Thursday, 19 December 2013

നമുക്ക് പാര്‍ക്കാന്‍ പ്രതിമത്തോട്ടങ്ങള്‍ഇന്ത്യന്‍ യൂണിയന്റെ ശില്പി മഹാനായ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ 182 അടി ഉയരമുള്ള ശില്‍പ്പം ഗുജറാത്തില്‍ 2000 കോടി രൂപ മുതല്‍മുടക്കില്‍ ഉയരുകയാണ്. രാജ്യവ്യാപകമായി അതിനുവേണ്ടി  പ്രചാരണ പരിപാടികളും ഭാജപാ നടത്തുന്നു. കോണ്ഗ്രസിന് നെഹ്‌റു എന്നത് പോലെ ഭാജപായ്ക്ക്  സ്വാതന്ത്ര്യ സമരത്തില്‍ നേരിട്ട് ഒരു പൈതൃകം അവകാശപ്പെടാനില്ല. അത്തരം ഒരു പൈതൃകത്തിന്റെ തോളിലേറി ഇന്നും രാജവാഴ്ചയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ കോണ്ഗ്രസ് ഭരണം നടത്തിവരുന്നത് കാണുമ്പോള്‍, നമുക്കും അങ്ങനെയൊരാള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഭാജപായ്ക്ക് തോന്നിയതില്‍ അത്ഭുതപ്പെടാനില്ല. അതുകൊണ്ടാവണം അവര്‍ ചരിത്ര നിര്‍മിതി എന്ന ശ്രമകരമായ ദൗത്യത്തിലേക്ക് കടന്നത്. പട്ടേലും നെഹ്രുവുമായി ഉണ്ടായിരുന്നതായി പറയപ്പെടുന്ന അഭിപ്രായവ്യത്യാസങ്ങള്‍ മുതലെടുത്ത്‌ പല വ്യാഖ്യാനങ്ങളും നല്‍കി, നെഹ്രുവും പട്ടേലും ശത്രുക്കളായിരുന്നു എന്ന നിലയില്‍ വരെ പ്രചാരണങ്ങള്‍ എത്തി. നെഹ്‌റു, വല്ലഭ്ഭായി പട്ടേലിന്റെ സംസ്കാരച്ചടങ്ങുകളില്‍ സംബന്ധിച്ചില്ല എന്നൊരു പ്രചാരണം ഇടക്കാലത്ത് അഴിച്ചുവിട്ടെങ്കിലും ഫോട്ടോയടക്കമുള്ള തെളിവുകള്‍ പുറത്തുവന്നതോട് കൂടി അത് പൊളിഞ്ഞു. അവസാനം, പട്ടേല്‍ മരണം വരെ കോണ്ഗ്രസ്സുകാരനായിരുന്നു എന്ന് മന്‍മോഹന്‍ സിംഗിനെ ക്കൊണ്ട് പറയിക്കുന്നിടം വരെയെത്തി കാര്യങ്ങള്‍. എന്തായാലും പ്രതിമാ നിര്‍മാണം കൊഴുക്കുകയാണ്.

ഇതൊക്കെ കഴിഞ്ഞപ്പോഴാണ് മറ്റൊരു വാര്‍ത്ത വരുന്നത്. യു. പി മുഖ്യമന്ത്രി സര്‍വശ്രീ അഖിലേഷ് യാദവ് ജി ഉത്തര്‍പ്രദേശിലെ കുഷിനഗരത്തില്‍ 200 അടി ഉയരമുള്ള ബുദ്ധപ്രതിമയ്ക്ക് തറക്കല്ലിടാന്‍ പോകുന്നത്രേ. അവിടുത്തെ ഭാജപാ നേതാക്കളും ഒഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളും ശക്തമായി ഇതിനെ എതിര്‍ക്കുന്നുണ്ട്. എങ്കിലും നമുക്ക് വലുത് പ്രതിമയല്ലേ.1991ല്‍ സ്ഥാപിതമായ മൈത്രേയ ട്രസ്റ്റ്, ആദ്യം 500 അടി ഉയരമാണ് ഉദ്ദേശിച്ചിരുന്നതത്രേ. പിന്നീട് അത് 150 ലേക്ക് ചുരുങ്ങി. ഇപ്പൊ ദാ വീണ്ടും 200 അടിയായി. ഉത്തരപ്രദേശം പണ്ട് മുതലേ പ്രതിമകളുടെ കാര്യത്തില്‍ ഫേമസ് ആണ്. ചില പ്രതിമകളൊക്കെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് മൂടിയിടേണ്ടുന്ന സ്ഥിതി വരെ ഉണ്ടായി. എങ്കിലും ഇപ്പോഴും പ്രതിമകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ പ്രതിമകളുടെയും ശില്‍പ്പികളുടെയും പൂക്കാലമാണ്.

ചില ദോഷൈകദൃക്കുകള്‍ പറയുന്നത് കോണ്ഗ്രസ്, ഇനി ഡല്‍ഹിയില്‍ ഗാന്ധിയുടെയോ നെഹ്രുവിന്റെയോ പ്രതിമ 250 അടി ഉയരത്തില്‍ പണിതേക്കാം എന്നാണ്. ആന്ധ്രാ പ്രദേശ്‌ എന്‍ ടി ആറിന്റെയും തമിഴ്‌നാട്‌ എം ജി ആറിന്റെയും പ്രതിമകള്‍ അതിലും ഉയരത്തില്‍ പണിതേക്കാം. രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമ ബംഗാളും പണിതേക്കാം. അതുകഴിയുമ്പോ ഇതെല്ലാം കണ്ടു കേരളവും ചിലപ്പോ ശ്രീനാരായണഗുരുവിന്റെയോ കേരളം സൃഷ്ടിച്ച പരശുരാമന്റെ തന്നെയോ  പ്രതിമ പണിയാന്‍ ശ്രമിച്ചേക്കാം. ഓരോ തവണയും പ്രതിമകള്‍ക്ക് ഉയരം കൂടിക്കൂടി അവസാനം സ്വര്‍ഗ്ഗം മുട്ടട്ടെ എന്ന് നമുക്ക് ആശംസിക്കാം.


ജീവനുള്ള മനുഷ്യരേക്കാള്‍ ജീവനില്ലാത്ത പ്രതിമകള്‍ നമ്മില്‍ സ്വാധീനം ചെലുത്തുന്നു. ഇതെല്ലാം ആളെപ്പറ്റിക്കാനുള്ള ഒരു പ്രത്യേക തരം രാഷ്ട്രീയമാണെന്ന് നമ്മള്‍ മനസ്സിലാക്കുന്നില്ലല്ലോ എന്നതിലാണ് വിഷമം. കോടികള്‍ മുടക്കി ഇത്തരം പ്രതിമകള്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുമ്പോള്‍ അത് കൊണ്ട് ആര്‍ക്കെന്ത് പ്രയോജനമെന്ന് ചിന്തിക്കാതെ ടൂറിസം എന്നൊരു മുടന്തന്‍ ന്യായം പറഞ്ഞ് നാം തടിതപ്പുന്നു. പഴയകാല നേതാക്കളെയും അവരുടെ ആശയങ്ങളെയും ഓര്‍ക്കാനുള്ള കെല്‍പ്പ് നശിച്ചുപോയ ഒരു സമൂഹത്തിന്റെ ബുദ്ധിക്കും ഭാവനയ്ക്കുമെതിരെയുള്ള വെല്ലുവിളിയായാണ് ഈ ബിംബങ്ങള്‍ പണിതുയര്‍ത്തപ്പെടുന്നത്.
"നമുക്ക്  ഉത്തര്‍പ്രദേശിലോ ഗുജറാത്തിലോ ചെന്ന് രാപ്പാര്‍ക്കാം. അതികാലത്തെഴുന്നേറ്റു പ്രതിമത്തോട്ടങ്ങളില്‍ പോയി പ്രതിമകള്‍ വാ തുറക്കുന്നുണ്ടോയെന്നും പ്രതിമകളില്‍ കാക്ക തൂറിയോയെന്നും ചെന്ന്  നോക്കാം. അവിടെ വച്ച് നിനക്ക് ഞാനെന്‍റെ ഇന്ത്യയെ കാട്ടിത്തരും..."


 Sunday, 17 November 2013

"കാച്ചില്" അഥവാ "അക്കരപ്പച്ച"

Disclaimer : ഈ പോസ്റ്റ്‌ വായിച്ച് നിങ്ങള്‍ക്ക് സമയം നഷ്ടം ഉണ്ടായാല്‍ ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതല്ല. സ്വന്തം റിസ്കില്‍ മുന്നോട്ട്....

***********************************************
                                  മാസം തന്നെ ഇത് രണ്ടാം തവണയാണ് അയാള്‍ കായിക്കയുടെ ബിരിയാണി കഴിക്കുന്നത്. ആദ്യം മട്ടാഞ്ചേരിയില്‍ ജൂതപ്പള്ളി കാണാന്‍ പോയപ്പോ, കൂട്ടുകാര്‍ക്കൊപ്പം. പിന്നെ ഇന്ന് ദര്‍ബാര്‍ ഹാളിനെതിരുവശത്തുള്ള കായീസ് ഹോട്ടലില്‍ ഒറ്റയ്ക്ക്...

കായീസ് ബിരിയാണിയും ഈന്തപ്പഴത്തിന്റെ  അച്ചാറും അയാള്‍ക്കേറെ ഇഷ്ടമായിരുന്നു.  ഒഴിഞ്ഞ ഒരു മൂലയില്‍ ഇരുന്ന്, മറ്റാരെയും ശ്രദ്ധിക്കാതെ ഒറ്റയ്ക്കിരുന്ന് അയാള്‍ ബിരിയാണി കഴിച്ചു. ഇനി മുതല്‍ കയ്യില്‍ കാശുള്ള ദിവസങ്ങളിലെല്ലാം ഇവിടെ വരണമെന്ന്, അയാള്‍ മനസ്സിലുറപ്പിച്ചു. ടിപ്പും ചേര്‍ത്ത് നൂറ്റിനാല്‍പ്പത് രൂപാ എണ്ണികൊടുത്തിട്ട് അവിടെനിന്ന് ഇറങ്ങി, താമസിക്കുന്ന ലോഡ്ജിനെ ലക്ഷ്യമാക്കി നടന്നു. റെയില്‍വേ സ്റ്റേഷന്‍ റോഡിലുള്ള പഴയ ലോഡ്ജ് മുറിയുടെ ജനാലയോട് ചേര്‍ന്ന കട്ടിലില്‍ കിടന്നുറങ്ങവേ അയാളൊരു സ്വപ്നം കണ്ടു. വളരെ വിചിത്രമായ ഒന്ന്. 

കായിക്കയുടെ കടയിലിരുന്ന് ബിരിയാണി കഴിക്കുന്നൊരാള്‍. ചെറുപ്പക്കാരന്‍.... നീട്ടിവളര്‍ത്തിയ താടിയും മുടിയും... അലസമായ വസ്ത്രധാരണം... ബാച്ചിലറാവണം.....
ഒറ്റയ്ക്കൊരു മേശയില്‍ ഇരിക്കുന്ന അയാള്‍ ചുറ്റുമുള്ളവരെ ഗൗനിക്കാതെ തീറ്റ തുടരുകയാണ്.  അയാളുടെ പാത്രത്തിലേക്ക് സൂക്ഷിച്ചുനോക്കി. നല്ല നേര്‍ത്ത ഖൈമ അരിയുടെ ബിരിയാണി. ഈന്തപ്പഴമച്ചാര്‍. സള്ളാസ്...
പക്ഷെ.... ചിക്കന്റെ സ്ഥാനത്ത് നന്നേ വെളുത്ത ഒരു വസ്തു.... കാച്ചില് !!!....അതേ...കാച്ചില് തന്നെ...!!!

ഞെട്ടിയെഴുന്നേറ്റ് ചുറ്റും നോക്കിയ അയാള്‍ തെല്ലിടനേരം അനങ്ങാതിരുന്നു. കറങ്ങാത്ത സീലിംഗ് ഫാനിനെ ശപിച്ചു. പിന്നെ, തൊട്ടുമുമ്പേ കണ്ട സ്വപ്നത്തെക്കുറിച്ചോര്‍ത്തു. ഉടനെ തന്നെ എവിടെ നിന്നെങ്കിലും കുറച്ച് കാച്ചില് തിന്നണമെന്ന് അയാള്‍ക്ക് തോന്നി. ടൗണില്‍ കാച്ചില് കിട്ടില്ല. കിട്ടില്ലെങ്കില്‍ കിട്ടുന്നിടത്തേക്ക് പോവുക തന്നെ എന്നയാള്‍ മനസ്സിലുറപ്പിച്ചു.

മുറി പൂട്ടിയിറങ്ങുമ്പോള്‍ ബാഗ് എടുത്തില്ലയെന്ന കാര്യം അയാള്‍ ഓര്‍ത്തില്ല.  എല്ലാ പുതിയ സിനിമകളും വന്നുപോവുന്ന പോസ്റര്‍ ഭിത്തിയുടെ അരികിലൂടെ സൌത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് ഓടി. സ്ഥിരം കസ്റ്റമറെക്കണ്ട് ഭേല്പ്പൂരിയും പാനിപ്പൂരിയും വില്‍ക്കുന്ന ഹിന്ദിക്കാരന്‍ കൈ വീശിയെങ്കിലും അയാള്‍ ഗൗനിക്കാതെ ഓട്ടം തുടര്‍ന്നു. സ്റ്റേഷനില്‍ ചെന്ന് കൊല്ലം മെമുവിന്റെ ടിക്കറ്റ് എടുത്ത് പ്ലാറ്റ്ഫോമിലേക്ക് കുതിച്ചു. അയാള്‍ കയറിയയുടനെ മെമു നീങ്ങിത്തുടങ്ങി. ഇരിക്കാന്‍ സീറ്റില്ലെങ്കിലും അധിക ദൂരം നില്‍ക്കേണ്ടിവരില്ല. ഒരു മണിക്കൂര്‍ കൊണ്ട് എറ്റുമാനൂരെത്തും. കുറെ നേരം വാതിലിനരികെ നിന്ന് കാറ്റ് കൊണ്ടു. പിന്നെ അകത്തേക്ക് കേറി കൈപ്പിടിയില്‍ തൂങ്ങി ആലോചനയിലാണ്ടു. പിറവം റോഡ്‌ സ്റ്റേഷനില്‍ വച്ച്  ഇരിക്കാന്‍ സീറ്റ് കിട്ടിയെങ്കിലും അയാളിരുന്നില്ല. അത്ര നേരം എഴുന്നേറ്റ് നിന്ന് അയാള്‍ ശീലിച്ചു പോയിരുന്നു.

 കാലിസീറ്റ് കിടക്കെ, നടുക്ക് എഴുന്നേറ്റ് നില്‍ക്കുന്നതിന്റെ അനൗചിത്യമോര്‍ത്ത് അയാള്‍ വീണ്ടും വാതിലിനരികിലേക്ക് നീങ്ങി. പുറത്തേക്ക് നോക്കി ഒറ്റ നില്‍പ്പ് നിന്ന അയാള്‍, ഏറ്റുമാനൂരെത്തിയപ്പോഴാണ് വീണ്ടും കാച്ചിലിനെക്കുറിച്ച് ഓര്‍ത്തത്.  അവിടെയിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍, കാച്ചില് എവിടെയാണ് കുഴിച്ചിട്ടതെന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ഏറെ നേരം ശ്രമിച്ചിട്ടും അയാള്‍ക്കത് ഓര്‍മ വന്നില്ല.

വീട്ടിലെത്തി തൂമ്പായുമെടുത്ത് പറമ്പിലേക്കിറങ്ങിയപ്പോഴും കാച്ചിലെവിടെയാണ് കുഴിച്ചിട്ടതെന്ന് അയാള്‍ക്ക് ഒരൂഹവുമില്ലായിരുന്നു. അപ്രതീക്ഷിതമായി വീട്ടിലെത്തിയ മകനെക്കണ്ട് അമ്മ സന്തോഷിച്ചെങ്കിലും, വന്നപാടെ പറമ്പില്‍ പരതിനടക്കുന്നത് കണ്ടപ്പോള്‍ അവര്‍ക്ക് ആ വരവിലെന്തോ പന്തികേട്‌  തോന്നി. എങ്കിലും ഒന്നും മിണ്ടാന്‍ പോയില്ല.

അയാള്‍ തെരച്ചില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. കുറേനേരത്തെ ശ്രമത്തിനു ശേഷം  ഉണങ്ങിയ കാച്ചിലിന്റെ വള്ളി ഒരു പേരയെ ചുറ്റിനില്‍ക്കുന്നത് അയാള്‍ കണ്ടുപിടിച്ചു. പലയിടത്തും വിട്ടുവിട്ട് കിടന്നിരുന്ന ഉണങ്ങിയ ആ വള്ളി പേരയുടെ തൊട്ടടുത്തുള്ള തേക്കിന്റെ ചോടിനരികില്‍ വച്ച് മുറിഞ്ഞുപോയിരുന്നു.  തേക്കിന്‍ചോടിന്റെ ചുറ്റും നടന്നുപരിശോധിച്ചെങ്കിലും കാച്ചിലിന്റെ മൂട് കണ്ടെത്താന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. അപ്പോഴേക്കും നേരം ഇരുട്ടാന്‍ തുടങ്ങിയിരുന്നു. തേക്കിന് ചുറ്റും തോന്നുന്ന സ്ഥലത്തെല്ലാം അയാള്‍ കിളച്ചുമറിക്കാന്‍ തുടങ്ങി. നാലുവശത്തും ഏറെ നേരം കിളച്ചിട്ടും കാച്ചില് കണ്ടുകിട്ടിയില്ല. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കൊതുക് കടിക്കാന്‍ തുടങ്ങി. ആദ്യം അയാളത് കാര്യമാക്കാതെ ജോലി തുടര്‍ന്നെങ്കിലും അല്‍പംകൂടി ഇരുട്ടിയപ്പോള്‍, മടുത്ത്, ആ തേക്കിന്‍ ചോട്ടിലിരുന്നു.

വീടിന്റെ കോണില്‍ തൂക്കിയ പതിനഞ്ചു വാട്ട് സി എഫ് എല്ലിന്റെ വെളിച്ചത്തില്‍ തൂമ്പായുടെ അറ്റം തിളങ്ങി.  ഒന്നുമാലോചിക്കാതെ ചാടിപ്പുറപ്പെടാന്‍ തോന്നിയ നിമിഷത്തെ അയാള്‍ കഠിനമായി വെറുത്തു.
പിന്നെയും പിന്നെയും അയാളെ കൊതുക് കടിച്ചുകൊണ്ടിരുന്നു. കൈലിയുടെ അറ്റം കൊണ്ട് വിയര്‍പ്പ് തുടച്ച് അയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.

തൂമ്പായുടെ അറ്റത്ത് ചവിട്ടിയെഴുന്നെറ്റ അയാളുടെ നെറ്റിക്ക്, തൂമ്പാക്കൈ അതിശക്തമായി വന്നടിച്ചു. പെട്ടന്ന്തന്നെ നെറ്റിയില്‍നിന്ന് ചോര പൊടിഞ്ഞുതുടങ്ങി. ആ നിമിഷം, കാച്ചിലെവിടെയാണ് കുഴിച്ചിട്ടതെന്ന്, അയാള്‍ക്കോര്‍മ വന്നു.

ഒരു മീറ്ററിനു മേലെ നീളമുള്ള കാച്ചില് വള്ളിയുടെ അറ്റത്തുള്ള വിത്ത്, കുഴിയിലേക്ക് ഇറക്കിവച്ചതും, ആട്ടിന്‍ചാണകം നിറച്ചതും, കുഴിമൂടാന്‍ ആഞ്ഞു കിളച്ചപ്പോള്‍,  ഉയര്‍ത്തിയ തൂമ്പാ, അയ കെട്ടിയ കയറില്‍ തട്ടി സ്പ്രിംഗ് പോലെ തിരിച്ചുവന്ന് തലയ്ക്കടിച്ചതും അയാള്‍ ഇന്നലെ കഴിഞ്ഞത് പോലെ ഓര്‍ത്തെടുത്തു.

നെറ്റിയിലെ വേദന വകവെക്കാതെ അയാള്‍, അയക്കയറിനു കീഴെ കിളയ്ക്കാന്‍ തുടങ്ങി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍, ചുവന്ന തൊലിയുള്ള ഒരു വലിയ വെള്ളക്കാച്ചില്‍ അയാള്‍ മാന്തിയെടുത്തു.

കാന്താരിയും ഉള്ളിയും ചതച്ച്, വിന്നാഗിരിയും ഉപ്പും കൂട്ടി അയാള്‍ ആ കാച്ചില് മുഴുവന്‍ തിന്നു. ഇറങ്ങിപ്പുറപ്പെട്ടത് വെറുതെയായില്ലല്ലോ എന്നോര്‍ത്ത് അയാള്‍ അതിയായി സന്തോഷിച്ചു.

അന്ന് രാത്രി സുഖമായി ഉറങ്ങിയ അയാള്‍ ,  നേരം പുലരാറായപ്പോള്‍ വീണ്ടും ആ പഴയ സ്വപ്നം കണ്ടു.

കായിക്കയുടെ കടയിലിരുന്നു ബിരിയാണി കഴിച്ചിരുന്ന ചെറുപ്പകാരന് അയാളുടെ മുഖസാദൃശ്യം ഉണ്ടായിരുന്നു. മറ്റുള്ളവരെ ഗൗനിക്കാതെ അയാള്‍ തീറ്റ തുടര്‍ന്നു.
അയാളുടെ പാത്രത്തിലേക്ക് സൂക്ഷിച്ചുനോക്കി. നല്ല നേര്‍ത്ത ഖൈമ അരിയുടെ ബിരിയാണി. ഈന്തപ്പഴമച്ചാര്‍. സള്ളാസ്...

പിന്നെ....

കാച്ചിലിന്റെ സ്ഥാനത്ത് വലിയ ഒരു കോഴിക്കാല്!!! .....അതേ കോഴിക്കാല് തന്നെ!!!....

ഞെട്ടിയെഴുന്നേറ്റ് ചുറ്റും നോക്കിയ അയാള്‍ തെല്ലിടനേരം അനങ്ങാതിരുന്നു. മുറിയിലെ ഫാന്‍ നല്ല ശബ്ദത്തോടെ കറങ്ങുന്നുണ്ടായിരുന്നു.

എത്രയും പെട്ടന്ന് കായിക്കയുടെ കോഴിബിരിയാണി കഴിക്കണമെന്ന് അയാള്‍ക്ക് തോന്നി.

Monday, 28 October 2013

സാറേ... ഹെല്‍മെറ്റ്‌....


സര്‍ ,

വളരെയധികം ആത്മഹര്‍ഷത്തോടെയാണ് ഈ കത്ത് ഞാന്‍ എഴുതുന്നത്.
ബൈക്കിനു പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് സാറ് പ്രഖ്യാപിച്ച വാര്‍ത്ത ഞാന്‍ കേട്ടു....കലക്കി സാറേ കലക്കി...

അവന്മാര്‍ക്കൊക്കെ അങ്ങനെ തന്നെ വേണം. ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്കിക്കഴിഞ്ഞാല്‍ പിന്നെ അമാന്തം പാടില്ല.. ആരെങ്കിലും ഹെല്‍മെറ്റ്‌ ധരിക്കാതെ റോഡിലിറങ്ങുന്നുണ്ടോ എന്ന്‍ സദാ നിരീക്ഷിക്കണം... പോലീസ് സേനയുടെ മുഴുവന്‍ ശ്രദ്ധയും ഈ ഒരു കാര്യത്തിലേക്ക് മാത്രമാക്കി പരിമിതപ്പെടുത്തണം. ഹെല്‍മെറ്റ്‌ ഇല്ലാതെ യാത്ര ചെയ്യുന്ന ഇത്തരം കൊടും കുറ്റവാളികളെയൊക്കെ ഒന്നൊഴിയാതെ, ഓടിച്ചിട്ട് പിടിച്ച് അറസ്റ്റ് ചെയ്യണം... ലോക്കപ്പിലിട്ട് ഇടിക്കണം.. ലോക്കപ്പില്‍ സ്ഥലമില്ലെങ്കില്‍, ഇപ്പോഴവിടെ സ്ഥിരതാമസമാക്കിയിരിക്കുന്ന കള്ളന്മാരെയും കൊലപാതകികളെയും തുറന്നു വിടണം...എന്നിട്ട് യെവന്മാരെക്കൊണ്ട്  ലോക്കപ്പ് നിറയ്ക്കണം... എന്നാലേ അവന്മാരൊക്കെ പഠിക്കൂ...

വാഹനാപകടം ഉണ്ടാകുന്നത് ഹെല്‍മറ്റ് ധരിക്കാത്തത് കൊണ്ടാണോ എന്നും  റോഡ്‌ നന്നാക്കാത്തതു മൂലം കുഴിയില്‍ ചാടി അപകടം ഉണ്ടാകുന്നതിന് ഗവണ്മെന്റ് ഉത്തരവാദിയല്ലേ എന്നുമൊക്കെ ചോദിക്കുന്ന ബൂര്‍ഷ്വകള്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ട്.. അവന്മാര് വായടച്ചില്ലായെന്നു കണ്ടാല്‍ അവരെയും ലോക്കപ്പിലിട്ട് ചതയ്ക്കണം സര്‍....ചതയ്ക്കണം...

ജനങ്ങളുടെ ജീവന്റെ കാര്യത്തില്‍ ഈ ഗവണ്മെന്റ് പുലര്‍ത്തുന്ന "സുതാര്യ"മായ... ആത്മാര്‍ഥമായ സമീപനം ഈ രാജ്യത്തിനൊന്നാകെ മാതൃകയാണ് സര്‍ ...ഇതൊരു തുടക്കം മാത്രം ആകട്ടെയെന്നും ഞാന്‍ ആശംസിക്കുകയാണ്...പടിപടിയായി സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്കണം സര്‍..അവരുടെയും ജീവന്‍ വിലപ്പെട്ടതല്ലേ..

അതുപോലെ തന്നെ, ഇന്നലെ, കേരളത്തിന്റെ മുഖ്യമന്ത്രിക്ക് കല്ലേറ് കിട്ടിയ സ്ഥിതിക്ക് ഒട്ടും സമയം കളയാതെ മന്ത്രിമാര്‍ക്കും ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്കണം സര്‍. ഹെല്‍മെറ്റ്‌ ധരിച്ചാല്‍ പിന്നെ കല്ലേറ് കിട്ടിയാലും ഒരു കുഴപ്പവുമില്ലല്ലോ.. അല്ലെങ്കില്‍ എന്തിനു മന്ത്രിമാര്‍ക്ക് മാത്രമാക്കുന്നു... എല്ലാവര്‍ക്കും നിര്‍ബന്ധമാക്കിക്കൂടെ....കേരളത്തിലുള്ള ജനങ്ങളെല്ലാം ഹെല്‍മെറ്റ്‌ ധരിച്ചുകൊണ്ടങ്ങനെ നടക്കട്ടെ... പിന്നെ ഒരു പ്രശ്നവുമുണ്ടാകില്ല....  കല്ലേറ് കിട്ടിയാലോ, തലയില്‍ തേങ്ങാ വീണാലോ, കെട്ടിടം പൊളിഞ്ഞുവീണാലോ തലയ്ക്ക് അടി കിട്ടിയാലോ എന്തിനധികം പറയുന്നു, ആകാശം ഇടിഞ്ഞുവീണാല്പ്പോലും  ഒന്നും പേടിക്കാനില്ല.....ഹെല്‍മെറ്റില്ലാതെ ഒറ്റയൊരുത്തന്‍ പോലും വീടിന്റെ പടിക്ക് പുറത്തിറങ്ങരുത്...

എത്രയുംവേഗം എന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് എന്നെ ധൃതംഗപുളകിതനാക്കുമെന്നു  പ്രതീക്ഷിക്കുന്നു..

അങ്ങയുടെ എളിയ ഒരാരാധകന്‍...

(ഒപ്പ്)

P.S. ജനങ്ങളുടെ ജീവനെപ്രതി ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍, അതേ കാരണത്താല്‍ എന്തുകൊണ്ട് മദ്യം നിരോധിക്കുന്നില്ലായെന്ന് എന്റെയൊരു സുഹൃത്ത് ഇന്നലെ എന്നോട് ചോദിച്ചു. അവന്റെ അഡ്രസ് ചുവടെ ചേര്‍ക്കുന്നു.... വേണ്ടത് ചെയ്യുമല്ലോ....


**************
The content published above is strictly the personal opinion of the author... The author acknowledges the fact that many readers may differ. But kindly bear with me so that I can complete my quota of one blog post per month...

Tuesday, 15 October 2013

ഐ സ്റ്റീല്‍ ഫ്രം എവെരി മൂവി എവര്‍ മെയ്ഡ്


ലോകപ്രശസ്ത സിനിമാ സംവിധായകനായ ക്വെന്റിന്‍ ടാരന്റിനോ ഒരിക്കല്‍ പറഞ്ഞത് ഇപ്പ്രകാരമാണ് - "ഐ സ്റ്റീല്‍ ഫ്രം എവെരി മൂവി എവര്‍ മെയ്ഡ് "
പ്രിയദര്‍ശന്‍ വെറുമൊരു കോപ്പിയടിക്കാരന്‍ മാത്രമാണെന്ന് പലരും പറയാറുണ്ട്. പ്രിയദര്‍ശന്റെ സിനിമകള്‍ പലതും വിദേശ സിനിമകളുടെ നേര്‍പ്പകര്‍പ്പുകളാണ് എന്നതിനാല്‍, പറയുന്നതില്‍ വാസ്തവമില്ലാതില്ല. പക്ഷെ എന്നുമെന്നും മലയാളി നെഞ്ചേറ്റി ലാളിക്കുന്ന സിനിമകളില്‍ വലിയൊരു വിഭാഗം ഈ സംവിധായകന്റെ സംഭാവനയാണ് എന്നത് ഒരു ചെറിയ കാര്യമല്ല.

ഒരു പുതിയ സിനിമയില്‍ മൌലികത എത്രത്തോളം വേണം എന്നത് ഒരു തര്‍ക്കവിഷയമാണ്. കഴിഞ്ഞ ദിവസം ജയരാജ് പറഞ്ഞത് കോപ്പി അടിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണം എന്നാണ്. അതേസമയം ലിജോ ജോസ് പെല്ലിശ്ശേരിയുടെ അഭിപ്രായത്തില്‍ ഒരു സൃഷ്ടിയും പൂര്‍ണമായി മൌലികമല്ല - ജീവിത സാഹചര്യങ്ങളുടെയും മുന്‍കാല സൃഷ്ടികളുടെയും സ്വാധീനം ഏതൊരു പുതിയ പ്രോഡക്റ്റിലും കയറി വരും. .ഇങ്ങനെ പലരുടെയും അഭിപ്രായങ്ങള്‍ വ്യത്യസ്തമായിരിക്കുന്നത് കൊണ്ട്തന്നെ, ഒരു സിനിമ എത്രത്തോളം ഒറിജിനല്‍ ആയിരിക്കണം എന്ന്‍ ആര്‍ക്കും കൃത്യമായി നിഷ്കര്‍ഷിക്കാന്‍ സാധിക്കുകയില്ല. പിന്നെ ഒരു പൊതു അഭിപ്രായമുള്ളത്, ഒറിജിനല്‍ സിനിമയ്ക്ക് കടപ്പാട് ഒക്കെ വച്ച് അതില്‍നിന്നും ഇന്‍സ്പയര്‍ ആകുന്നതില്‍ കുഴപ്പമില്ല എന്നതാണ്. അതായത് സീന്‍ ബൈ സീന്‍ ഈച്ചക്കോപ്പി അടിക്കരുത്, പ്രചോദനം ഉള്‍ക്കൊള്ളുക മാത്രമേ ചെയ്യാവൂ എന്ന വാദം. ഇപ്പൊ സിനിമാവിമര്‍ശകര്‍ക്കിടയില്‍ പരക്കെ അംഗീകാരമുള്ള ഒരു വാദമാണിത്.

ഒരു അവാര്‍ഡ് ജൂറിയാണ് പ്രേക്ഷകനെങ്കില്‍ തീര്‍ച്ചയായും മൌലികത ഒരു മാനദണ്ഡമാകും. അതേസമയം ഇക്കഥ മുമ്പ് കണ്ടിട്ടില്ലാത്ത ഒരാളാണ് പ്രേക്ഷകനെങ്കില്‍ അയാള്‍ക്ക് സിനിമ തീര്‍ച്ചയായും ഇഷ്ടപ്പെടും (സിനിമ കൊള്ളാമെങ്കില്‍...). പക്ഷെ പ്രശ്നം അവിടെയല്ല - കഥ മുമ്പ് കണ്ടിട്ടുള്ളയാള്‍ വീണ്ടും പൈസ മുടക്കി സിനിമ കാണാന്‍ കേറുകയാണെങ്കില്‍, സിനിമയില്‍ നിന്ന് പ്രതീക്ഷിക്കുന്ന എന്റര്‍ടെയിന്‍മെന്റ്  അയാള്‍ക്ക് ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് നമ്മള്‍ പഴയകാല പ്രിയദര്‍ശന്‍ സിനിമകളെ വിലയിരുത്തേണ്ടത്.  ഇംഗ്ലീഷ് പടങ്ങള്‍ വാരിവലിച്ച് കാണുന്ന ആസ്വാദകരുള്ള ഒരു കാലമല്ല അത്. ലോകസിനിമകളെക്കുറിച്ച് അഗാധമായ അറിവും അവര്‍ക്കില്ല. അങ്ങനെയൊരു പ്രേക്ഷകസമൂഹത്തിനു മുമ്പില്‍ പ്രിയന്റെ സിനിമകള്‍ക്ക്‌ വലിയ സ്വീകാര്യത ലഭിച്ചത് അത്ഭുതമല്ല. പിന്നെ കോപ്പിക്യാറ്റ് എന്നു ബ്രാന്‍ഡ്‌ ചെയ്യപ്പെട്ട പ്രിയന്‍ സിനിമകളൊക്കെ ആര്‍ക്കും ചെയ്യാവുന്നതായിരുന്നെന്നോ അതില്‍ ഡയരക്ടര്‍ക്ക് യാതൊരു ക്രിയേറ്റീവ് എഫര്ട്ടുമില്ലെന്നോ കരുതുന്നത് ബുദ്ധിമോശമാകും. ഒരു സിനിമ എടുക്കുന്നതിന്റെ ബുദ്ധിമുട്ട് അറിയാത്തവരെ അങ്ങനെ പറയൂ. ഏതെങ്കിലും ഒരു നോവലിസ്റ്റിന്റെ ഒരു കൃതി സിനിമയാക്കുമ്പോള്‍ വേണ്ടിവരുന്ന എഫര്‍ട്ടിനോളം തന്നെ ഇവിടെയും വേണ്ടി വരും. ഏകദേശം അത്രയും തന്നെ ഒരു മൌലിക സംഭാവന ഒരു സംവിധായകനില്‍നിന്നു വരും, പ്രിയദര്‍ശന്‍ എന്ന സംവിധായകന്റെ ക്ലാസ് മനസ്സിലാക്കാന്‍ കാഞ്ചീവരം ഒരു തവണ കണ്ടാല്‍ മതി. പ്രിയദര്‍ശന്റെ സിനിമകള്‍ സാങ്കേതികമായി മലയാള സിനിമയ്ക്കെന്നല്ല, ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ പുതിയ പല സംഭാവനകളും നല്‍കിയിട്ടുണ്ട്. Rich color grading ഇന്ത്യന്‍ സിനിമയില്‍ കൊണ്ടുവന്നത് തന്നെ പ്രിയദര്‍ശനാണ്. കാലാപാനിയൊക്കെ കാലത്തിനു മുന്‍പേ പറന്ന പക്ഷിയായിരുന്നു എന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. സിനിമ എന്നത് സാങ്കേതിക വിദ്യയുടെ വികാസത്തിന്റെ ഫലമായി രൂപം കൊണ്ട പുത്തന്‍ കലയാണ്‌. മറ്റു കലാരൂപങ്ങളെ അപേക്ഷിച്ച് സിനിമയില്‍ technical brillianceനു വലിയ പ്രാധാന്യം ഉണ്ട്. അതുകൊണ്ട് തന്നെ പ്രമേയപരമായും സാങ്കേതികമായും പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ലോകസിനിമയ്ക്ക് ചെയ്ത സംഭാവനകള്‍ അങ്ങനെ ചുമ്മാ തള്ളിക്കളയാവുന്നതല്ല.

ജി. ശങ്കരക്കുറുപ്പിനു ജ്ഞാനപീഠം കിട്ടിയപ്പോള്‍ പല മലയാളികളും അതിനെ ചോദ്യം ചെയ്തു എന്നു കേട്ടിട്ടുണ്ട്. ശങ്കരക്കുറുപ്പിന്റെ കവിതകള്‍ original അല്ലായിരുന്നുവത്രേ. മലയാളികള്‍ക്ക് പൊതുവേ മറ്റൊരു മലയാളി രക്ഷപെടുന്നത് സഹിക്കില്ല എന്നു പറയുന്നത് സത്യമാണോ എന്നെനിക്ക് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്.   "നിന്റെ പേരും പടവും പത്രത്തില്‍ വരുന്നത് എനിക്ക് സഹിക്കാന്‍ പറ്റില്ലെന്ന്" അക്കരെ അക്കരെ അക്കരെയില്‍ കിരീടം തട്ടിപ്പറിച്ച് ദാസന്‍, വിജയനോട് പറയുന്നുണ്ട്. ഒരു ഘട്ടത്തില്‍ ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സംവിധായകനായിരുന്ന ഈ മലയാളിയെയോര്ത്ത് നമുക്ക് അഭിമാനിച്ചുകൂടെ? ഒരു തലമുറ ആവേശപൂര്‍വ്വം നെഞ്ചേറ്റിയ സിനിമകളെ, ദശകങ്ങള്‍ക്കിപ്പുറം മറ്റൊരു നൂറ്റാണ്ടിലാണ് നമ്മള്‍ ചോദ്യം ചെയ്യുന്നത് എന്ന വസ്തുതയും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

എന്തൊക്കെപ്പറഞ്ഞാലും മലയാള സിനിമയിലെ തമാശകളുടെ വലിയ ഒരോഹരി ഈ സംവിധായകന്റെ സിനിമകളിലാണ് ഉണ്ടായിട്ടുള്ളത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും അതുല്യ പ്രതിഭകളുടെ ഒത്തുചേരലായിരുന്നു ഓരോ പ്രിയന്‍ ചിത്രവും. ഒരു തരത്തില്‍ പറഞ്ഞാല്‍ സുഹൃത്തുക്കളുടെ ഒരാഘോഷം. പ്രിയന്റെ സിനിമകളിലൂടെ ഒട്ടേറെ മികച്ച നടീ നടന്മാരും സാങ്കേതിക വിദഗ്ധരുമാണ് ഇന്ത്യന്‍ സിനിമയില്‍ സാന്നിധ്യമുറപ്പിച്ചത്.
നിര്‍മാതാവിന്റെ പോക്കറ്റ് കീറാത്ത, മലയാളി എന്നുമോര്‍ക്കുന്ന പണംവാരിപ്പടങ്ങള്‍ പിടിച്ച ഈ പ്രഗല്‍ഭനായ സംവിധായകന്‍ , മലയാള സിനിമാ ചരിത്രത്തില്‍ താക്കോല്‍സ്ഥാനത്ത് തന്നെ സ്ഥാനം പിടിക്കും.

Monday, 23 September 2013

ആധാര്‍ :- ചില സംശയങ്ങള്‍

(Disclaimer : This article is written based on the data from several sources found in the internet and I cannot assure the veracity of the same. Hence there is a possibility that the article may contain wrong information. The readers are advised to bear this point in mind. Links to the sources are provided as much as possible.)
*******************************************************************************മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ എന്ന ജില്ലയില്‍ വച്ച് 2010 സെപ്തംബര്‍ 29 നാണ് "ആധാര്‍" എന്ന ബൃഹത് പദ്ധതി നമ്മുടെ പ്രധാനമന്ത്രി ഡോ. മന്മോഹന്‍ സിങ്ങും ശ്രീമതി. സോണിയ ഗാന്ധിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്. തെംഭ്ലി എന്ന ഗ്രാമത്തിലെ  രഞ്ജന സോനവാനെയാണ് ആദ്യത്തെ ആധാര്‍ നമ്പര്‍ കരസ്ഥമാക്കിയത് -782474317884.   രാജ്യത്തെ ജനങ്ങള്‍ക്ക്‌ വ്യക്തിത്വം ഉണ്ടാക്കുവാനും അത് നിലനിര്‍ത്തുവാനും ഉതകുന്നതാണ് "ആധാര്‍" എന്ന്, സോണിയ ഗാന്ധി തെംഭ്ളിയിലെ ആദിവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഗവണ്മെന്റിന്റെ ആനുകൂല്യങ്ങള്‍ പൂര്‍ണമായും ജനങ്ങളിലേക്ക് എത്തിക്കാന്‍ ഇതുപകരിക്കും എന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ ഊന്നിപ്പറഞ്ഞു.

എന്താണ് ആധാര്‍?                                            ആധാര്‍ നമ്പര്‍ എന്നാല്‍, ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവര്ക്കും ഉപലബ്ധമാകുന്ന പന്ത്രണ്ട് അക്ക നമ്പരാണ്. ഇന്ത്യയിലെ ഓരോ വ്യക്തിയുടെയും  ബയോമെട്രിക് വിവരങ്ങളായ വിരലടയാളം, ഐറിസ് അടയാളങ്ങള്‍ എന്നിവ സ്കാന്‍ ചെയ്ത്, ഈ വിവരങ്ങള്‍ ഒരു വിവരശേഖരണ സംവിധാനത്തില്‍ സൂക്ഷിക്കുന്നു. അങ്ങനെ ശേഖരിക്കുന്ന വിവരങ്ങളുപയോഗിച്ച്‌ ഇന്ത്യയിലെ നൂറ്റിമുപ്പതില്‍പ്പരം കോടി വരുന്ന ജനങ്ങളെ ഓരോരുത്തരെയും പ്രത്യേകം തിരിച്ചറിയാന്‍ സാധിക്കുന്നു (Unique ID) എന്നതാണ് ആധാറിന്റെ പ്രവര്‍ത്തന തത്ത്വം. ഈ വിവരങ്ങളിലേക്കുള്ള ഒരു ചൂണ്ടുപലക എന്ന നിലയിലാണ് ആധാര്‍ നമ്പര്‍ വര്‍ത്തിക്കുന്നത്. ഒരു പ്രത്യേക ആധാര്‍ നമ്പര്‍ പോയിന്റ്‌ ചെയ്യുന്ന ബയോമെട്രിക് വിവരങ്ങള്‍, വ്യക്തിയുടെ വിവരങ്ങളുമായി ഒത്തുനോക്കി തല്‍ക്ഷണം ഐ ഡി സാധ്യമാകുന്നു. ഇന്ത്യയിലെ എല്ലാ വ്യക്തികളുടെയും ബയോമെട്രിക് വിവരങ്ങള്‍ വ്യത്യസ്തമായതിനാല്‍, ഇരട്ട ഐ ഡി ഒഴിവാകുന്നു എന്നതാണ് ആധാറിന്റെ ഏറ്റവും വലിയ ഗുണം.ചരിത്രം                                          ബി പി എല്‍ കുടുംബങ്ങള്‍ക്കുള്ള യുണീക്ക് ഐഡന്റിഫിക്കേഷന്‍ പദ്ധതി 2006ല്‍ ഐ ടി ഡിപ്പാര്‍ട്ട്മെന്റ് അംഗീകരിച്ചപ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു പദ്ധതിയുടെ സാധ്യത ഗവണ്മെന്റ് തിരിച്ചറിയുന്നത്. പിന്നീടിങ്ങോട്ട്‌, പ്രോസസസ് കമ്മിറ്റി രൂപീകരണം, പോപ്പുലേഷന്‍ രജിസ്റ്ററും UID രജിസ്റ്ററും സംയോജിപ്പിക്കാനുള്ള ഉന്നതതല മന്ത്രിസഭാ സമിതിയുടെ രൂപീകരണം എന്നിവ നടന്നു.  2009 ലെ ഫെബ്രുവരി മാസത്തിലാണ് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(UIDAI) നിലവില്‍ വന്നത്. 2009 ജൂലൈ രണ്ടിന് ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ ശ്രീ നന്ദന്‍ നീലെക്കനി, ക്യാബിനറ്റ് പദവിയോടു കൂടി UIDAI യുടെ ചെയര്‍മാനായി.    12 ആഗസ്റ്റ്‌ 2009ലെ പ്രധാനമന്ത്രിയുടെ സമിതി, UID ക്ക് നിയമപരമായ ചട്ടക്കൂട് ഉണ്ടാക്കുന്നതടക്കം പല നിര്‍ണായക തീരുമാനങ്ങളും കൈക്കൊണ്ടു. തുടര്‍ന്ന് നടപടിക്രമങ്ങളൊക്കെ പൂര്‍ത്തിയാക്കി 2010 സെപ്തംബറില്‍ ഉദ്ഘാടനം.
ആഗസ്റ്റ്‌ 2013 വരെ ഏകദേശം 40 കോടി ആധാര്‍ റജിസ്ട്രേഷന്‍ നടന്നതായാണ് കണക്ക്.


പദ്ധതിയുടെ നേട്ടങ്ങള്‍ 
                                         ആധാര്‍ നമ്പരുമായി ബന്ധിക്കപ്പെട്ടിരിക്കുന്ന ബാങ്ക് അക്കൌണ്ടിലേക്ക് ഗവണ്മെന്റ് ആനുകൂല്യങ്ങള്‍ നേരിട്ട് എത്തിക്കാം എന്നതാണ് പദ്ധതിയുടെ ഒന്നാമത്തെ നേട്ടം. സബ്സിഡികളും സ്കോളര്‍ഷിപ്പുകളും യഥാര്‍ത്ഥ അവകാശിക്ക് തന്നെ ലഭിക്കുന്നു എന്നുറപ്പ് വരുത്താന്‍ UIDക്ക് കഴിയും. രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ബാങ്കിംഗ് സൌകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നതും നേട്ടമാണ്. റേഷന്‍ കടകള്‍, തൊഴിലുറപ്പ് പോലുള്ള ക്ഷേമ പദ്ധതികള്‍, പാചകവാതകവിതരണം എന്നിവയോടനുബന്ധിച്ചു  നടക്കുന്ന ക്രമക്കേടുകള്‍ തടയാന്‍ ആധാര്‍ വഴി കഴിയും. വിദേശങ്ങളില്‍ നിന്നുള്ള അനധികൃത താമസം, തീവ്രവാദം, മാവോയിസ്റ്റ് ഭീഷണികള്‍ തുടങ്ങിയവ തടയാനും ഒരു പരിധി വരെ ആധാര്‍ സഹായിച്ചേക്കും.
     
ക്രോസ് എക്സാമിനേഷന്‍ 

ഇത്രയൊക്കെ നേട്ടങ്ങളുള്ള പദ്ധതിയാണെന്നിരിക്കിലും ആധാര്‍ നിലവില്‍ വന്ന കാലം മുതല്‍ ആക്ടിവിസ്ടുകളും നിയമജ്ഞരും ഉന്നയിക്കുന്ന ചില സംശയങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരോ UIDAIയോ ഇതുവരെ തയാറായിട്ടില്ല. പദ്ധതി ഏകദേശം പകുതിയോളം എത്തിനില്‍ക്കുന്ന ഈ അവസരത്തില്‍ ഇനി ഇതില്‍ നിന്ന് പിന്നോട്ട് പോകാന്‍ സാധിക്കില്ല എന്ന യാഥാര്‍ഥ്യം ഈ ലേഖകന്‍ മനസ്സിലാക്കുന്നു. എങ്കിലും ജനങ്ങളുടെ ന്യായമായ സംശയങ്ങള്‍ക്ക് വ്യക്തമായി മറുപടി നല്കാനെങ്കിലും സര്‍ക്കാര്‍ തയാറാകേണ്ടതാണ്.


1) 2011 ഡിസംബര്‍ മാസത്തില്‍ യശ്വന്ത് സിന്‍ഹ ചെയര്‍മാനായ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി "National Identification Authority of India Bill - 2010" എന്ന ബില്‍ തള്ളി. ആധാര്‍ പ്രൊജെക്ടിനു നിയമസാധുത ഉണ്ടാക്കാന്‍ കൊണ്ടുവന്ന ഈ ബില്ലിനെ സ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചത്‌ " directionless and conceptualised with no clarity of purpose" എന്നാണ്. ഇങ്ങനെ പാര്‍ലമെന്റിന്റെ ഒരു സമിതി തള്ളിക്കളഞ്ഞ ആധാര്‍ പദ്ധതി നടപ്പിലാക്കാന്‍ ഗവണ്മെന്റിന്റെ എക്സിക്യൂട്ടീവ്‌ അധികാരം മതിയാകുമോ? അതിനു സാധുതയുണ്ടോ? കോടികളുടെ ധനവ്യയമുള്ള ഈ പ്രൊജക്റ്റ്‌ പാര്‍ലമെന്റ് അംഗീകരിക്കേണ്ടേ?( പ്രത്യേകിച്ചും പ്രൈവസി എന്നൊരു ഭരണഘടനാപരമായ അവകാശത്തെ ചോദ്യം ചെയ്യുന്നു എന്ന് പല  നിയമജ്ഞരും അഭിപ്രായപ്പെടുന്ന സാഹചര്യത്തില്‍?)

2)ആധാര്‍ പോലെ ഇത്രയും ബൃഹത്തായ ഒരു പദ്ധതി Cost benefit Analysis നടത്താതെ തുടങ്ങി എന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. പല കോണുകളില്‍ നിന്നും ആവശ്യങ്ങള്‍ ഉയര്‍ന്നെങ്കിലും 2011 ഫെബ്രുവരിയില്‍ റീതിക ഖേറ എന്നൊരു ഡല്‍ഹി ഐ ഐ ടി പ്രൊഫസര്‍ ഇക്കണോമിക്‌ ആന്‍ഡ്‌ പൊളിറ്റിക്കല്‍ വീക്കിലിയില്‍ എഴുതിയ ലേഖനത്തോടെയാണ് ഈ പ്രശ്നം ദേശീയ തലത്തില്‍ ചോദ്യം ചെയ്യപ്പെടുന്നത്. പ്രസ്തുത ലേഖനത്തില്‍ ആധാറിന്റെ ലാഭത്തേക്കുറിച്ചുള്ള യു ഐ ഡി അതോറിറ്റിയുടെ പല അവകാശവാദങ്ങളും പൊള്ളയാണെന്ന് ലേഖിക സമര്‍ത്ഥിച്ചു.  അവസാനം 2012 നവംബറില്‍ (പദ്ധതി തുടങ്ങിക്കഴിഞ്ഞ്)  കേന്ദ്ര പ്ലാനിംഗ് കമ്മീഷന്‍ Cost Benefit Analysis പ്രസിദ്ധീകരിച്ചു.   ഗവണ്മെന്റ് ഫണ്ടിംഗ് ഉള്ള NIPEP യിലെ മാക്രോ ഫിനാന്‍സ് ഗ്രൂപ്പ്‌ ആണ് ഈ പഠനം നടത്തിയത്. മാര്‍ച്ച്  2013ല്‍ റീതിക ഖേറ ഇതിനു മറുപടി നല്‍കി.  പൊതു വിതരണ സമ്പ്രദായത്തിന്റെയും തൊഴിലുറപ്പ് പദ്ധതിയുടെയും  നടത്തിപ്പ് കുറ്റമറ്റതാക്കുന്നതിലൂടെ ഉണ്ടാകുന്ന ലാഭം പെരുപ്പിച്ചു കാണിച്ചാണ് ആധാറിന്റെ വരവ് ചെലവു അവലോകനം നടത്തിയതെന്നു ഈ മറുപടിയില്‍ വ്യക്തമാക്കുന്നു. അടിസ്ഥാനമില്ലാത്ത കണക്കുകള്‍ ഉപയോഗിച്ചാണ് macro finance group പല നിഗമനങ്ങളിലും എത്തിയത്. ആധാര്‍ ഉപയോഗിച്ചു ലഭ്യമാകുന്ന നേട്ടങ്ങള്‍ ചെലവു കുറഞ്ഞ മറ്റു പല സാങ്കേതിക വിദ്യകളിലൂടെയും ലഭ്യമാക്കാം. അതിനുള്ള സാധ്യത ആരായുന്നതേയില്ല.(പൂര്‍ണമായ മറുപടി ഇവിടെ )


3)മറ്റൊന്ന്, ബയോമെട്രിക് ഡാറ്റ ഉപയോഗിച്ചുള്ള ഐ ഡി കുറ്റമറ്റതാകണമെന്നില്ല. "പാവപ്പെട്ടവരുടെ അവകാശം" എന്നൊക്കെയുള്ള ടാഗ് ലൈനോടെ ആധാറിന് പബ്ലിസിറ്റി കൊടുത്ത് കോടികള്‍ പൊടിക്കുന്നത് വെറുതെയായാലോ? കടുത്ത ജോലികള്‍ ചെയ്യുന്ന കര്‍ഷകരുടേയും  മറ്റു തൊഴിലാളികളുടെയും വിരലടയാളത്തിനു മാറ്റങ്ങള്‍ വരാം. ഡല്‍ഹി AIMS

ന്റെ ഒരു പഠനറിപ്പോര്‍ട്ട് പ്രകാരം കോര്‍ണിയല്‍ ബ്ലൈന്‍ഡ്നെസ് ബാധിച്ച 6 മുതല്‍ 8 മില്യന്‍ ആളുകള്‍ ഇന്ത്യയില്‍ ഉണ്ട്. ഇവിടെയൊക്കെ ബയോമെട്രിക് സംവിധാനം പരാജയപ്പെടുമെന്ന് തീര്‍ച്ചയാണ്. അതുകൊണ്ട് തന്നെ ആധാര്‍ പൂര്‍ണമായും കുറ്റമറ്റതാണെന്ന് അവകാശപ്പെടാന്‍ സാധിക്കില്ല.


4)ഇന്ത്യയിലെ ജനങ്ങള്‍ പ്രൈവസി എന്ന വിഷയത്തെക്കുറിച് അത്ര ജാഗരൂകരല്ല. എങ്കിലും പറയട്ടെ, പ്രൈവസി ലംഘിക്കപ്പെടുന്നത് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതിനു തുല്യമാണ്. ഇന്ത്യയിലെ താമസക്കാരില്‍ നിന്നും ശേഖരിക്കുന്ന ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിച്ചു വയ്ക്കുന്നത് ഒരു സെന്‍ട്രല്‍ ഡാറ്റാബേസിലാണ്. ഈ ഡാറ്റാബേസ് ഹാക്ക് ചെയ്യാന്‍ സാധ്യമല്ല എന്ന് ആരും പറയുമെന്നു തോന്നുന്നില്ല. ഏറ്റവും വികസിതമായ രാജ്യങ്ങളില്‍ പോലും ID fraud കള്‍ ഒരുപാട് നടക്കുന്നു.

ഇത്രയും പൌരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുമ്പോള്‍ ശക്തമായ ഒരു data protection നിയമം ഉണ്ടാവേണ്ടത് അനിവാര്യമാണ്. അമേരിക്കയിലെ ഫെഡറല്‍ ഡാറ്റാ പ്രൊട്ടെക്ഷന്‍ സ്റ്റാറ്റ്യൂട്ട് പോലെയോ യൂറോപ്യന്‍ ഡയറക്ടീവ്‌ ഓണ്‍ ഡാറ്റ പ്രൊട്ടെക്ഷന്‍ പോലെയോ ഒരു നിയമം പാസ്സാക്കേണ്ടത് അനിവാര്യമാണ്. കൂടാതെ ഇത്തരം വിവരങ്ങളുടെ ശേഖരണം നടത്തണമെങ്കില്‍ അഥവാ അതിനു നിയമ സാധുത വേണമെങ്കില്‍ 1955 ലെ സിറ്റിസണ്‍ഷിപ്‌ ആക്റ്റ് ഭേദഗതി ചെയ്യണം. അത് പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ ആകാവൂ.


5) മറ്റൊരു രസകരമായ വസ്തുത ആധാര്‍ നിര്‍ബന്ധമല്ലെങ്കിലും ഗവണ്മെന്റ് സേവനങ്ങള്‍ വേണമെങ്കില്‍ ആധാര്‍ വേണം എന്നതാണ്. ആധാര്‍ എടുക്കണോ വേണ്ടയോ എന്നത് വ്യക്തി സ്വാതന്ത്ര്യത്തിനു അനുസൃതമാണ് എന്നാണു വയ്പ്പെങ്കിലും റേഷന്‍, പാചകവാതകം, സ്കോളര്‍ഷിപ്പ്‌, ഇവയൊക്കെ വേണമെങ്കില്‍ ആധാര്‍ വേണം. ഇക്കാര്യത്തില്‍ ഗവണ്മെന്റ് തലത്തില്‍ തന്നെ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ സി പി ഐ നേതാവ് എം പി അച്യുതന്‍ ശൂന്യ വേളയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രി രാജീവ് ശുക്ല പറഞ്ഞത് പാചകവാതകത്തിന് ആധാര്‍ നിര്‍ബന്ധമല്ല എന്നാണ്. അടുത്ത ദിവസം തന്നെ ആധാര്‍ നിര്‍ബന്ധമാണ്‌ എന്ന് പെട്രോളിയം മന്ത്രാലയം വിശദീകരിച്ചു.(അപ്പൊ മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞതോ?) 2013 സെപ്റ്റംബര്‍ 23 ന് ജസ്റ്റിസ്‌ കെ എസ് പുട്ടസ്വാമിയുടെ ഹര്‍ജിയില്‍ വാദം കേട്ട സുപ്രീം കോടതി, കേന്ദ്ര സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ല എന്നു പറയുകയുണ്ടായി. ഇതില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം ഇത് വരെ വന്നിട്ടില്ല.6) കുറ്റമറ്റ ഈ സംവിധാനത്തിന്‍കീഴില്‍ ആളുകളെ എന്‍ റോള്‍ ചെയ്യിക്കുന്നത് അത്ര കുറ്റമറ്റ രീതിയിലല്ല. എന്‍ റോള്‍ ചെയ്യാന്‍ ചുമതലപ്പെട്ട വിവിധ ഏജന്‍സികള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ല എന്ന് വേണം കരുതാന്‍. ആന്ധ്രാപ്രദേശിലെ അനന്ത്പൂര്‍ ജില്ലയില്‍ "മല്ലിചെടി" യുടെ പേരില്‍ ആധാര്‍ കാര്‍ഡു വന്ന സംഭവം ഇതിനു ഉത്തമ ഉദാഹരണമാണ്. വിലാസം ഏറെക്കുറെ ഇങ്ങനെയായിരുന്നു-S/O Mr. Biriyani, Raw Mango Village, Jambuladinne, Anantpur district. ഫോട്ടോ ഒരു മൊബൈല്‍ ഫോണിന്റെതും . ബാബുറാവു ദുദുസ്കര്‍ എന്നയാള്‍ക്ക് സ്വന്തം ഫോട്ടോയ്ക്ക് പകരം ഭാര്യയുടെ ഫോടോയുള്ള കാര്‍ഡ് കിട്ടിയ സംഭവം നടന്നത് പൂനെയിലാണ്. ഇങ്ങനെയുള്ള തെറ്റുകുറ്റങ്ങള്‍ ഒരുപാടുള്ള ആധാറിനെ ആശ്രയിച്ച് പൊതുജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് ശരിയാണോ?

പരിചയപ്പെടുത്താന്‍ ഒരു ആളുണ്ടായാല്‍ ആര്‍ക്കും ആധാര്‍ ലഭിക്കും; ഇന്ത്യന്‍ പൌരന്മാര്‍ക്ക് മാത്രമല്ല ഇന്ത്യയിലെ അനധികൃത താമസക്കാര്‍ക്ക് പോലും. സബ്സിഡി അടക്കമുള്ള ഗവണ്മെന്റ് ആനുകൂല്യങ്ങള്‍ അങ്ങനെ എല്ലാവര്ക്കും ലഭിക്കും. ഇതും പ്രധാനപ്പെട്ട ഒരു പോരായ്മയാണ്. പോരാത്തതിനു ആര്‍ക്കും ആധാര്‍ കാര്‍ഡ് ലഭിക്കുമെന്നായാല്‍ അത് പ്രധാനപ്പെട്ട ഒരു സുരക്ഷാവെല്ലുവിളി തന്നെയാകും.


7) ആധാറിനോട് ഏറെക്കുറെ സമാനമായ രീതിയിലുള്ള ഒരു പ്രൊജക്റ്റ്‌ ബ്രിട്ടന്‍ 2010 ജൂണില്‍ വേണ്ടെന്നു വച്ചിരുന്നു. നാഷണല്‍ ഐഡന്റിറ്റി രജിസ്റ്റര്‍ വേണ്ടെന്നു വച്ചു  ബ്രിട്ടന്റെ ഹോം സെക്രട്ടറി തെരേസ മേ പറഞ്ഞത് ഇങ്ങനെ  - " The national identity card scheme represents the worst of Government. It is intrusive, bullying, ineffective and expensive.It is an assault on individual liberty that does not promise a greater good".8) (ഇനിയൊരു കാട് കയറിയ ചിന്ത) - ആധാര്‍ വിവര ശേഖരണവും അതിന്റെ പ്രോസസ്സിങ്ങും നടത്തുന്ന കമ്പനികളില്‍ Accenture, L1 Identity solutions എന്നിവയുള്‍പ്പടെ പല വിദേശ കമ്പനികളും ഉള്‍പ്പെടുന്നു. സ്വാഭാവികമായും ഇന്ത്യയിലെ വിവരങ്ങള്‍ മറ്റൊരു രാജ്യത്തിലേക്ക് ചോര്‍ത്തപ്പെടാം.ഇത് വന്‍ തോതിലുള്ള സുരക്ഷാവെല്ലുവിളി ഉയര്‍ത്തുന്നു. ആധാറിലെ പ്രധാനപ്പെട്ട data,  പേര് ചേര്‍ക്കുമ്പോള്‍ കൊടുക്കുന്ന വിരലടയാളമോ അച്ഛന്റെ പേരോ വയസ്സോ ഒന്നുമല്ല. മറിച്ച്, ഈ ഐ ഡി ഉപയോഗിക്കുന്ന ആളിന്റെ ട്രാക്ക് റെക്കോര്ഡ് ആണ്. ആധാര്‍ നിരവധി ഗവണ്മെന്റ്സേവനങ്ങളുമായി ബന്ധിപ്പിക്കുന്നതോടെ ജീവിതത്തിന്റെ നാനാ തുറകളിലും ഇത് ആവശ്യമായി വരും. ഏതൊക്കെ സേവനങ്ങള്‍ എപ്പോഴൊക്കെ വിനിയോഗിച്ചു എന്നതാണ് പ്രധാന വിവരം. ട്രെയിന്‍, പ്ലയിന്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയാല്‍ ഒരാള്‍ എവിടെയൊക്കെ പോയി എന്നത് നിഷ്പ്രയാസം മനസ്സിലാക്കാം. അതുപോലെ തന്നെ ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൌണ്ടിലെ കൈമാറ്റങ്ങള്‍ അപ്പപ്പോള്‍ ആധാറിലേക്ക് ചേര്‍ക്കാം. ഒരാള്‍ എന്തൊക്കെ സാധനങ്ങള്‍ വാങ്ങി, എപ്പോഴാണ് വാങ്ങിയത് എന്ന് തുടങ്ങി എല്ലാ വിവരങ്ങളും ആധാറില്‍ ഉണ്ടാവും. ഇത്തരം വിവരങ്ങളൊക്കെ ഇപ്പോള്‍ ദുരുപയോഗം ചെയ്യപ്പെടില്ലായിരിക്കാം. പക്ഷെ ഒരു ഏകാധിപത്യ ഭരണമോ അടിയന്തരാവസ്ഥയോ മറ്റോ വന്നാല്‍ ഇപ്പറഞ്ഞതിന് പ്രസക്തി വരും.പോലീസ്, ഐ ബി ഡാറ്റാബേസുകളുമായി ആധാര്‍ ബന്ധിപ്പിച്ചേക്കാം. വ്യാജ ഏറ്റുമുട്ടല്‍ പോലെയുള്ള സംഭവങ്ങള്‍ നടക്കുന്ന നമ്മുടെ രാജ്യത്ത് ഇത് ഒരു പക്ഷെ മനുഷ്യാവകാശ പ്രശ്നങ്ങളുടെ ഒരു ശൃംഖല തന്നെ സൃഷ്ടിച്ചേക്കാം.

( ഇങ്ങനെയൊന്നും ഒരിക്കലും സംഭവിക്കില്ലായിരിക്കാം... എങ്കിലും ഒരു സാധ്യത അവതരിപ്പിച്ചു എന്ന് മാത്രം.)

ഈ പദ്ധതിക്കെതിരെ ഇത് വരെ വന്ന ആരോപണങ്ങളെല്ലാം തന്നെ മുകളില്‍ വിവരിച്ചിട്ടുണ്ട്. വി ആര്‍ കൃഷ്ണയ്യര്‍, റോമില ഥാപ്പര്‍, അരുണ റോയ്, ജസ്റിസ് എ പി ഷാ തുടങ്ങിയവര്‍ 2010 സെപ്തംബറില്‍ ഈ പ്രോജക്റ്റ് അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി.
മുകളില്‍ സൂചിപ്പിച്ചത് പോലെ റീതിക ഖേറ അടക്കം പലരും ഇതിന്റെ വരവ് ചെലവു കണക്കുകള്‍ തള്ളിക്കളയുന്നു. കര്‍ണാടക ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റിസ് കെ എസ് പുട്ടസ്വാമി സുപ്രീം കോടതി യില്‍ ആധാറിനെതിരെ പൊതുതാത്പര്യ ഹര്‍ജി നല്‍കുകയുണ്ടായി. സ്വതന്ത്ര നിയമ ഗവേഷകയായ ഉഷാ രാമനാഥന്‍ 2013 ജൂലൈയില്‍ ദി സ്റ്റേറ്റ്സ്മാന്‍ പത്രത്തിലെഴുതിയ പതിനാറു ലേഖനങ്ങളുടെ പരമ്പര, ഈ പദ്ധതിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് നടത്തിയത്. ഇത്തരത്തില്‍ പല കോണുകളില്‍ നിന്നും പ്രമുഖരായ പല ആളുകളും  പല സംശയങ്ങളും പ്രകടിപ്പിച്ച സാഹചര്യത്തില്‍ UIDAI യോ കേന്ദ്ര സര്‍ക്കാരോ പ്രതികരിക്കേണ്ടത് അനിവാര്യമാണ്.

****
References.
My primary reference and inspiration to write this piece, was a series of 16 articles published in "The Statesman" by Usha Ramanathan. (Link) This link will give you more idea about the problem. Many of my references are shown in the form of hyperlinks throughout the article. 

Tuesday, 20 August 2013

കുഞ്ഞൂഞ്ഞ് കഥകള്‍

(ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ...etc.......

*********
ചോരചിന്താത്ത സഹന സമരമെന്ന നിലയില്‍ ചരിത്രത്താളുകളില്‍ ഇടം നേടിയ  സെക്രട്ടറിയേറ്റ് ഉപരോധസമരകാലത്ത്, സെക്രട്ടറിയേറ്റ് ജീവനക്കാരായ എന്റെ അമ്മാവനും അമ്മായിയും ബന്ധുവീടുകളില്‍ കറങ്ങാനിറങ്ങി. അക്കൂട്ടത്തില്‍ ഒരു ദിവസം ഞങ്ങടെ വീട്ടിലും  വന്നു.
അമ്മാവനും അമ്മായിയും തനിച്ചല്ല, അവരുടെ ഗസറ്റഡ് അനുരാഗവല്ലിയിലെ ആദ്യത്തെ മലരും കൂടെ ഉണ്ടായിരുന്നു. - കുഞ്ഞൂഞ്ഞ്, രണ്ടാം ക്ലാസ്.!!!.

കുഞ്ഞൂഞ്ഞ് വീട്ടിലേക്കു കേറിയ ഉടനെ ഞാന്‍ കുശലം പറഞ്ഞു തുടങ്ങി- " ഡാ കുഞ്ഞൂഞ്ഞേ,, നീ ഇപ്പഴും കെടന്നു മുള്ളുവോടാ?"

ചെക്കന്‍ ഓടി വന്ന് ഒറ്റത്തൊഴി!!.

എന്റമ്മേ !! ഇടിവണ്ടിയില്‍ വച്ചു പോലും ഇതുപോലൊരു തൊഴി കിട്ടിയിട്ടില്ല. എന്തോന്നെടേയ് ഇത്? നീ ദിവസവും നാല് ലിറ്റര്‍ പാല് കുടിക്കുന്നുണ്ടോ?

അമ്മായി പിടിച്ചെഴുന്നേപ്പിച്ചു കസേരയില്‍ കൊണ്ടുചെന്നിരുത്തി.

അവനെ കുഞ്ഞൂഞ്ഞേ ന്ന് വിളിക്കുന്നത്‌ അവനിഷ്ടല്ലാത്രേ.....രണ്ടാഴ്ചയായിട്ട് കുഞ്ഞൂഞ്ഞേ ന്ന് വിളിക്കുന്നവരെ ആക്രമിക്കാനും തുടങ്ങിയത്രേ..
കുട്ട്യോളുടെ ഓരോ വാശികളേയ്....

പല മഹാന്മാര്‍ക്കും ഇത്തരം "സില്ലി" പേരുകളാണ് ഉള്ളതെന്ന് വല്ലോം അവനറിയാവോ....എന്റെ പേര് തന്നെ ഉദാഹരണം...ഞാന്‍ മഹാനായത് കൊണ്ട് പറഞ്ഞതല്ല കേട്ടോ .... ;)

*************

ഒന്നര ദിവസം കഴിഞ്ഞു  സോളാര്‍ സമരം തീര്‍ന്നതറിഞ്ഞ് അവര് മടങ്ങി
.
മടങ്ങുമ്പോ "കുഞ്ഞൂഞ്ഞേ റ്റാറ്റാ"  എന്ന് പറഞ്ഞത് കൂടെ കൂട്ടി ആകെ മൊത്തം ഇരുനൂറ്റിപ്പതിനൊന്നു തവണ ഞാന്‍ "കുഞ്ഞൂഞ്ഞേ" ന്ന് വിളിച്ചു...

ഹി ഹി...


******************************

(പിന്കുറിപ്പ്: എന്നാലും ചെക്കനെന്തേ അങ്ങനെ തോന്നാന്‍? ഇനിയിപ്പോ "ശശി" യുടെ മാര്‍ക്കെറ്റ് ഇടിഞ്ഞതുപോലെ എങ്ങാനും കുഞ്ഞൂഞ്ഞിന്റെയും മാര്‍ക്കറ്റ് ഇടിഞ്ഞോ? അതിനു തക്കതായി ഇവിടെ എന്ത് സംഭവിച്ചു?)

*******

Tuesday, 23 July 2013

NIT യിലെ ഒരു കവി..

മാസങ്ങള്‍ക്ക് മുമ്പ്.....
സമയത്തെ,  റ്റാറ്റാ പറഞ്ഞു യാത്രയാക്കാന്‍ പോലും ഇഷ്ടം പോലെ സമയമുണ്ടായിരുന്ന വൈകുന്നേരങ്ങളിലൊന്നില്‍,
എന്‍ ഐ ടി യുടെ കള്‍ച്ചറല്‍ ഫെസ്ടിവലായ രാഗത്തിന്റെ സൈറ്റില്‍ കേറി ഓണ്‍ലൈന്‍ ട്രഷര്‍ ഹണ്ട് കളിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ ഈ വരികൾ എന്റെ ശ്രദ്ധയില്‍ പെട്ടത്. അത് ഞാൻ അന്ന് പകർത്തിയെടുത്ത് സൂക്ഷിച്ചു. വർഷങ്ങൾ നീണ്ട ക്യാമ്പസ്‌  ജീവിതത്തിന്റെ  ഈ അന്ത്യദിനങ്ങളിൽ, കാരണമറിയാത്ത ഒരുള്പ്രേരണയാൽ ഞാനത് ചികഞ്ഞെടുത്തു പോസ്റ്റുന്നു...


"A strange feeling, the end is near

I came a child, I will leave a man

Long years have I resided here

Learned and explored all that I can
As I bid good bye, my heart lies sore

soon comes my last chance to be young once more

The celebration of colour and song

The crowds and the music everyday

One last time on the stage where I belong

Before I depart on life's way..."

എല്ലാരും ഹാപ്പിയാണ്...

//This is a personal post. No harm intended. Just documenting my vague thoughts...
-----------------------------------------------------------------------------------------------------------

പെരുന്നാള്‍ കുര്‍ബാന തീര്‍ന്ന സമയത്ത് തൃശ്ശൂര് നിന്ന് വന്ന വറീത് ചേട്ടനും മകനും കൂടി അഞ്ചു മാലയാണ് ഒന്നിച്ചു പൊട്ടിച്ചത്. പടക്കം പൊട്ടുന്നത് കേട്ട് അന്തോനീസു പുണ്യാളനും യൌസേപ്പ് പിതാവും ഞെട്ടി....പക്ഷെ ഇപ്പുറത്തിരുന്ന ഗീവര്‍ഗീസ് പുണ്യാളന്‍ ഞെട്ടിയില്ല... കാരണം അങ്ങേര്‍ക്ക് അത് കേള്‍ക്കാന്‍ പറ്റിയില്ല. പുണ്യാളന്റെ രൂപക്കൂട് അത്രക്ക് ടൈറ്റ് ആയിട്ട് സീല്‍ ചെയ്തിരുന്നു...
****
പുണ്യാളന്‍ വന്ന കാലം മുതലേ രൂപക്കൂട്ടിലായിരുന്നു...അതില്‍നിന്നു പുറത്തിറങ്ങാന്‍ പറ്റിയിട്ടേയില്ല.. പോര്ച്ചുഗീസില്‍നിന്നു വന്നപാടെ ഫോര്‍ട്ട്‌ കൊച്ചീന്ന് വന്ന കണക്കുകട്ടത്തില്‍ വലിയ മാര്‍ക്കോസ്  ആശാരി  പുള്ളിക്കാരനെ ചില്ലുകൂട്ടിലാക്കി.. ആശാരി  പുലിയായിരുന്നു...  രൂപക്കൂട് സൌണ്ട് പ്രൂഫ്‌ ആക്കിയിട്ട് അങ്ങേരു സീന്‍ വിട്ടു...പുണ്യാളന്‍ ശശി ആയി...

അരമനേന്നു ബിഷോപ്പു വന്നു പുണ്യാളനെ പള്ളിയുടെ സൈഡില്‍ പ്രതിഷ്ഠിച്ചു.....മിണ്ടാനും പറയാനും ഒരാളായല്ലോ എന്നു കരുതി അന്തോനീസു പുണ്യാളന്‍ ഹാപ്പി ആയി...  പക്ഷെ ഗീവര്‍ഗീസ് പുണ്യാളന്റെ ശബ്ദം ചില്ലുകൂട്ടില്‍നിന്നു പുറത്തേക്കു വന്നതേയില്ല.... ആശാരിയെ പുണ്യാളന്‍ മനസ്സില്‍ തെറി പറഞ്ഞു...

പിന്നീട് കാലാകാലങ്ങളോളം പുണ്യാളന്‍ കേള്‍ക്കാന്‍ പറ്റാതെ അവിടെ ഇരുന്നു.... നാളെ ടീച്ചര്‍ തല്ലെല്ലേ എന്നു ജോസൂട്ടന്‍  പ്രാര്‍ത്ഥിച്ചതും,  അപ്പുറത്തെ സാറാമ്മേടെ കൂട്ട് ഒരു മിന്നുന്ന പട്ടുസാരി മേടിച്ചു തരണേന്നു മേരി ചേച്ചി കരഞ്ഞു പ്രാര്‍ത്ഥിച്ചതും,  കുര്‍ബാന പെട്ടെന്ന് ചെല്ലിതീര്‍ക്കാനുള്ള നല്ല ബുദ്ധി വികാരിയച്ചന് കൊടുക്കണേ എന്നു കപ്യാര് പ്രാര്‍ഥിച്ചതും, ഈ ആഴ്ച കഴിഞ്ഞ തവണത്തെക്കാള്‍  പൈസ സ്തോത്രക്കാഴ്ചയായിട്ടു പിരിഞ്ഞു കിട്ടണേ എന്നു വികാരിയച്ചന്‍ പ്രാര്‍ഥിച്ചതും പുണ്യാളന് കേള്‍ക്കാന്‍ പറ്റിയില്ല...

 ഉദ്ദിഷ്ടകാര്യം സാധിക്കാതെ കുഞ്ഞാടുകള്‍ ഉപകാരസ്മരണ പരസ്യം കൊടുക്കുകയേ ഇല്ല... അതവരുടെ ഒരു രീതിയാണ്, കുറ്റം പറഞ്ഞിട്ട് കാര്യമില്ല...കാലം ചെല്ലുംതോറും പുണ്യാളന്റെ മുന്നിലെ തിരക്ക് കുറഞ്ഞു കൊണ്ടേയിരുന്നു... ആളുകള്‍, ഓപ്പോസിറ്റ് സൈഡില്‍ ഉള്ള അന്തോനീസു പുണ്യാളന്റെ അടുത്തേക്ക് ഭക്തി ഷിഫ്റ്റ്‌ ചെയ്തു..പുണ്യാളന്‍ അല്ലെങ്കില്‍ കൈയിലുള്ള കുന്തം, അതുമല്ലെങ്കില്‍ പാമ്പ് എന്ന ഫിലോസഫിക്ക്  ആള്‍ക്കാര്‍ക്കിടയില്‍  ഫോളോവേഴ്സ് ഒരുപാടുണ്ടായി... പലരും ലൈക്കടിച്ചു!!.... എങ്കിലും ന്യൂസ്‌ ഫീഡില്‍  അപ്ഡേറ്റ് തുരുതുരാ വന്നപ്പോള്‍ ജോണിക്കുട്ടി മാത്രം അണ്‍ഫ്രണ്ട് ചെയ്തുകളഞ്ഞു...

കാര്യങ്ങളുടെ ഗതിപരിണാമങ്ങളില്‍ പുണ്യാളന് പന്തികേട്‌ തോന്നി...എങ്കിലും പുള്ളി നിസഹായനായിരുന്നു..

കുറെ കൊല്ലങ്ങള്‍ കടന്നു പോയി...ഇ എം എസ് രണ്ടു തവണ കേരളം ഭരിച്ചു...."ആമേന് " ക്ലാസ്സിക് സിനിമ ആയി പരക്കെ അംഗീകരിക്കപ്പെട്ടു...ജോസൂട്ടന്‍, പള്ളിവക സ്കൂളില്‍ മാഷായി പിള്ളേരെ തല്ലാന്‍ തുടങ്ങി....മേരി ചേച്ചി മരിച്ചു പോയെങ്കിലും അവരുടെ കെട്ടിയോന്‍ തോമ്മാ ചേട്ടന്‍ എല്ലാ വര്‍ഷവും സാരികള്‍ മേടിച്ചു കൊണ്ടേയിരുന്നു...സെമിത്തേരിയില്‍ മേരി ചേച്ചീടെ കല്ലറയ്ക്ക് മേലെ വച്ചിരുന്ന സാരി, സാറാമ്മ ആരും കാണാതെ അടിച്ചുമാറ്റി.
***********
വറീതിന്റെ കരിമരുന്നു കലാപ്രകടനത്തിനു ശേഷം  പ്രദക്ഷിണം തുടങ്ങി....ഈ സമയത്ത് ചിന്തിക്കടേല് കറങ്ങി നടക്കരുതെന്ന് അച്ചന്‍ മൈക്കിലൂടെ വിളിച്ചു കൂവിയെങ്കിലും ഒരുത്തനും മൈന്‍ഡ് ചെയ്തില്ല... ഗായകസംഘത്തില്‍ ലീഡ് സിങ്ങര്‍ ആയി സ്വയം അപ്പോയിന്റ് ചെയ്ത സിസ്റ്റര്‍ ബെര്‍ണറീത്താ പാടുന്നതിനിടയില്‍ എണ്‍പത്തിമൂന്നു തവണ പിച്ച് ഔട്ട്‌ ആയി....ജോണിക്കുട്ടി ഒരു ഐസ് ക്രീം മേടിച്ചു ആലിസിനു കൊടുത്തെങ്കിലും അവള്‍ മേടിച്ചില്ല...അത് ജോണിക്കുട്ടി തന്നെ തിന്നു....

കുരിശുപള്ളി ചുറ്റി പ്രദക്ഷിണം പള്ളിയുടെ മുന്നില്‍ വന്നു...

സെന്റ്‌ സേവിയേഴ്സ് വാര്‍ഡുകാര് അന്തോനീസ് പുണ്യാളന്റെ രൂപക്കൂട് മൂന്നു തവണ പൊക്കിയിട്ടു പിടിച്ചു... ഇതിന്റെ വാശിക്ക് സെന്റ്‌ മൈക്കിള്‍സ് വാര്‍ഡുകാര് ഗീവര്‍ഗീസ് പുണ്യാളന്റെ രൂപക്കൂട് അതുപൊലെ പൊക്കിയിട്ടു ക്യാച്ച് പിടിക്കാന്‍ ശ്രമിച്ചെങ്കിലും മൂന്നാം തവണ അവരുടെ കയ്യീന്ന് പോയി... ......(slow motion)..... ഗ്രഹാം ഗൂചിന്റെ ക്യാച്ച് വിട്ട കിരണ്‍ മോറെ നിന്നത് പോലെ സെന്റ്‌ മൈക്കിള്‍സ് വാര്‍ഡുകാര് നിന്നു..

അത്ഭുതം !!! രൂപക്കൂടിനു ഒന്നും പറ്റിയില്ല... പോറല് പോലുമില്ലാതെ പുണ്യാളന്‍ രക്ഷപ്പെട്ടു... പള്ളിമുറ്റത്ത്‌ നിന്നിരുന്ന  കുഞ്ഞാടുകള്‍ ഭക്തിപരവശരായി ഈ കാഴ്ച കണ്ടുനിന്നു... സെമിത്തേരിപ്പറമ്പില്‍ കെട്ടിയിരുന്ന ആടുകള്‍ ഭക്തി തെല്ലുമില്ലാതെ പോതപ്പുല്ലു തിന്നു..... ഇതേ  സമയം തന്നെ, ഒലത്തിവച്ച പോത്തിന്റെ മണമടിച്ചതിനെതുടര്‍ന്ന്, മണിയടി ജോണിക്കുട്ടിയെ ഏല്‍പ്പിച്ചു കപ്യാര് ഉണ്ണാന്‍ പോയി...

****(twist)*****


നിലത്തു വീണതോടു കൂടി  രൂപക്കൂട്ടില്‍ ഒരു വിള്ളല്‍ രൂപപ്പെട്ടിരുന്നു... എന്നാല്‍ ജോണിക്കുട്ടിക്കൊഴികെ മറ്റാര്‍ക്കും അത് കണ്ടുപിടിക്കാന്‍ പറ്റിയില്ല... ജോണിക്കുട്ടിയാകട്ടെ അതാരോടും പറഞ്ഞുമില്ല.... പുണ്യാളന്റെ രൂപക്കൂട് ലീക്ക് ആയി.....അങ്ങനെ മാര്‍ക്കോസ് ആശാരി അടച്ചുപൂട്ടിയ രൂപക്കൂട്, സെന്റ്‌ മൈക്കിള്‍സ് വാര്‍ഡുകാര്  വീണ്ടും തുറന്നു....പുണ്യാളന്‍ ഹാപ്പി ആയി....

ശിഷ്ട കാലം... 

ഗീവര്‍ഗീസ് പുണ്യാളനും അന്തോനീസ് പുണ്യാളനും കൂടി മുഖത്തോടുമുഖം നോക്കിയിരുന്നു കൊച്ചുവര്‍ത്തമാനം പറഞ്ഞു....

നോട്ടു മാല ഇട്ടവര്‍ക്കും, പൈസ ഇടാതെ നേര്ച്ചയപ്പം എടുത്തവര്‍ക്കും,
രൂപക്കൂട് മുത്തിയവര്‍ക്കും അകലെ നിന്ന് ഫ്ലയിംഗ് കിസ് കൊടുത്തിട്ട് ഇറങ്ങിപ്പോയവര്‍ക്കും, 
കൈകള്‍  ഉയര്‍ത്തി ഉച്ചത്തില്‍ പ്രാര്‍ഥിച്ചവര്‍ക്കും കുര്‍ബാന സമയത്ത് വായിനോക്കി ഇരുന്നവര്‍ക്കും പുണ്യാളന്‍ പക്ഷപാതമില്ലാതെ ചോദിച്ചതൊക്കെ വാരിക്കോരി കൊടുത്തു.....കുഞ്ഞാടുകളുടെ ഉദ്ദിഷ്ട കാര്യങ്ങള്‍ ഉപകാരസ്മരണകള്‍ക്ക് വഴിമാറി.....പുണ്യാളന്‍ അങ്ങ് കേറി ഫേമസ് ആയി..."തലകുത്തി നില്‍പ്പ് " എന്നൊരു പുതിയ നേര്ച്ച അച്ചന്‍ ഇന്ട്രോഡ്യൂസ്  ചെയ്തു... തല കുത്തി നില്‍ക്കാന്‍ വേണ്ടി ദൂരദേശങ്ങളില്‍ നിന്ന് വരെ ആളുകള്‍ വന്നുകൊണ്ടിരുന്നു...അവരില്‍ പലരും നോട്ടു മാലകള്‍ പുണ്യാളന്റെ രൂപക്കൂട്ടില്‍ അണിയിച്ചു...മാലകളുടെ ഭാരം രൂപക്കൂടിനു താങ്ങാന്‍ പറ്റിയില്ലെങ്കിലോ എന്നോര്‍ത്ത്, കര്‍ത്താവിന്റെ കുരിശു ചുമന്ന  ശിമെയോനെപ്പോലെ, അച്ചന്‍ ആ ഭാരത്തിന്റെ സിംഹഭാഗവും തന്റെ പോക്കറ്റില്‍ ചുമന്നു...കപ്യാര് ഇതിനിടയ്ക്ക് പുതിയ വീട് പണിയുകയും നാല് പെണ്മക്കളെ കെട്ടിച്ചുവിടുകയും ചെയ്തു... 

മൊത്തത്തില്‍ കത്തനാരും കപ്യാരും കന്യാസ്ത്രീകളും കുഞ്ഞാടുകളും പുണ്യാളനും ഹാപ്പി.... :)

വാല്‍ക്കഷണം:
പക്ഷെ ഒരു തവണ മാത്രം പുണ്യാളന് ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടായി - ഏഷ്യാനെറ്റിലെ കുങ്കുമപ്പൂവ് ഒരിക്കലും തീരരുതേയെന്നു ജോണിക്കുട്ടിയുടെ അമ്മ ലില്ലിക്കുട്ടിയും എങ്ങനെയെങ്കിലും ഈ നശിച്ച സീരിയല്‍ ഒന്ന് തീരണേ എന്നു ജോണിക്കുട്ടിയുടെ അപ്പന്‍ മാത്തുക്കുട്ടിയും ഒരുമിച്ചു പ്രാര്‍ഥിച്ചപ്പോള്‍ .... അവസാനം പുണ്യാളന്‍ ഗതകാലത്തെ അനുസ്മരിച്ച് തനിക്കൊന്നും കേള്‍ക്കാന്‍ പറ്റുന്നില്ലെന്ന വ്യാജേന പ്രതിക്കൂട്ടില്‍ നിന്നു..(സോറി)  രൂപക്കൂട്ടില്‍ നിന്നു....


(കടപ്പാട് : ആമേന്‍ , ലിജോ ജോസ് പെല്ലിശ്ശേരി , പ്രാഞ്ചിയേട്ടന്‍)

//I am posting this as a personal note only. No hard feelings...