Wednesday, 27 June 2012

ത്രിവിക്രമന്‍...

ഈ പോസ്റ്റ്‌ ഇടുക എന്നൊരു ലക്ഷ്യസാക്ഷാല്‍ക്കാരത്തിന്  വേണ്ടി ഞാന്‍ ഒരു സംഭവം പറയാം...

ഞാന്‍  നവോദയയില്‍ താമസിച്ചു പഠിച്ചിരുന്ന കാലത്ത്  എന്നോടൊപ്പം വിക്രമന്‍ എന്ന് പേരുള്ള ഒരു സുഹൃത്തുണ്ടായിരുന്നു.(യഥാര്‍ത്ഥ പേര് വിക്രം ). കക്ഷി  ആളൊരു ബഡാ ടീമായിരുന്നു.....

എന്ന് വച്ചാല്‍  ടീചെര്‍മാര്ക് പോലും ഉത്തരം  അറിയാത്ത  തരം ചോദ്യങ്ങള്‍ ചോദിക്കുക, ഗുണിക്കാനും ഹരിക്കാനും സ്ക്വയര്‍ റൂട്ട് കാണാനുമുള്ള എളുപ്പവഴികള്‍ സ്വയം കണ്ടെത്താന്‍ ശ്രമിക്കുക,  തന്നോട് തന്നെ സംസാരിക്കുക, എപ്പോഴും എന്തെങ്കിലും ആലോചിച്ചു കൊണ്ട് നടക്കുക , സങ്കല്‍പ്പങ്ങളിലെ കാമുകിക്ക് കൊടുക്കാന്‍, പ്രേമലേഖനം ആണെന്ന് പുള്ളി അവകാശപ്പെടുന്ന സാധനം നോട്ടിന്റെ പിന്നില്‍ എഴുതി ക്കൂട്ടുക, മമ്മൂട്ടിയെ നായകനാക്കി സ്വയം ഉണ്ടാക്കുന്ന സിനിമാകഥ നാല് പേരെ വിളിച്ചു കൂട്ടി സീന്‍ ബൈ സീന്‍ വിവരിക്കുക  ഇതൊക്കെ പുള്ളിയുടെ സ്ഥിരം കലാപരിപാടികളായിരുന്നു.. 


നവോദയയില്‍ മാസാമാസമാണ് വീട്ടുകാരെ കാണല്‍. മാസത്തിലൊരു ദിവസം(രണ്ടാം ശനി) വീട്ടുകാര്‍ക്ക് വന്നു കാണാം. അതല്ലാതെ വീട്ടില്പ്പോക്ക് - കല്യാണം, മരണം എന്നിങ്ങനെ അത്യാവശ്യങ്ങളില്‍ മാത്രം, പിന്നെ ഓണം, ക്രിസ്മസ്, പൂജ, വല്യവധി.
 ആറാം ക്ലാസ്സില്‍ വരുമ്പോള്‍ പിള്ളാര്‍ക്കൊരു ചെറിയ ബുദ്ധിമുട്ടൊക്കെ ഉണ്ടാകുമെങ്കിലും പതുക്കെ പതുക്കെ അതങ്ങ് സെറ്റപ്പായിക്കൊള്ളും. അവസാനം പന്ത്രണ്ടാം ക്ലാസില്‍ വച്ച് പിരിഞ്ഞു പോകാനാണ് പിള്ളാര്‍ക്ക് മടി.

ഞങ്ങള്‍ ആറാം ക്ലാസില്‍ വരുന്ന കാലത്ത് അവിടെ ഫോണൊന്നുമില്ല . വീട്ടിലേക്കു ബന്ധപ്പെടണമെങ്കില്‍ കത്തെഴുതുക തന്നെ വേണം. അതും പോസ്റ്റ്‌ കാര്‍ഡിലേ  എഴുതാന്‍ പറ്റൂ.
ഞാന്‍ നേരത്തെ പറഞ്ഞ കക്ഷിയില്ലേ -വിക്രമന്‍ . പുള്ളിയുടെ കത്തുകള്‍ നവോദയയിലെങ്ങും പ്രസിദ്ധമായിരുന്നു. കത്ത് പോസ്റ്റ്‌ കാര്‍ഡിലെഴുതിക്കുന്നത്  ടീചെര്മാര്‍ക്ക് സെന്‍സര്‍ ചെയ്യാന്‍ വേണ്ടിയാണ്. ഇവന്റെ കത്തുകള്‍ വായിച്ചിട്ട്  സ്റ്റാഫ്‌ റൂമില്‍ ചിരിയുടെ ഒരു പള്ളിപ്പെരുന്നാള് കഴിഞ്ഞു  സൗദാമിനി ടീച്ചര്‍ (ഞങ്ങടെ ക്ലാസ്സ്‌ ടീച്ചര്‍) ക്ലാസ്സിലേക്ക് വരും - ഒരു തൃശൂര്‍ പൂരം നടത്താന്‍ .......
പെണ്‍കുട്ടികളുള്‍പ്പടെയുള്ള ക്ലാസ്സില്‍ വച്ച് ടീച്ചര്‍ കത്തിലെ വീളിത്തരങ്ങള്‍ എല്ലാം ഒന്നൊഴിയാതെ വിളമ്പും. ഇതെല്ലാം കേട്ട് നാണം കേട്ടാലും അടുത്ത മാസവും സ്ഥിതി തഥൈവ. പോസ്റ്റ്‌ കാര്‍ഡു മാറി കോയിന്‍ ബോക്സ്‌ ഫോണ്‍ വന്നിട്ടും പുള്ളി സ്വന്തം പതിവുകള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

ഇന്റെര്‍വെല്ലുകളില്‍ മാത്രമേ ഫോണ്‍ വിളിക്കാന്‍ അവസരമുള്ളൂ എന്നതിനാല്‍ പ്രസ്തുത സമയങ്ങളില്‍ ഫോണിനു മുന്നില്‍ വന്‍ തിരക്കായിരിക്കും. അങ്ങനെ ഒരു ദിവസം ക്യൂവിന് മുന്‍പില്‍ ഫോണ്‍  ചെയ്തുകൊണ്ടിരുന്ന നമ്മുടെ നായകന്‍ ഉറക്കെ വിളിച്ചു കൂവുകയാണ് -

" മമ്മീ ,... അടുത്ത തവണ വരുമ്പോ... എനിക്കേയ് ... ഒരു വലിയ കുപ്പി ബൂസ്റ്റ്‌ കൊണ്ടുവരണം....ങാ വലുത് തന്നെ ... പിന്നെ കഴിഞ്ഞ തവണ, ചിക്കന്‍ ബിരിയാണി കൊണ്ടുവരാമെന്ന് പറഞ്ഞിട്ട് എന്നെ പറ്റിച്ചു.....(മുഖമൊന്നു കോട്ടി )... അടുത്ത തവണ ഉറപ്പായിട്ടും കൊണ്ടുവരണം....പിന്നേയ് .... ഒരു പാക്കറ്റ് ഫെയര്‍ ആന്‍ഡ്‌ ലവ് ലി യും കൊണ്ടുവരണം...ങാ....
ആ....ങാ.....എന്നാ ശരി..."

ആ സമയത്ത് ക്യൂവിലുണ്ടായിരുന്ന ചില മഹിളാരത്നങ്ങള്‍ പറഞ്ഞാണ് സംഭവം അറിയുന്നത്. പിന്നെ എല്ലാ കാലത്തും അവന്‍ ഫോണ്‍  ചെയ്യാന്‍ വരുമ്പോ ഭയങ്കര ക്യൂവായിരുന്നു. - വീട്ടിലേക്കു ഒരിക്കലും ഫോണ്‍ ചെയ്യാത്ത നൌഷാദ് മുതല്‍ ഈ ഞാന്‍ വരെ, അവന്റെ വിറ്റുകള്‍ കേള്‍ക്കാന്‍ ക്യൂവില്‍ നിന്നു..

ഞാന്‍ പറയാമെന്നു പറഞ്ഞ സംഭവം പറഞ്ഞില്ല അല്ലേ ...പറയാം.

************************
ഒരു ദിവസം....

രാത്രി എട്ടരയ്ക്ക് ഊണും കഴിഞ്ഞു സാറിന്റെ മുമ്പില്‍ തലയെണ്ണലിന് തലകാണിച്ച  ശേഷം    
ഹോസ്റ്റലില്‍ വന്നു  കുറച്ചു കഴിഞ്ഞപ്പോഴാണ് എവിടെ നിന്നോ ഒരു പാട്ട് പോലെ തോന്നിക്കുന്ന ഒരു സാധനം കേട്ടത്  . കുറച്ചു നേരം തപ്പി കഴിഞ്ഞു ഞാന്‍ സംഭവത്തിന്റെ ഉറവിടം കണ്ടുപിടിച്ചു...

വിക്രമന്‍ സ്വയം മറന്നു പാടുകയാണ്. എനിക്ക് മുമ്പേ രണ്ടു മൂന്നു പേര് ശ്രോതാക്കളായിട്ടുണ്ട്.
അതിലൊരുത്തന്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് വിക്രമന്റെ കൈവിരലുകള്‍ക്കിടയില്‍ കിടന്നു പിടയ്ക്കുന്ന ഒരു കൊതുകിനെ ഞാന്‍ കണ്ടത്...ഇതെന്താ സംഭവം എന്ന് ചോദിക്കണോ വേണ്ടയോ എന്ന് ശങ്കിച്ച് നില്‍ക്കുമ്പോള്‍ വിക്രമന്റെ ശബ്ദം ഉയര്‍ന്നു  .

"ചെവിയിലോട്ട്   കേറി പാട്ട് പാടുമ്പോഴുള്ള ബുദ്ധിമുട്ട്, നീയും കൂടി ഒന്നനുഭവിക്കെടാ  തെണ്ടി..."

7 comments:

 1. ഇത് വായിച്ചു ആര്‍ക്കെങ്കിലും ചൊറിഞ്ഞു വരുന്നുണ്ടെങ്കില്‍ ദയവായി എന്നോട് ക്ഷമിക്കുക...:P

  ReplyDelete
 2. മറ്റുള്ളവരില്‍ നിന്നും വത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതുകൊണ്ടാണ് വിക്രമന്‍ അപഹസ്യനായത്.

  ReplyDelete
 3. കൊള്ളാം നന്നായിട്ടുണ്ട് .ഞാനും ഇത്തരം വിക്രമാന്മാരെ കണ്ടിട്ടുണ്ട് . എഴുത്തുകാരൻ വിക്രമന്റെ ഭാഗത്ത്‌ നിന്ന് കഥ പറഞ്ഞിരുന്നെങ്കിൽ ഒരു കഥയ്ക്ക് കൂടുതൽ സൌന്ദര്യം കിട്ടിയേനെ. കൂടാതെ വിക്രമാനോട് പരിപൂർണ്ണമായ നീതി പുലർത്താനും കഴിഞ്ഞേനെ. ഇതൊക്കെ എന്റെ വ്യക്തിപരമായ അഭിപ്രായം .

  ReplyDelete
  Replies
  1. അഭിപ്രായത്തിനു വളരെ നന്ദി..

   പരിചയക്കുറവ് കൊണ്ടാ... will try to improve :)

   Delete
 4. ശരിക്കും ചിരിപ്പിച്ചു കേട്ടൊ ഇവൻ വിക്രമനല്ല ത്രിവിക്രമനാ ഹ ഹ ഹ :)

  ReplyDelete