Thursday, 19 July 2012

തുണിക്കട കോര്‍പ്പറേറ്റുകള്‍...

തൊണ്ണൂറുകളിലെ ഒരോണക്കാലത്താണു ഈ പോസ്റ്റിനാധാരമായ സംഭവം നടക്കുന്നത്‌...

 എണ്റ്റെ പ്രിയ സുഹൃത്ത്‌ ശ്രീമാന്‍ ചാത്തുണ്ണി അന്ന്‌, കോട്ടയത്തെ അതിപ്രശസ്തമായ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ സെയിത്സ്മാനായി ജീവിതം തള്ളി നീക്കുന്നു. "അതൊരു കാലമായിരുന്നെടാ" എന്ന മട്ടിലുള്ള   സെന്റി ഡയലോഗുകൾ ഇടയ്ക്കിടെ അവൻ തട്ടിവിടാറുണ്ട്  . ജീവിതം കരുപ്പിടിപ്പിക്കാന്‍ പെടാപ്പാടു പെട്ട ആ നാളുകള്‍ തണ്റ്റെ ജീവിതത്തിലെ അതിമനോഹരമായ ഏടായിരുന്നു എന്നൊക്കെ കൂതറ സാഹിത്യം പോലും അടിച്ചു കളയും ചില നേരത്ത്. അങ്ങനെ പഴയ കഥകളൊക്കെ അയവിറക്കിയ കൂട്ടത്തില്‍ പറഞ്ഞൊരു സംഭവമാണു ഞാനിവിടെ കുറിക്കുന്നത്‌. 


***


ഒരു ദിവസം സന്ധ്യയോടു കൂടി, ഒരു അമ്പത്‌ വയസ്സിനു മേല്‍ പ്രായമുള്ള മൂപ്പിലാന്‍ കടയില്‍ കേറി വന്നു. രണ്ടു ഷര്‍ട്ട്‌ എടുക്കുകയായിരുന്നു അയാളുടെ ഉദ്ദേശം. കുറെ നേരത്തെ തപ്പിത്തടയലിനും തൊട്ടുനോക്കലിനും ശേഷം പുള്ളിക്ക്‌ രണ്ട്‌ ഷര്‍ട്ട്‌ ഇഷ്ടപ്പെട്ടു. അയാള്‍ കുറെ നേരം ഷര്‍ട്ട്‌ തിരിചും മറിച്ചും നോക്കി. നല്ല ഒന്നാന്തരം ബ്രാന്‍ഡഡ്‌ തുണിയാണെന്നും ഇത്‌ പോലെയൊരു ഓഫര്‍ തനിക്കു ജീവിതത്തില്‍ കിട്ടില്ല എന്നും മറ്റുമൊക്കെ ചാത്തു തട്ടിവിട്ടു. പിന്നെയും അയാള്‍ ഷര്‍ട്ട്‌ കയ്യിലെടുത്ത്‌ തിരുമ്മി നോക്കുന്നതു കണ്ട്‌ ചാത്തുവിനു കലി വന്നെങ്കിലും, സൌമ്യവദനനായി നിന്ന്‌ ഒരിക്കലും കളറിളകില്ല, നൂലു പൊങ്ങില്ല, നരയ്ക്കില്ല എന്നിങ്ങനെ തുടങ്ങി എല്ലാ നമ്പരുകളും പരീക്ഷിച്ചു. ഒടുവില്‍ ചാത്തുവിണ്റ്റെ ശ്രമം വിജയിക്കുക തന്നെ ചെയ്തു. ചാത്തുവിണ്റ്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ " രണ്ട്‌ ഷര്‍ട്ട്‌ എടുക്കാന്‍ വന്നവന്‍ രണ്ട്‌ ഷഡ്ഡിയും കൂടെ എടുത്തിട്ടാണു പോയത്‌".


***

 ഇനിയാണ്‌ സംഭവങ്ങളുടെ യഥാര്‍ത്ഥ റ്റ്വിസ്റ്റ്‌ .....


 ***

കൃത്യം ഒരാഴ്ചയ്ക്കു ശേഷം തിരക്കുള്ള ആ ത്രിസന്ധ്യാ നേരത്ത്‌ അയാള്‍ വീണ്ടും വന്നു. നേരെ മാനേജരുടെ അടുത്തേക്കാണു പോയത്‌. ചെന്ന പാടെ അയാള്‍ കയ്യിലുണ്ടായിരുന്ന കൂടില്‍നിന്ന്‌ രണ്ട്‌ ഷര്‍ട്ടുമെടുത്തു മാനേജരുടെ മുമ്പിലേക്കിട്ടു. ഷര്‍ട്ടിണ്റ്റെ കളറിളകുന്നുണ്ടെന്നും പൈസ തിരിച്ചു വേണമെന്നും അയാള്‍ ആവശ്യപ്പെട്ടു.

 പറ്റില്ലെന്നു മാനേജര്‍ കട്ടായം പറഞ്ഞു. 7 ദിവസം കഴിഞ്ഞതിനാല്‍ തിരികെ എടുക്കാന്‍ യാതൊരു നിര്‍വാഹവുമില്ലെന്നു മാനേജര്‍ ബില്ല്‌ കാണിച്ചു തര്‍ക്കിച്ചു. 
കളറിളകുന്നതാണോ എന്നു സെയിത്സ്മാന്‍ ചാത്തുവിനോട്‌ പ്രത്യേകം ചോദിച്ചിരുന്നുവെന്നും അപ്പോള്‍ ഇതു ലോകോത്തര സാധനമാണെന്നു അവകാശപെട്ടെന്നും മറ്റുമൊക്കെ മൂപ്പിലാനും പറഞ്ഞു. തര്‍ക്കം മൂത്തു. രണ്ട്‌ കൂട്ടരും വിടാന്‍ ഭാവമില്ല.

 തുണിക്കടയിലെ തിരക്കേറിയ 'പ്രൈം റ്റൈം' ആയതിനാലും ഒരുപാടു കസ്റ്റമേഴ്സ്‌ വായിനോക്കി നില്‍പുണ്ടെന്നു മനസ്സിലായതിനാലും സാധാരണ മാനേജര്‍മാര്‍ ചെയ്യുന്നതു പോലെ തന്നെ അങ്ങേരും ചെയ്തു -

 " ഇയാളെ പിടിചു പുറത്താക്കെടോ"

 ഒരു പണിയുമില്ലാതെ നിന്നിരുന്ന സെക്യൂരിറ്റി സന്തോഷത്തോടെ വന്നു കൃത്യ നിര്‍വഹണം നടത്തി. കട പിന്നെയും പഴയതു പോലെയായി. 


***രണ്ടാമത്തെ റ്റ്വിസ്റ്റ്‌... ****


 ഒരു പത്തു മിനിട്ടു കഴിഞ്ഞു.. കടയ്ക്കു മുമ്പില്‍, കെ കെ റോഡിണ്റ്റെ അരികിലായി, ഒരു ചെറിയ ആള്‍ക്കൂട്ടം.... 

നേരത്തെ പറഞ്ഞ മൂപ്പിലാന്‍ ആള്‍ക്കൂട്ടത്തിണ്റ്റെ നടുക്കു കുത്തിയിരിക്കുകയാണ്‌. മുമ്പില്‍ ഒരു ബക്കറ്റ്‌ നിറച്ച്‌ വെള്ളവും.....

ഇടയ്ക്കിടെ രണ്ടു ഷര്‍ട്ടും മാറിമാറി വെള്ളത്തില്‍ മുക്കിക്കൊണ്ടിരിക്കുന്നു... ഷര്‍ട്ട്‌ ഓരോ തവണ മുങ്ങിപ്പൊങ്ങുമ്പോഴും വെള്ളത്തിണ്റ്റെ നിറം കൂടിക്കൂടി വന്നു - കടയ്ക്കു മുന്‍പിലെ ആള്‍ക്കൂട്ടവും...


 മോഡലുകളെ, പാതി തുണിയുടുപ്പിച്ച്‌ ദിനപ്പത്രങ്ങളില്‍ നിരത്തി നിര്‍ത്തിയുണ്ടാക്കുന്നതിനേക്കാള്‍ പബ്ളിസിറ്റി വെറും അഞ്ചു മിനുട്ട്‌ കൊണ്ട്‌ മൂപ്പിലാന്‍ കടയ്ക്ക്‌ ഉണ്ടാക്കിക്കൊടുത്തു.... 


ശേഷം ,,, 

മാനേജര്‍ കിളവണ്റ്റെ കാലില്‍ വീഴുന്നു, കെഞ്ചുന്നു, കരയുന്നു...വമ്പിച്ച ഒരു സീന്‍... 

ഒടുക്കം, ഷര്‍ട്ടിണ്റ്റെ രണ്ടിരട്ടി വിലയും വാങ്ങി കിളവന്‍ സ്ഥലം വിട്ടു... 


*** 

അന്നു ആ പാതയോരത്തു വച്ച്‌ മാനേജര്‍ തിരിച്ചറിഞ്ഞു-- താന്‍ വെറുമൊരു കോര്‍പ്പറേറ്റ്‌ ഞാഞ്ഞൂലാണെന്ന്‌.... ആ കെളവന്‍ ഒരു വിപ്ളവകാരിയായിരുന്നുവെന്ന്‌...

1 comment:

  1. മാനേജരുടെ തിരിച്ചറിവ്...
    ഹ..ഹ..
    നന്നായി..

    ReplyDelete