Thursday, 19 December 2013

നമുക്ക് പാര്‍ക്കാന്‍ പ്രതിമത്തോട്ടങ്ങള്‍ഇന്ത്യന്‍ യൂണിയന്റെ ശില്പി മഹാനായ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ 182 അടി ഉയരമുള്ള ശില്‍പ്പം ഗുജറാത്തില്‍ 2000 കോടി രൂപ മുതല്‍മുടക്കില്‍ ഉയരുകയാണ്. രാജ്യവ്യാപകമായി അതിനുവേണ്ടി  പ്രചാരണ പരിപാടികളും ഭാജപാ നടത്തുന്നു. കോണ്ഗ്രസിന് നെഹ്‌റു എന്നത് പോലെ ഭാജപായ്ക്ക്  സ്വാതന്ത്ര്യ സമരത്തില്‍ നേരിട്ട് ഒരു പൈതൃകം അവകാശപ്പെടാനില്ല. അത്തരം ഒരു പൈതൃകത്തിന്റെ തോളിലേറി ഇന്നും രാജവാഴ്ചയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ കോണ്ഗ്രസ് ഭരണം നടത്തിവരുന്നത് കാണുമ്പോള്‍, നമുക്കും അങ്ങനെയൊരാള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഭാജപായ്ക്ക് തോന്നിയതില്‍ അത്ഭുതപ്പെടാനില്ല. അതുകൊണ്ടാവണം അവര്‍ ചരിത്ര നിര്‍മിതി എന്ന ശ്രമകരമായ ദൗത്യത്തിലേക്ക് കടന്നത്. പട്ടേലും നെഹ്രുവുമായി ഉണ്ടായിരുന്നതായി പറയപ്പെടുന്ന അഭിപ്രായവ്യത്യാസങ്ങള്‍ മുതലെടുത്ത്‌ പല വ്യാഖ്യാനങ്ങളും നല്‍കി, നെഹ്രുവും പട്ടേലും ശത്രുക്കളായിരുന്നു എന്ന നിലയില്‍ വരെ പ്രചാരണങ്ങള്‍ എത്തി. നെഹ്‌റു, വല്ലഭ്ഭായി പട്ടേലിന്റെ സംസ്കാരച്ചടങ്ങുകളില്‍ സംബന്ധിച്ചില്ല എന്നൊരു പ്രചാരണം ഇടക്കാലത്ത് അഴിച്ചുവിട്ടെങ്കിലും ഫോട്ടോയടക്കമുള്ള തെളിവുകള്‍ പുറത്തുവന്നതോട് കൂടി അത് പൊളിഞ്ഞു. അവസാനം, പട്ടേല്‍ മരണം വരെ കോണ്ഗ്രസ്സുകാരനായിരുന്നു എന്ന് മന്‍മോഹന്‍ സിംഗിനെ ക്കൊണ്ട് പറയിക്കുന്നിടം വരെയെത്തി കാര്യങ്ങള്‍. എന്തായാലും പ്രതിമാ നിര്‍മാണം കൊഴുക്കുകയാണ്.

ഇതൊക്കെ കഴിഞ്ഞപ്പോഴാണ് മറ്റൊരു വാര്‍ത്ത വരുന്നത്. യു. പി മുഖ്യമന്ത്രി സര്‍വശ്രീ അഖിലേഷ് യാദവ് ജി ഉത്തര്‍പ്രദേശിലെ കുഷിനഗരത്തില്‍ 200 അടി ഉയരമുള്ള ബുദ്ധപ്രതിമയ്ക്ക് തറക്കല്ലിടാന്‍ പോകുന്നത്രേ. അവിടുത്തെ ഭാജപാ നേതാക്കളും ഒഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളും ശക്തമായി ഇതിനെ എതിര്‍ക്കുന്നുണ്ട്. എങ്കിലും നമുക്ക് വലുത് പ്രതിമയല്ലേ.1991ല്‍ സ്ഥാപിതമായ മൈത്രേയ ട്രസ്റ്റ്, ആദ്യം 500 അടി ഉയരമാണ് ഉദ്ദേശിച്ചിരുന്നതത്രേ. പിന്നീട് അത് 150 ലേക്ക് ചുരുങ്ങി. ഇപ്പൊ ദാ വീണ്ടും 200 അടിയായി. ഉത്തരപ്രദേശം പണ്ട് മുതലേ പ്രതിമകളുടെ കാര്യത്തില്‍ ഫേമസ് ആണ്. ചില പ്രതിമകളൊക്കെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് മൂടിയിടേണ്ടുന്ന സ്ഥിതി വരെ ഉണ്ടായി. എങ്കിലും ഇപ്പോഴും പ്രതിമകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ പ്രതിമകളുടെയും ശില്‍പ്പികളുടെയും പൂക്കാലമാണ്.

ചില ദോഷൈകദൃക്കുകള്‍ പറയുന്നത് കോണ്ഗ്രസ്, ഇനി ഡല്‍ഹിയില്‍ ഗാന്ധിയുടെയോ നെഹ്രുവിന്റെയോ പ്രതിമ 250 അടി ഉയരത്തില്‍ പണിതേക്കാം എന്നാണ്. ആന്ധ്രാ പ്രദേശ്‌ എന്‍ ടി ആറിന്റെയും തമിഴ്‌നാട്‌ എം ജി ആറിന്റെയും പ്രതിമകള്‍ അതിലും ഉയരത്തില്‍ പണിതേക്കാം. രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമ ബംഗാളും പണിതേക്കാം. അതുകഴിയുമ്പോ ഇതെല്ലാം കണ്ടു കേരളവും ചിലപ്പോ ശ്രീനാരായണഗുരുവിന്റെയോ കേരളം സൃഷ്ടിച്ച പരശുരാമന്റെ തന്നെയോ  പ്രതിമ പണിയാന്‍ ശ്രമിച്ചേക്കാം. ഓരോ തവണയും പ്രതിമകള്‍ക്ക് ഉയരം കൂടിക്കൂടി അവസാനം സ്വര്‍ഗ്ഗം മുട്ടട്ടെ എന്ന് നമുക്ക് ആശംസിക്കാം.


ജീവനുള്ള മനുഷ്യരേക്കാള്‍ ജീവനില്ലാത്ത പ്രതിമകള്‍ നമ്മില്‍ സ്വാധീനം ചെലുത്തുന്നു. ഇതെല്ലാം ആളെപ്പറ്റിക്കാനുള്ള ഒരു പ്രത്യേക തരം രാഷ്ട്രീയമാണെന്ന് നമ്മള്‍ മനസ്സിലാക്കുന്നില്ലല്ലോ എന്നതിലാണ് വിഷമം. കോടികള്‍ മുടക്കി ഇത്തരം പ്രതിമകള്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുമ്പോള്‍ അത് കൊണ്ട് ആര്‍ക്കെന്ത് പ്രയോജനമെന്ന് ചിന്തിക്കാതെ ടൂറിസം എന്നൊരു മുടന്തന്‍ ന്യായം പറഞ്ഞ് നാം തടിതപ്പുന്നു. പഴയകാല നേതാക്കളെയും അവരുടെ ആശയങ്ങളെയും ഓര്‍ക്കാനുള്ള കെല്‍പ്പ് നശിച്ചുപോയ ഒരു സമൂഹത്തിന്റെ ബുദ്ധിക്കും ഭാവനയ്ക്കുമെതിരെയുള്ള വെല്ലുവിളിയായാണ് ഈ ബിംബങ്ങള്‍ പണിതുയര്‍ത്തപ്പെടുന്നത്.
"നമുക്ക്  ഉത്തര്‍പ്രദേശിലോ ഗുജറാത്തിലോ ചെന്ന് രാപ്പാര്‍ക്കാം. അതികാലത്തെഴുന്നേറ്റു പ്രതിമത്തോട്ടങ്ങളില്‍ പോയി പ്രതിമകള്‍ വാ തുറക്കുന്നുണ്ടോയെന്നും പ്രതിമകളില്‍ കാക്ക തൂറിയോയെന്നും ചെന്ന്  നോക്കാം. അവിടെ വച്ച് നിനക്ക് ഞാനെന്‍റെ ഇന്ത്യയെ കാട്ടിത്തരും..."


 5 comments:

 1. I share the same view :)

  ReplyDelete
 2. ഉയരം കൂടുന്തോറും ചിലരുടെ പോക്കറ്റ് കനക്കും, നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കും

  ReplyDelete
 3. പാര്‍ലമെന്റില്‍ അയ്യങ്കാളിയുടെ പ്രതിമ പണിയുന്നു..

  നമുക്ക് ദില്ലിയില്‍ ചെന്ന്‍ രാപാര്‍ക്കാം.. അതികാലത്തെഴുന്നേറ്റ് പാര്‍ലമെന്റില്‍ പോയി പ്രതിമപണി എവിടെ വരെയായി എന്ന്‍ നോക്കാം.. അവിടെ വെച്ച് തലപ്പാവ് ധരിച്ച ജീവനുള്ള പ്രതിമയെ നിനക്ക് ഞാന്‍ കാട്ടിത്തരും..

  ReplyDelete
 4. "നമുക്ക് ഉത്തര്‍പ്രദേശിലോ ഗുജറാത്തിലോ ചെന്ന് രാപ്പാര്‍ക്കാം. അതികാലത്തെഴുന്നേറ്റു പ്രതിമത്തോട്ടങ്ങളില്‍ പോയി പ്രതിമകള്‍ വാ തുറക്കുന്നുണ്ടോയെന്നും പ്രതിമകളില്‍ കാക്ക തൂറിയോയെന്നും ചെന്ന് നോക്കാം. അവിടെ വച്ച് നിനക്ക് ഞാനെന്‍റെ ഇന്ത്യയെ കാട്ടിത്തരും..."

  Narimark

  ReplyDelete