Monday, 28 October 2013

സാറേ... ഹെല്‍മെറ്റ്‌....


സര്‍ ,

വളരെയധികം ആത്മഹര്‍ഷത്തോടെയാണ് ഈ കത്ത് ഞാന്‍ എഴുതുന്നത്.
ബൈക്കിനു പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് സാറ് പ്രഖ്യാപിച്ച വാര്‍ത്ത ഞാന്‍ കേട്ടു....കലക്കി സാറേ കലക്കി...

അവന്മാര്‍ക്കൊക്കെ അങ്ങനെ തന്നെ വേണം. ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്കിക്കഴിഞ്ഞാല്‍ പിന്നെ അമാന്തം പാടില്ല.. ആരെങ്കിലും ഹെല്‍മെറ്റ്‌ ധരിക്കാതെ റോഡിലിറങ്ങുന്നുണ്ടോ എന്ന്‍ സദാ നിരീക്ഷിക്കണം... പോലീസ് സേനയുടെ മുഴുവന്‍ ശ്രദ്ധയും ഈ ഒരു കാര്യത്തിലേക്ക് മാത്രമാക്കി പരിമിതപ്പെടുത്തണം. ഹെല്‍മെറ്റ്‌ ഇല്ലാതെ യാത്ര ചെയ്യുന്ന ഇത്തരം കൊടും കുറ്റവാളികളെയൊക്കെ ഒന്നൊഴിയാതെ, ഓടിച്ചിട്ട് പിടിച്ച് അറസ്റ്റ് ചെയ്യണം... ലോക്കപ്പിലിട്ട് ഇടിക്കണം.. ലോക്കപ്പില്‍ സ്ഥലമില്ലെങ്കില്‍, ഇപ്പോഴവിടെ സ്ഥിരതാമസമാക്കിയിരിക്കുന്ന കള്ളന്മാരെയും കൊലപാതകികളെയും തുറന്നു വിടണം...എന്നിട്ട് യെവന്മാരെക്കൊണ്ട്  ലോക്കപ്പ് നിറയ്ക്കണം... എന്നാലേ അവന്മാരൊക്കെ പഠിക്കൂ...

വാഹനാപകടം ഉണ്ടാകുന്നത് ഹെല്‍മറ്റ് ധരിക്കാത്തത് കൊണ്ടാണോ എന്നും  റോഡ്‌ നന്നാക്കാത്തതു മൂലം കുഴിയില്‍ ചാടി അപകടം ഉണ്ടാകുന്നതിന് ഗവണ്മെന്റ് ഉത്തരവാദിയല്ലേ എന്നുമൊക്കെ ചോദിക്കുന്ന ബൂര്‍ഷ്വകള്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ട്.. അവന്മാര് വായടച്ചില്ലായെന്നു കണ്ടാല്‍ അവരെയും ലോക്കപ്പിലിട്ട് ചതയ്ക്കണം സര്‍....ചതയ്ക്കണം...

ജനങ്ങളുടെ ജീവന്റെ കാര്യത്തില്‍ ഈ ഗവണ്മെന്റ് പുലര്‍ത്തുന്ന "സുതാര്യ"മായ... ആത്മാര്‍ഥമായ സമീപനം ഈ രാജ്യത്തിനൊന്നാകെ മാതൃകയാണ് സര്‍ ...ഇതൊരു തുടക്കം മാത്രം ആകട്ടെയെന്നും ഞാന്‍ ആശംസിക്കുകയാണ്...പടിപടിയായി സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്കണം സര്‍..അവരുടെയും ജീവന്‍ വിലപ്പെട്ടതല്ലേ..

അതുപോലെ തന്നെ, ഇന്നലെ, കേരളത്തിന്റെ മുഖ്യമന്ത്രിക്ക് കല്ലേറ് കിട്ടിയ സ്ഥിതിക്ക് ഒട്ടും സമയം കളയാതെ മന്ത്രിമാര്‍ക്കും ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്കണം സര്‍. ഹെല്‍മെറ്റ്‌ ധരിച്ചാല്‍ പിന്നെ കല്ലേറ് കിട്ടിയാലും ഒരു കുഴപ്പവുമില്ലല്ലോ.. അല്ലെങ്കില്‍ എന്തിനു മന്ത്രിമാര്‍ക്ക് മാത്രമാക്കുന്നു... എല്ലാവര്‍ക്കും നിര്‍ബന്ധമാക്കിക്കൂടെ....കേരളത്തിലുള്ള ജനങ്ങളെല്ലാം ഹെല്‍മെറ്റ്‌ ധരിച്ചുകൊണ്ടങ്ങനെ നടക്കട്ടെ... പിന്നെ ഒരു പ്രശ്നവുമുണ്ടാകില്ല....  കല്ലേറ് കിട്ടിയാലോ, തലയില്‍ തേങ്ങാ വീണാലോ, കെട്ടിടം പൊളിഞ്ഞുവീണാലോ തലയ്ക്ക് അടി കിട്ടിയാലോ എന്തിനധികം പറയുന്നു, ആകാശം ഇടിഞ്ഞുവീണാല്പ്പോലും  ഒന്നും പേടിക്കാനില്ല.....ഹെല്‍മെറ്റില്ലാതെ ഒറ്റയൊരുത്തന്‍ പോലും വീടിന്റെ പടിക്ക് പുറത്തിറങ്ങരുത്...

എത്രയുംവേഗം എന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് എന്നെ ധൃതംഗപുളകിതനാക്കുമെന്നു  പ്രതീക്ഷിക്കുന്നു..

അങ്ങയുടെ എളിയ ഒരാരാധകന്‍...

(ഒപ്പ്)

P.S. ജനങ്ങളുടെ ജീവനെപ്രതി ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍, അതേ കാരണത്താല്‍ എന്തുകൊണ്ട് മദ്യം നിരോധിക്കുന്നില്ലായെന്ന് എന്റെയൊരു സുഹൃത്ത് ഇന്നലെ എന്നോട് ചോദിച്ചു. അവന്റെ അഡ്രസ് ചുവടെ ചേര്‍ക്കുന്നു.... വേണ്ടത് ചെയ്യുമല്ലോ....


**************
The content published above is strictly the personal opinion of the author... The author acknowledges the fact that many readers may differ. But kindly bear with me so that I can complete my quota of one blog post per month...

16 comments:

 1. അല്ലെങ്കില്‍ എന്തിനു മന്ത്രിമാര്‍ക്ക് മാത്രമാക്കുന്നു... എല്ലാവര്‍ക്കും നിര്‍ബന്ധമാക്കിക്കൂടെ....കേരളത്തിലുള്ള ജനങ്ങളെല്ലാം ഹെല്‍മെറ്റ്‌ ധരിച്ചുകൊണ്ടങ്ങനെ നടക്കട്ടെ... പിന്നെ ഒരു പ്രശ്നവുമുണ്ടാകില്ല.... കല്ലേറ് കിട്ടിയാലോ, തലയില്‍ തേങ്ങാ വീണാലോ, കെട്ടിടം പൊളിഞ്ഞുവീണാലോ തലയ്ക്ക് അടി കിട്ടിയാലോ എന്തിനധികം പറയുന്നു, ആകാശം ഇടിഞ്ഞുവീണാല്പ്പോലും ഒന്നും പേടിക്കാനില്ല.....ഹെല്‍മെറ്റില്ലാതെ ഒറ്റയൊരുത്തന്‍ പോലും വീടിന്റെ പടിക്ക് പുറത്തിറങ്ങരുത്...

  ഹ ഹ ഹ 
  കാര്യമൊക്കെ ശരിയാ
  പക്ഷെ വണ്ടി ഓടിക്കുമ്പോൾ ഒരു ഹെല്മെറ്റ് തലയിൽ ഉള്ളത് നല്ലതാ കേട്ടൊ.

  നമ്മുടെ ശരീരം പടച്ചോൻ ഉണ്ടാക്കിയത് സാധാരണ നടക്കുമ്പൊഴൊ  ഓടുമ്പൊഴൊ ഒക്കെ വീണാൽ പ്രശ്നം വലിയതായുണ്ടാകാത്ത രീതിയിലാ

  അല്ലാതെ 40 -60 -80 കിലോമീറ്റർ സ്പീഡിൽ ഇടിക്കാനല്ല

  ReplyDelete
  Replies
  1. @ഇന്‍ഡ്യാഹെറിറ്റേജ് : കമന്റിനു നന്ദി....
   അത് ശരിയാണ്..... ഞാന്‍ സമ്മതിക്കുന്നു...
   ബട്ട്‌ ... ഈ പുറകില്‍ ഇരിക്കുന്നവര്‍ക്കും 'നിര്‍ബന്ധമാക്കുന്നു' എന്ന്‍ കേള്‍ക്കുമ്പോ എന്തോ ഒരു അസ്കിത.... അതുകൊണ്ട് എഴുതിയതാ...ഹെല്‍മറ്റ് വെക്കുന്നത് നല്ലതാണ്. പക്ഷെ റിസ്ക്‌ ആണെന്ന പൂര്‍ണ ബോധ്യമുണ്ടെങ്കിലും വെക്കണോ വേണ്ടയോ എന്ന തീരുമാനം ഓരോ വ്യക്തിക്കും വിട്ടുകൊടുക്കണം എന്നാണ് എന്റെ അഭിപ്രായം. അവനവന്റെ കാര്യം അവനവന്‍ തീരുമാനിക്കട്ടെ..(മറ്റാര്‍ക്കും ശല്യമുണ്ടാക്കാത്തിടത്തോളം...)
   My personal opinion only...
   Anyway, thanks for commenting here... :)

   Delete
  2. "റിസ്ക് ആണെന്ന് പൂർണ്ണ ബോദ്ധ്യം ഉണ്ടെങ്കിലും---"

   അപകടം പറ്റിയവർ  അങ്ങ് ചത്ത് പോയാൽ വല്യ പ്രശ്നം ഇല്ല. അന്നേരത്തെ പ്രശ്നം മാത്രം 

   പക്ഷെ ചാകാതെ കിടന്ന് നരകിച്ചാൽ അതിന് ബന്ധുക്കൾ കൂടി അനുഭവിക്കേണ്ടി വരും.

   വെറുതെ അവരെ ബുദ്ധിമുട്ടികാതിരിക്കുന്നതല്ലെ നല്ലത്?

   Delete
  3. I respect your opinion but beg to differ..
   ഒരു വാദത്തിനു വേണ്ടി പറയുന്നതാണ് എന്നു വിചാരിക്കരുത്.. :)
   അങ്ങനെയെങ്കില്‍ ഗവണ്മെന്റ്നു അഡ്വെഞ്ചര്‍ സ്പോര്‍ട്സ് നിരോധിക്കേണ്ടിവരില്ലേ....

   any way, once again, thanks for commenting here...

   Delete
  4. ഞാൻ സർക്കാരിനു വേണ്ടി അല്ല പറഞ്ഞത്.

    അവനവനു വേണ്ടിയാണ്.

    അഥവാ ഒരപകടം ഉണ്ടായി - മരിച്ചില്ല ദീർഘകാലം തളർന്ന് കിടപ്പിലായി എന്ന് വിചാരിക്കുക

   അപകടത്തിൽ പെട്ടയാൾ മാത്രമല്ല അയാളുടെ കുടുംബം മുഴുവൻ തകരില്ലെ?

   ചികിൽസ എന്നത് സൗജന്യം അല്ലല്ലൊ

   കുടൂംബം വിറ്റാണെങ്കിലും രക്ഷിക്കാം എന്ന് പ്രതീക്ഷിക്കില്ലെ?

   Delete
  5. ഞാന്‍ ഹെല്‍മെറ്റ്‌ വിരുദ്ധനാണെന്നോ ഹെല്‍മെറ്റ്‌ ധരിക്കാറില്ലെന്നോ കരുതരുത്... ഹെല്‍മെറ്റ്‌ ധരിക്കുന്നത് നല്ലതാണെന്ന പൂര്‍ണ ബോധ്യവുമുണ്ട്...പക്ഷെ ഇത്തരമൊരു കാര്യം നിയമം മൂലം അടിച്ചേല്പിക്കാന്‍ ഗവെര്‍ന്മെന്റിനു അധികാരമില്ല എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അതാണ് ഞാന്‍ പോസ്റ്റിലൂടെ ഉദ്ദേശിച്ചതും.

   വീണ്ടും.... കമന്റിനു നന്ദി....

   Delete
 2. ബൈക്ക് ഓടിയ്ക്കുന്നവര്‍ക്കും പുറകിലിരിയ്ക്കുന്നവര്‍ക്കും ഹെല്‍മറ്റ് വേണമെന്നുള്ളത് ശരിയായ നിയമം ആണ്.

  ReplyDelete
  Replies
  1. കമന്റിനു നന്ദി അജിത്തേട്ടാ... I respect your opinion.

   Delete
  2. ഇത്ര കാലം പുറകിൽ ഇരിക്കുന്നവര്ക്ക് ഹെൽമെറ്റ്‌ വേണം എന്നൊരു അഭിപ്രായം എനിക്കില്ലാരുന്നു.. പക്ഷേ ഒരാഴ്ച മുന്പ് ഞാനൊരു ബൈക്ക്ന്റെ പുറകീന്ന് വീണു.. തല ഇടിച്ചു തന്നെ.. എന്തോ ഭാഗ്യം കൊണ്ട് രക്ഷ പെട്ടു.. അതോടെ അഭിപ്രായം മാറി.. എന്നാലും എല്ലാവരും ഞങ്ങള്ക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാവട്ടെ അപ്പൊ വെച്ചോളാം എന്ന് പറയരുതല്ലോ.. ;)

   Delete
 3. ഇരുചക്രവാഹനങ്ങളുടെ പിറകിലിരുന്ന് യാത്ര ചെയ്യുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കണം.ഇതിനായി നിയമം കൊണ്ട് വരിക.സൈക്കിളിൽ യാത്ര ചെയ്യുന്നവർക്കും ഹെല്‍മെറ്റ്‌ ആവശ്യമാണ്.സാധാരണക്കാരും ഇടത്തരക്കാരും ആണ് കൂടുതലും ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നത് .സമ്പന്നൻമാർ സഞ്ചരിക്കുന്നത് തീർച്ചയായും കാറുകളിൽ തന്നെ. ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ അപകടത്തിൽപെട്ടാൽ /മരണമടഞ്ഞാൽ തരുന്നത് ഒരു കുടുംബം മുഴുവനുമാണ് . സ്റ്റേറ്റിന്റെ കടമയാണ് പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്കുക എന്നത്. സർക്കാർ ധിരമായി മുന്നോട്ടു പോകുക.http://malayalatthanima.blogspot.in/2013/10/blog-post_9054.html

  ReplyDelete
 4. I dont want to wear dress.. I guess it is not hurting you. is that correct?

  when you are living in a society, you will have to follow some rules made for them. there is no question of of it is hurting some one else or not!

  if all are thinking the way you mentioned, we shouldn;t have rules itself...

  ReplyDelete
  Replies
  1. മിടൂക്കന്മാർ രണ്ട് പേർ യാത്ര ചെയ്യുന്നു രണ്ട് പേർക്കും ഹെല്‌മെറ്റ് ഉണ്ട്

   ഇത്ര പോരെ? പെട്ടെന്ന് കണ്ടപ്പോൾ മൊബൈൽ ഉപയോഗിച്ച് വണ്ടിക്കകത്ത് നിന്ന് എടുത്ത പടം ആണ് അതിന്റെ കുറവ് ക്ഷമിക്കുക

   Delete
  2. Somebody streaking in the road can really hurt the mental feelings of the public.

   By the way, I am afraid, you didn't get my point.
   I use helmet. But my point is, you cant make some things mandatory.
   People have awareness about the need of helmet. And hence there is no need to make it a punishable offence.

   Anyway thanks for commenting here... :)

   Delete