുന്നത് കൊണ്ടായിരുന്നില്ല. മറിച്ച്, വെളുവെളുത്ത പെണ്‍കുട്ടികളോട് അവനുള്ള പ്രത്യേക താല്പര്യം 
മൂലമായിരുന്നു. ഈ 'വെളുപ്പ്‌' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മലയാള സിനിമാനടികളുടെ വെളുപ്പല്ല, ഹോളിവുഡ് സിനിമാനടിമാരുടെ കൂട്ട്, നോക്കിയാല്‍ കണ്ണിറുക്കിയടയ്ക്കേണ്ടിവരുന്ന സൈസ് വെളുപ്പ്‌... അതേ... അതുതന്നെ.

ഓവറായി വെളുത്ത ചില പെണ്‍കുട്ടികളെ കാണുമ്പോള്‍, പൂവന് പിടയോട് തോന്നുമ്പോലെ, എന്തോ ഒരു പ്രത്യേക കമ്പം സായിപ്പിന് തോന്നിയിരുന്നു. (ഞങ്ങളതിനെ 'കമ്പം' എന്നല്ല 
വിളിച്ചിരുന്നതെങ്കിലും...) ഏതായാലും, അങ്ങനെ, മദാമ്മമാരേപ്പോലിരുന്ന നാടന്‍ വെളുമ്പിപ്പെണ്ണുങ്ങളോട് തോന്നിയ ആസക്തി, അവനെ " സായിപ്പ് " ആക്കിത്തീര്‍ക്കുകയും അവന്റെ യഥാര്‍ത്ഥ പേര് പലരും മറന്നുപോകുകയും ചെയ്തു.

പറയാനുദ്ദേശിക്കുന്ന സംഭവം നടക്കുന്നത് ഞങ്ങളുടെ രണ്ടാംവര്‍ഷ എന്ജിനീയറിങ്ങ് പഠന(?) കാലത്താണ്. 

ഒന്നാം വര്‍ഷത്തിന്റെ ആദ്യത്തെ ദിവസം തന്നെ, തിരക്കുള്ള കോളേജ് ബസ്സിന്റെ നടുക്കുനിന്ന് ഉച്ചത്തില്‍ "ജനഗണമന അധിനായക..." പാടേണ്ടിവന്നതില്‍പ്പിന്നെ ഞാനധികം കോളേജ് 
ബസ്സില്‍ കേറിയിരുന്നില്ല... രണ്ട് രൂപാ എസ് റ്റി കൊടുത്ത് ലൈന്‍ ബസ്സില്‍ പോയിവന്നു. പക്ഷെ രണ്ടാം കൊല്ലം, പുതിയ പിള്ളാര്‌ വന്നപ്പോഴേക്കും ഞാന്‍ കോളേജ് ബസ്സില്‍ തിരിച്ചെത്തി, അവരെക്കൊണ്ട് "ജനഗണമന..." പാടിക്കാന്‍ തുടങ്ങി.

സായിപ്പിന് റാഗിങ്ങ് വലിയ ഹരമായിരുന്നു. റാഗിങ്ങ് എന്നുവച്ചാല്‍ ദേഹോപദ്രവം ഒന്നൂല്ല... നമുക്ക് കിട്ടിയതിന്റെ പങ്ക് നമ്മള്‍ പുതിയ തലമുറയ്ക്കും മാറുന്നു...അത്രമാത്രം...അതും കൂടിപ്പോയാല്‍ ഒന്നോ രണ്ടോ മാസം. അത് കഴിഞ്ഞാല്‍പ്പിന്നെ യെവന്മാരൊക്കെ തലയില്‍കേറാന്‍ തുടങ്ങും.

ഫസ്റ്റ് ഇയര്‍ അഡ്മിഷന്‍ കഴിഞ്ഞതിന്റെ പിറ്റേദിവസം രാവിലെ കോളേജ് ബസ്സില്‍ വച്ച്, ഏതോ ഒരു പയ്യനോട് ജീന്‍സിട്ട് കോളജില്‍ വരുന്നതിന്റെ ഭവിഷ്യത്തുകള്‍ പറഞ്ഞുമനസ്സിലാക്കിക്കൊണ്ടിരിക്കുകയായിരുന്നു. മണര്‍കാട് വണ്ടി നിര്‍ത്തിയപ്പോള്‍ ഒരു പാട് ന്യൂ അഡ്മിഷന്‍ കിളികള്‍ വണ്ടിയില്‍ കേറിയ കൂട്ടത്തിലാണ്, അവളും വണ്ടിയില്‍ കേറിയത്. "അവള്‍" എന്ന്‍ വച്ചാല്‍ കഥാനായിക. വെളുത്തതെന്നു പറഞ്ഞാല്‍പ്പോര, വെളുവെളുത്ത സുന്ദരി... മണര്‍കാട് നിന്ന് കോളെജിലെത്താനെടുത്ത പതിനാലു മിനിറ്റ് നേരം, സായിപ്പ് അവളെത്തന്നെ നോക്കിയിരുന്നുപോയി.  ആദ്യമായിട്ടാണ് ഒരു പ്രണയം പൊട്ടിവിടരുന്നത് ഞാന്‍ തത്സമയം കാണുന്നത്. 

അന്ന് കോളേജിലെത്തിയ സായിപ്പ്, ക്ലാസില്‍ കേറാതെ കഞ്ചാവടിച്ച കോഴിയെപ്പോലെ ക്യാമ്പസിലങ്ങോളമിങ്ങോളം നടന്നു. ഇതിന് മുമ്പ് ഒരുപാട് വെളുത്ത പെണ്ണുങ്ങളുടെ പുറകെ 
പ്രേമമാണെന്ന് പറഞ്ഞ് നടന്നിട്ടുണ്ടെങ്കിലും, പെണ്ണ് ഒരല്ഭുതമാണെന്നു സായിപ്പിന് തോന്നിയത് ആദ്യമായിട്ടായിരുന്നു. അന്ന് വൈകുന്നേരം മണര്‍കാട് ബസ്സ്റ്റോപ്പില്‍ അവള്‍ ഇറങ്ങിയ സമയത്ത് കോളേജ് ബസ്സിന്റെ സൈഡ് സീറ്റില്‍ വച്ച് സായിപ്പ് തീരുമാനിച്ചു - "മറ്റൊരുത്തനും ഇവളെ വിട്ടുകൊടുക്കൂലാന്ന്; ഈ വെളുത്ത കുട്ടി, എന്റെയാന്ന്..."

പിന്നീടിങ്ങോട്ട് പ്രണയത്തിന്റെ നാളുകള്‍... എങ്ങനെ അവളോട്‌ പറയും എന്ന കണ്ഫ്യൂഷന്‍ തീര്‍ക്കാന്‍ സായിപ്പിന് കഴിയുന്നേയില്ല. എല്ലാ പ്രണയ കഥയിലും ഉള്ളത്പോലെ ഇക്കഥയിലും നായകന് ഒരു മെയിന്‍ ഉപദേഷ്ടാവ് ഉണ്ടായിരുന്നു - ഈ ഞാന്‍ തന്നെ. പക്ഷെ,  പല സിനിമകളിലും കണ്ടിട്ടുള്ള ക്ലീഷേ ഐഡിയകള്‍ ഞാന്‍ ഉപദേശിച്ചുകൊടുത്തെങ്കിലും സായിപ്പ് ഒന്നുകൊണ്ടും അങ്ങ് തൃപ്തനായില്ല. 

അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം വൈകുന്നേരം സായിപ്പ്  ഓടിക്കിതച്ച് എന്റടുത്ത് വന്നിട്ട്, അവന്റെ ഐഡിയ പറയുന്നത്. ആ വെളുത്ത പെണ്‍കുട്ടിയുടെ പേര് "അലീനാ" എന്നാണെന്ന് അവളുടെ ക്ലാസിലെ തന്നെ ഒരു ഫസ്റ്റ് ഇയര്‍ പയ്യന്‍ സായിപ്പിനോട്‌ പറഞ്ഞത്രേ... കേട്ടപാതി സായിപ്പ് വമ്പിച്ച ഒരു പെഴ്സനലൈസ്ഡ് തന്ത്രം മെനഞ്ഞു - ദേവദൂതനിലെ "കരളേ നിന്‍ കൈപിടിച്ചാല്‍..." എന്ന പാട്ട് ആയിരുന്നു അവന്റെ ട്രമ്പ്‌ കാര്‍ഡ്... ആ പാട്ടിന്റെ വരികള്‍ക്കിടയില്‍ "അലീനാ...അലീനാ..." യെന്ന് യേശുദാസ് പാടുന്നുണ്ടത്രേ...

യേശുദാസ് പാടട്ടെ, അതുപോലെ പാടാന്‍ നീ വാ തുറന്നുകഴിഞ്ഞാല്‍, സെറ്റ് ആവുക പോയിട്ട്, എന്താ ഉണ്ടാവുക എന്ന്‍ പ്രവചിക്കുക പോലും അസാധ്യമാണെന്ന് ഞാന്‍ തീര്‍ത്തുപറഞ്ഞു. ആന വാപൊളിക്കുന്ന കണ്ട് ആട് വാപൊളിക്കാമോ എന്നും, ഒരു ഉപദേശകന്‍ എന്ന നിലയില്‍ ഞാനങ്ങ് തട്ടി. പക്ഷെ അവിടെയാണ് അവന്‍ എന്നെ ഞെട്ടിച്ചുകളഞ്ഞത്. ജീത്തു ജോസെഫിന്റെ "ദൃശ്യം" സിനിമ പോലെ flawless ആയ ഒരു പ്ലാന്‍ അവന്‍ എന്നോട് പറഞ്ഞു. അതിങ്ങനെയായിരുന്നു. - കോളേജ് ബസ്സിലേക്ക് ഒരു പുതിയ മ്യൂസിക്ക് സിസ്റ്റം വാങ്ങുക. അതില്‍ യേശുദാസിന്റെ ശബ്ദത്തില്‍, പല തവണ "അലീനാ... " എന്ന വിളി കേള്‍ക്കുമ്പോള്‍ യാദൃശ്ചികതയ്ക്ക് അപ്പുറം എന്തോ ഒന്ന് അതിലുണ്ടെന്നു അവള്‍ക്ക് തോന്നാതിരിക്കില്ല. അവള് ഡ്രൈവര്‍ മധുവണ്ണനോട്‌ ചോദിക്കും. ആരാ, ആ പാട്ടുള്ള പെന്‍ഡ്രൈവ് തന്നതെന്ന്. അപ്പൊ മധുവണ്ണന്‍, ഒരു സുന്ദരനായ ചെറുപ്പക്കാരന്റെ ആത്മാര്‍ത്ഥ പ്രണയത്തെക്കുറിച്ച് അവളോട്‌ പറയും. യേത്?

"പ്ലാന്‍ കുഴപ്പമില്ല. വേണെങ്കി ഇത് വച്ച് ഒരു പാലം വലിക്കാം. പക്ഷെ ഇത് കൊണ്ട് മാത്രം സെറ്റ് ആകുമെന്ന് വിചാരിക്കണ്ട. dramatic ആയിട്ട് ഒരു ഇന്ട്രോഡക്ഷന്‍...അത്രെ ഉള്ളൂ. "

"അത് മതിയെടാ പുല്ലേ... അവിടെനിന്ന് ഞാന്‍ പിടിച്ചുകേറിക്കോളാം..."

"പിന്നെ ആ മധുവണ്ണനെ വിശ്വസിക്കാന്‍ പറ്റൂല്ല... അങ്ങേരുടെ ഇത് വരെയുള്ള സ്വഭാവവും പെരുമാറ്റവും വച്ച് നോക്കിയാല്‍, നിന്നെക്കാളും വലിയ കോഴിയാ അങ്ങേര്..."

"ഏയ്‌...അങ്ങേര് പാവാടാ.."

"അത് തന്നെയല്ല, മ്യൂസിക്ക് സിസ്റ്റം മേടിക്കാനുള്ള പൈസ, നീ നിന്റെ വീട്ടീന്ന് കൊണ്ടുവരുവോ... ഇതൊക്കെ അധികച്ചെലവാ മോനെ..."

മറുപടിയായി സായിപ്പ്, പോക്കറ്റിലിരുന്ന നൂറിന്റെ കുറെ നോട്ടുകള്‍ എടുത്തുകാണിച്ചു.ഒന്നാം വര്‍ഷക്കാരായ ചില പിള്ളാരുടെ ഇടയില്‍ അവന്‍ പിരിവ് നടത്തിയത്രേ...മ്യൂസിക്ക് സിസ്റ്റം മേടിക്കാന്‍... 

അവന്റെ ആത്മാര്‍ഥതയിലും, ആ പ്ലാനിന്റെ feasibility യിലും എനിക്കുണ്ടായിരുന്ന അവസാനത്തെ സംശയവും അതോടുകൂടി ഇല്ലാതായി.

***

രണ്ടാഴ്ച പെണ്‍കുട്ടികളുടെയും ഫസ്റ്റ് ഇയേഴ്സിന്റെയും ഇടയില്‍ കാര്യമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഞങ്ങള്‍ കോളേജ് ബസ്സില്‍ പുതിയ മ്യൂസിക്ക് സിസ്റ്റം സ്ഥാപിച്ചു. "Donated by, first years" എന്നെഴുതി വച്ചില്ലെങ്കിലും, പിന്നീട് ആലോചിച്ചപ്പോള്‍ അങ്ങനെ എഴുതുന്നതായിരുന്നു ശരി എന്നെനിക്ക് തോന്നി. 

തലേദിവസം രാത്രി വൈകി, പെന്‍ഡ്രൈവില്‍ "അലീന"യെ കോപ്പി ചെയ്യുമ്പോള്‍, പിറ്റേന്ന് ഒരു ചരിത്രദിവസമായിരിക്കും എന്നെനിക്ക് തോന്നിയിരുന്നു. മണര്‍കാട് മുതല്‍ കോളേജ് വരെയുള്ള പതിനഞ്ച് മിനിറ്റ് നേരത്തിനുള്ളില്‍ "അലീനാ.." പ്ലേ ചെയ്യുംവിധം ഞങ്ങള്‍ പാട്ടുകള്‍ അറേഞ്ച് ചെയ്തു. അങ്ങനെ, കാത്തിരുന്ന ദിവസമെത്തി. 

മണര്‍കാട്ട് എത്തുംവരെ, മധുവണ്ണന്‍ ഇടയ്ക്കിടെ സായിപ്പിനെ നോക്കി,  മോഹന്‍ലാല്‍ സ്റ്റൈലില്‍ ചിരിച്ചുകൊണ്ടിരുന്നു. യാതൊരു ടെന്‍ഷനും ഇല്ലെന്ന വ്യാജേന, സായിപ്പ് ഒരു മൊബൈലില്‍ നോക്കിക്കൊണ്ട് ഇരുന്നു. അങ്ങനെ കാത്തിരുന്ന മണര്‍കാട് ജംക്ഷന്‍ എത്തി. വെളുമ്പിപ്പെണ്ണ് ബസ്സില്‍കേറി. സായിപ്പിന്റെ മുഖം ചുവന്നു.

എരുമപ്പെട്ടിയിലെത്തിയപ്പോള്‍ യേശുദാസ് ഹമ്മിംഗ് പാടാന്‍ തുടങ്ങി. വണ്ടിയോടിക്കുന്നതിനിടെ ഏറുകണ്ണിട്ട് മധുവണ്ണന്‍ സായിപ്പിനെ നോക്കി. സായിപ്പ് കുനിഞ്ഞിരുന്നു. ഞാന്‍ വെളുമ്പിപ്പെണ്ണിന്റെ റിയാക്ഷന്‍ പഠിക്കുകയായിരുന്നു. ഭാവഭേദമൊന്നുമില്ല....

 "അലീനാ......" വരട്ടെ..... അപ്പൊ കാണാം കളി.

അങ്ങനെ കാത്തു കാത്തിരുന്ന നിമിഷം വന്നെത്തി. യേശുദാസ് " അലീനാ... " പാടിത്തുടങ്ങി. സായിപ്പ് തല പൊന്തിച്ചുനോക്കി. മധുവണ്ണന്‍, റോഡില്‍ നോക്കുന്നതിനു പകരം, വണ്ടിക്കകത്ത് നോക്കി വണ്ടിയോടിക്കാന്‍ തുടങ്ങി. ഞാന്‍ സീറ്റില്‍നിന്ന് എഴുന്നേറ്റുനിന്ന് നോക്കി. (ഇരുന്നിട്ട് ഇരിപ്പുറച്ചില്ല...)

ഇല്ല... ഒന്നും സംഭവിക്കുന്നില്ല... അലീനയുടെ മുഖത്ത് ഭാവഭേദമൊന്നുമില്ല...കൂടെയിരുന്ന, ചുരുണ്ട മുടിയുള്ള കറുത്ത കുട്ടിയോട് എന്തോ പറഞ്ഞ് ചിരിച്ചുകൊണ്ടിരിക്കുന്നു.

ഞാന്‍ തിരിച്ചുസീറ്റില്‍തന്നെയിരുന്നു.  'അപ്പഴേ പറഞ്ഞതല്ലേ' എന്ന മട്ടില്‍ മധുവണ്ണന്‍ തല വെട്ടിച്ച് റോഡിലേക്ക് നോക്കി വണ്ടിയോടിക്കാന്‍ തുടങ്ങി. എന്നാലും അവളെന്തേ മൈന്‍ഡ് ചെയ്യാഞ്ഞത്?

അന്ന് വൈകിട്ടും യേശുദാസ് " അലീനാ.." പാടി. അവള്‍ക്ക് ഭാവവ്യത്യാസമൊന്നും ഉണ്ടായില്ല. പിറ്റേന്ന് രാവിലെയും ഇതേ കലാപരിപാടി ആവര്‍ത്തിച്ചു. രണ്ടു ദിവസത്തിനുള്ളില്‍, ഇങ്ങനെയൊരു പ്ലാന്‍ ഉണ്ടായിരുന്ന കാര്യം പോലും ഞാന്‍ മറന്നുതുടങ്ങിയിരുന്നു. ഇങ്ങനെയൊരു കൂതറ ഓള്‍ഡ്‌ ജനറേഷന്‍ നമ്പര് കൊണ്ടൊന്നും ഇപ്പൊ പെണ്‍കുട്ടികള് തിരിഞ്ഞു നോക്കില്ല എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു.

പക്ഷെ സായിപ്പ് മറന്നില്ല. അവന് മറക്കാന്‍ പറ്റുമായിരുന്നില്ല.എന്ത് കൊണ്ട് പ്ലാന്‍ പരാജയപ്പെട്ടു എന്നതിന് ഉത്തരം തേടി അവന്‍ നടന്നു.

***

രണ്ടാഴ്ച കഴിയുംമുമ്പേ സായിപ്പ്, ആ ഉത്തരം കണ്ടുപിടിച്ചു... അവളുടെ പേര് "അലീന" എന്നല്ലായിരുന്നു...  പിന്നെങ്ങനെ അവള്‍ക്ക് "അലീന " എന്ന്‍ പേര് വന്നു? അതിനുള്ള ഉത്തരം രണ്ടാണ് - 

അകിരാ കുറസോവയുടെ റാഷമോണ്‍ ഇഫക്റ്റ് പോലെ, സത്യമെന്താണെന്ന് നിശ്ചയമില്ലാത്തതിനാല്‍ കഥയുടെ രണ്ട് വേര്‍ഷനും ഞാന്‍ എഴുതുകയാണ്.

സായിപ്പ് പറയുന്നത് -   വെളുമ്പിപ്പെണ്ണിന്റെ കൂടെ പഠിക്കുന്ന ആ ഫസ്റ്റ് ഇയര്‍ പയ്യനോട്‌ അവളുടെ പേരെന്താന്നു ചോദിച്ചപ്പോള്‍, സായിപ്പിനെ കുടുക്കാന്‍ വേണ്ടി മനപ്പൂര്‍വം ഗൂഡാലോചന നടത്തി അവന്‍ പേര് തെറ്റിച്ചുപറഞ്ഞു  എന്നാണ്. 

ആ പയ്യന്‍ പറയുന്നത് -  ആ വെളുത്ത പെണ്ണിന്റെ പേരെന്താണെന്ന് സായിപ്പ് ചോദിച്ചപ്പോ "അറീല്ലാ..." എന്നാണ് അവന്‍ പറഞ്ഞതെന്നും അത് "അലീനാ..." എന്നാണെന്ന് തെറ്റിദ്ധരിച്ച സായിപ്പാണ്‌ എല്ലാ പ്രശ്നവും ഉണ്ടാക്കിയതെന്നുമാണ്.

പയ്യന്റെ കഥ കൂടുതല്‍ വിശ്വാസയോഗ്യമാണെന്ന് തോന്നിയെങ്കിലും ഞാനത് സായിപ്പിനോട്‌ പറഞ്ഞില്ല. 

***

പക്ഷെ സായിപ്പിന്റെ പ്രണയകഥ രണ്ടു ദിവസം കൊണ്ട് കോളേജ് മുഴുവന്‍ അറിഞ്ഞു.

 അങ്ങനെ കഥയറിഞ്ഞ കഥാനായികയ്ക്ക് സിമ്പതി തോന്നി സായിപ്പുമായി കഠിനപ്രണയത്തിലായി എന്നൊക്കെ എഴുതണമെങ്കില്‍ എനിക്ക് തലയ്ക്ക് ഓളമായിരിക്കണം....*****

P.S. കഥയില്‍ ഫസ്റ്റ് പേഴ്സണ്‍ ആണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും ആ "ഞാന്‍" ഞാനല്ല... എന്റെ മറ്റൊരു സുഹൃത്താണ്...  http://helloansal.blogspot.in/