Wednesday, 13 June 2012

ഇരട്ട കൊലപാതകത്തിന്റെ കഥ
ലീഗ് എം എല്‍ എ യ്ക്കെതിരെ സാക്ഷിമൊഴികളായും  മറ്റും തെളിവുകള്‍ ലഭിച്ചതായി പത്രങ്ങളിലൂടെ വായിച്ചു.എന്നിട്ടും പോലീസ് നടപടി എടുക്കാത്തതില്‍ പ്രതിഷേധിച് പ്രതിപക്ഷം രണ്ടാം ദിവസവും സഭാ നടപടികള്‍ സ്തംഭിപ്പിച്ചു. നടപടിയെടുക്കാന്‍ പോലീസു  തയാറാകാത്തതിന്റെ സാംഗത്യം കേരളത്തിലെ സാമാന്യ വിവരമുള്ള പൊതു സമൂഹത്തിനു പകല്‍ പോലെ വ്യക്തമാണ്.

ഇരട്ട കൊലപാതക കേസില്‍ പ്രതിയായ എം എല്‍ എ യെ സംരക്ഷിക്കുന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടി ഭരണകൂടം സ്വീകരിക്കുന്നതെങ്കില്‍ യു ഡി എഫ് അതിനു രാഷ്ട്രീയമായി വന്‍ വില കൊടുക്കേണ്ടി വരും . 72 -67 എന്നൊരു കക്ഷി നില നിലവിലുള്ള സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താന്‍ ഏതു  അറ്റം വരെ പോകാനും കൊണ്ഗ്രെസ്സ് തയ്യാറാകും എന്ന ദുസ്സൂച്ചനയാണ് ഇതിലൂടെ പൊതു ജനത്തിന് ലഭിക്കുന്നത്.  അതോടൊപ്പം എം എല്‍ എ മാര്‍ എന്ത് തോന്നിവാസം കാണിച്ചാലും ഇവിടെ  ചോദിക്കാനും പറയാനും ആരുമില്ല എന്ന സന്ദേശവും.

ടി പി  വധവുമായി ബന്ധപ്പെട്ട അന്വേഷണം കേരള പോലീസ് വളരെ മാതൃകാപരമായി മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ ഇത്തരത്തില്‍ ഒരു സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടായാല്‍ കഷ്ടം! എന്നല്ലാതെ എന്ത് പറയാനാണ്. ടി പി വധത്തിനെതിരായ പ്രതികരണങ്ങളുടെ ശക്തി പൊതു ജനങ്ങളില്‍ നിന്ന്  ചോര്‍ന്നു പോകാന്‍ ഇതിടയാക്കും.
തന്നെയുമല്ല ഒരേ പോലുള്ള രണ്ടു കേസുകളില്‍ രണ്ടു പേര്‍ക്ക് രണ്ടു തരം നീതിയോ എന്നൊരു ന്യായമായ ചോദ്യം ഉടലെടുക്കുകയും ചെയ്യും.

ഉമ്മന്‍ ചാണ്ടി ഇന്ന് പത്ര സമ്മേളനത്തില്‍, സഭാ നടപടികള്‍ തടസ്സപ്പെടുത്തിയ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ട്  പറഞ്ഞത് സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായിട്ടാണ് എം എല്‍ എ യെ സംരക്ഷിക്കുന്നത് എന്നും, ആ നയത്തിന്റെ ആദ്യ ബെനെഫിഷ്യറി ഇടുക്കിയിലെ കെ കെ ജയചന്ദ്രന്‍ എം എല്‍ എ ആണ് എന്നുമാണ്. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന ഒരു നിലപാടാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ അത് ജനങ്ങളോടുള്ള സര്‍ക്കാരിന്റെ നിര്‍മമതയുടെ നേര്‍ പ്രതിഫലനമായേ വിലയിരുത്താന്‍ കഴിയൂ. കെ കെ ജയചന്ദ്രന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അയാളെ ശിക്ഷിക്കണമെന്നുള്ള ഉറച്ച നിലപാട് പ്രതിപക്ഷ നേതാവ് സ്വീകരിക്കുക കൂടി ചെയ്തതോടെ ഉമ്മന്‍ ചാണ്ടിയെ  രാഷ്ട്രീയ കേരളം ഉറ്റു നോക്കുകയാണ്. നിങ്ങളുടെ എം എല്‍ എ യെ ഞങ്ങള്‍ ദ്രോഹിക്കുന്നില്ല പകരം ഞങ്ങളുടെ എം എല്‍ എ യെ ഞങ്ങള്‍ സംരക്ഷിക്കും എന്നാണു സര്‍ക്കാര്‍ നിലപാടെടുക്കുന്നതെങ്കില്‍ അത് കേരളീയരെ പൊട്ടന്‍കളിപ്പിക്കുന്നതിനു തുല്യമാണ്. സമീപ കാലത്ത് കൊലപാതക രാഷ്ട്രീയത്തിനെതിരെ ചന്ദ്രഹാസമിളക്കി പ്രസംഗിച്ചതും നാല്‍ക്കവലകളില്‍ പ്രാര്‍ത്ഥന നടത്തിയതും ശാന്തിയാത്ര പോയതുമൊക്കെ വെറും പ്രഹസനമായിരുന്നോ എന്ന് നാട്ടുകാര്‍ സംശയിച്ചാല്‍ തെറ്റ് പറയാന്‍ പറ്റില്ല.

അത് കൊണ്ട് ഉമ്മന്‍ ചാണ്ടി രാഷ്ട്രീയത്തിനതീതമായി ഈ പ്രശ്നം കൈകാര്യം ചെയ്യണം. അത് ഈ ഭരണകൂടത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യതയില്‍ ഉടവ് തട്ടാതിരിക്കാന്‍ അനുപക്ഷേണീയമത്രേ...

2 comments: