Saturday, 21 July 2012

ഡാര്‍ക്ക് നൈറ്റ് റൈസസ്

..
ഡാര്‍ക്ക് നൈറ്റ് റൈസസ് 
ദി  ഡാര്‍ക്ക്‌ നൈറ്റ് റൈസസ് എന്ന      ക്രിസ്ടഫാര്‍ നോലന്റെ     പുതിയ ചിത്രം പ്രദര്‍ശന വിജയവും നിരൂപക പ്രശംസയും ഒരു പോലെ നേടി തിയേറ്ററുകളില്‍  മുന്നേറുന്നു. ബാറ്റ് മാന്‍ സീരീസിലെ ഈ അവസാന ചിത്രം ആരാധകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നു എന്ന് നിസ്സംശയം പറയാം.

ക്ലൈമാക്സ്‌ രംഗങ്ങളൊക്കെ അതിമനോഹരം .. സസ്പെന്‍സ് എലമെന്റ്റ്  ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ്‌ പോയിന്റ്‌ ആണ്. ഇമോഷണല്‍ രംഗങ്ങള്‍ക്ക് സീരീസിലെ മറ്റു രണ്ടു പടങ്ങളിലുള്ളതിനേക്കാള്‍ പ്രാധാന്യം ഇതിലുണ്ട്.

 ക്രിസ്ത്യന്‍ ബെയില്‍ എക്കാലവും ഈ റോളില്‍ ഓര്‍മിക്കപ്പെടും - അത്ര മനോഹരമായ പ്രകടനം.
ഹീത്ത് ലെട്ജറിന്റെ  അത്ര എത്തിയില്ലെങ്കിലും വില്ലന്‍ "ബെയിന്‍ " ആയി ടോം ഹാര്‍ഡിയും തകര്‍ത്തു.

ആന്‍ ഹാത്ത് വേ യുടെ സെലിനയും മൈകേല്‍ കൈന്റെ "ആല്‍ഫ്രെഡ് " ഉം ഗാരി ഓള്‍ഡ്‌ മാന്റെ "കമ്മിഷണറും "  മോര്‍ഗന്‍ ഫ്രീമാന്റെ "ഫോക്സും" ഒന്നിനൊന്നു മികച്ചുനില്‍ക്കുന്നു.

ഹീത്ത് ലെഡ്ജര്‍ എന്ന  മഹാനടന്‍ അനശ്വരമാക്കിയ 'ജോക്കര്‍' എന്ന കഥാപാത്രത്തെ, താരത്തിന്റെ മരണത്തെ തുടര്‍ന്ന് പുനരവതരിപ്പിക്കാന്‍ കഴിയാതെ പോയത് മാത്രമാണ് ഏക പോരായ്മ. വിധിയെ തടുക്കാന്‍ ആര്‍ക്കുമാവില്ലല്ലോ.

ഹാന്‍സ് സിമ്മറിന്റെ ബാക്ക് ഗ്രൌണ്ട് സ്കോര്‍ ത്രില്ലടിപ്പിക്കും...

കഥയൊന്നും ഞാനിവിടെ പറയുന്നില്ല. കണ്ടാസ്വദിക്കുക, ഈ മഹാത്ഭുതം...

ഈ സിനിമയോടെ ബാറ്റ് മാന്‍ സീരീസ് അവസാനിക്കുകയാണ്.    ക്രിസ്ടഫാര്‍ നോലന്റെ    അടുത്ത പ്രോജെക്ടുകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുന്നു...
പിന്നില്‍ പ്രവര്‍ത്തിച്ചവര്‍.....

Thursday, 19 July 2012

തുണിക്കട കോര്‍പ്പറേറ്റുകള്‍...

തൊണ്ണൂറുകളിലെ ഒരോണക്കാലത്താണു ഈ പോസ്റ്റിനാധാരമായ സംഭവം നടക്കുന്നത്‌...

 എണ്റ്റെ പ്രിയ സുഹൃത്ത്‌ ശ്രീമാന്‍ ചാത്തുണ്ണി അന്ന്‌, കോട്ടയത്തെ അതിപ്രശസ്തമായ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ സെയിത്സ്മാനായി ജീവിതം തള്ളി നീക്കുന്നു. "അതൊരു കാലമായിരുന്നെടാ" എന്ന മട്ടിലുള്ള   സെന്റി ഡയലോഗുകൾ ഇടയ്ക്കിടെ അവൻ തട്ടിവിടാറുണ്ട്  . ജീവിതം കരുപ്പിടിപ്പിക്കാന്‍ പെടാപ്പാടു പെട്ട ആ നാളുകള്‍ തണ്റ്റെ ജീവിതത്തിലെ അതിമനോഹരമായ ഏടായിരുന്നു എന്നൊക്കെ കൂതറ സാഹിത്യം പോലും അടിച്ചു കളയും ചില നേരത്ത്. അങ്ങനെ പഴയ കഥകളൊക്കെ അയവിറക്കിയ കൂട്ടത്തില്‍ പറഞ്ഞൊരു സംഭവമാണു ഞാനിവിടെ കുറിക്കുന്നത്‌. 


***


ഒരു ദിവസം സന്ധ്യയോടു കൂടി, ഒരു അമ്പത്‌ വയസ്സിനു മേല്‍ പ്രായമുള്ള മൂപ്പിലാന്‍ കടയില്‍ കേറി വന്നു. രണ്ടു ഷര്‍ട്ട്‌ എടുക്കുകയായിരുന്നു അയാളുടെ ഉദ്ദേശം. കുറെ നേരത്തെ തപ്പിത്തടയലിനും തൊട്ടുനോക്കലിനും ശേഷം പുള്ളിക്ക്‌ രണ്ട്‌ ഷര്‍ട്ട്‌ ഇഷ്ടപ്പെട്ടു. അയാള്‍ കുറെ നേരം ഷര്‍ട്ട്‌ തിരിചും മറിച്ചും നോക്കി. നല്ല ഒന്നാന്തരം ബ്രാന്‍ഡഡ്‌ തുണിയാണെന്നും ഇത്‌ പോലെയൊരു ഓഫര്‍ തനിക്കു ജീവിതത്തില്‍ കിട്ടില്ല എന്നും മറ്റുമൊക്കെ ചാത്തു തട്ടിവിട്ടു. പിന്നെയും അയാള്‍ ഷര്‍ട്ട്‌ കയ്യിലെടുത്ത്‌ തിരുമ്മി നോക്കുന്നതു കണ്ട്‌ ചാത്തുവിനു കലി വന്നെങ്കിലും, സൌമ്യവദനനായി നിന്ന്‌ ഒരിക്കലും കളറിളകില്ല, നൂലു പൊങ്ങില്ല, നരയ്ക്കില്ല എന്നിങ്ങനെ തുടങ്ങി എല്ലാ നമ്പരുകളും പരീക്ഷിച്ചു. ഒടുവില്‍ ചാത്തുവിണ്റ്റെ ശ്രമം വിജയിക്കുക തന്നെ ചെയ്തു. ചാത്തുവിണ്റ്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ " രണ്ട്‌ ഷര്‍ട്ട്‌ എടുക്കാന്‍ വന്നവന്‍ രണ്ട്‌ ഷഡ്ഡിയും കൂടെ എടുത്തിട്ടാണു പോയത്‌".


***

 ഇനിയാണ്‌ സംഭവങ്ങളുടെ യഥാര്‍ത്ഥ റ്റ്വിസ്റ്റ്‌ .....


 ***

കൃത്യം ഒരാഴ്ചയ്ക്കു ശേഷം തിരക്കുള്ള ആ ത്രിസന്ധ്യാ നേരത്ത്‌ അയാള്‍ വീണ്ടും വന്നു. നേരെ മാനേജരുടെ അടുത്തേക്കാണു പോയത്‌. ചെന്ന പാടെ അയാള്‍ കയ്യിലുണ്ടായിരുന്ന കൂടില്‍നിന്ന്‌ രണ്ട്‌ ഷര്‍ട്ടുമെടുത്തു മാനേജരുടെ മുമ്പിലേക്കിട്ടു. ഷര്‍ട്ടിണ്റ്റെ കളറിളകുന്നുണ്ടെന്നും പൈസ തിരിച്ചു വേണമെന്നും അയാള്‍ ആവശ്യപ്പെട്ടു.

 പറ്റില്ലെന്നു മാനേജര്‍ കട്ടായം പറഞ്ഞു. 7 ദിവസം കഴിഞ്ഞതിനാല്‍ തിരികെ എടുക്കാന്‍ യാതൊരു നിര്‍വാഹവുമില്ലെന്നു മാനേജര്‍ ബില്ല്‌ കാണിച്ചു തര്‍ക്കിച്ചു. 
കളറിളകുന്നതാണോ എന്നു സെയിത്സ്മാന്‍ ചാത്തുവിനോട്‌ പ്രത്യേകം ചോദിച്ചിരുന്നുവെന്നും അപ്പോള്‍ ഇതു ലോകോത്തര സാധനമാണെന്നു അവകാശപെട്ടെന്നും മറ്റുമൊക്കെ മൂപ്പിലാനും പറഞ്ഞു. തര്‍ക്കം മൂത്തു. രണ്ട്‌ കൂട്ടരും വിടാന്‍ ഭാവമില്ല.

 തുണിക്കടയിലെ തിരക്കേറിയ 'പ്രൈം റ്റൈം' ആയതിനാലും ഒരുപാടു കസ്റ്റമേഴ്സ്‌ വായിനോക്കി നില്‍പുണ്ടെന്നു മനസ്സിലായതിനാലും സാധാരണ മാനേജര്‍മാര്‍ ചെയ്യുന്നതു പോലെ തന്നെ അങ്ങേരും ചെയ്തു -

 " ഇയാളെ പിടിചു പുറത്താക്കെടോ"

 ഒരു പണിയുമില്ലാതെ നിന്നിരുന്ന സെക്യൂരിറ്റി സന്തോഷത്തോടെ വന്നു കൃത്യ നിര്‍വഹണം നടത്തി. കട പിന്നെയും പഴയതു പോലെയായി. 


***രണ്ടാമത്തെ റ്റ്വിസ്റ്റ്‌... ****


 ഒരു പത്തു മിനിട്ടു കഴിഞ്ഞു.. കടയ്ക്കു മുമ്പില്‍, കെ കെ റോഡിണ്റ്റെ അരികിലായി, ഒരു ചെറിയ ആള്‍ക്കൂട്ടം.... 

നേരത്തെ പറഞ്ഞ മൂപ്പിലാന്‍ ആള്‍ക്കൂട്ടത്തിണ്റ്റെ നടുക്കു കുത്തിയിരിക്കുകയാണ്‌. മുമ്പില്‍ ഒരു ബക്കറ്റ്‌ നിറച്ച്‌ വെള്ളവും.....

ഇടയ്ക്കിടെ രണ്ടു ഷര്‍ട്ടും മാറിമാറി വെള്ളത്തില്‍ മുക്കിക്കൊണ്ടിരിക്കുന്നു... ഷര്‍ട്ട്‌ ഓരോ തവണ മുങ്ങിപ്പൊങ്ങുമ്പോഴും വെള്ളത്തിണ്റ്റെ നിറം കൂടിക്കൂടി വന്നു - കടയ്ക്കു മുന്‍പിലെ ആള്‍ക്കൂട്ടവും...


 മോഡലുകളെ, പാതി തുണിയുടുപ്പിച്ച്‌ ദിനപ്പത്രങ്ങളില്‍ നിരത്തി നിര്‍ത്തിയുണ്ടാക്കുന്നതിനേക്കാള്‍ പബ്ളിസിറ്റി വെറും അഞ്ചു മിനുട്ട്‌ കൊണ്ട്‌ മൂപ്പിലാന്‍ കടയ്ക്ക്‌ ഉണ്ടാക്കിക്കൊടുത്തു.... 


ശേഷം ,,, 

മാനേജര്‍ കിളവണ്റ്റെ കാലില്‍ വീഴുന്നു, കെഞ്ചുന്നു, കരയുന്നു...വമ്പിച്ച ഒരു സീന്‍... 

ഒടുക്കം, ഷര്‍ട്ടിണ്റ്റെ രണ്ടിരട്ടി വിലയും വാങ്ങി കിളവന്‍ സ്ഥലം വിട്ടു... 


*** 

അന്നു ആ പാതയോരത്തു വച്ച്‌ മാനേജര്‍ തിരിച്ചറിഞ്ഞു-- താന്‍ വെറുമൊരു കോര്‍പ്പറേറ്റ്‌ ഞാഞ്ഞൂലാണെന്ന്‌.... ആ കെളവന്‍ ഒരു വിപ്ളവകാരിയായിരുന്നുവെന്ന്‌...

Wednesday, 27 June 2012

ത്രിവിക്രമന്‍...

ഈ പോസ്റ്റ്‌ ഇടുക എന്നൊരു ലക്ഷ്യസാക്ഷാല്‍ക്കാരത്തിന്  വേണ്ടി ഞാന്‍ ഒരു സംഭവം പറയാം...

ഞാന്‍  നവോദയയില്‍ താമസിച്ചു പഠിച്ചിരുന്ന കാലത്ത്  എന്നോടൊപ്പം വിക്രമന്‍ എന്ന് പേരുള്ള ഒരു സുഹൃത്തുണ്ടായിരുന്നു.(യഥാര്‍ത്ഥ പേര് വിക്രം ). കക്ഷി  ആളൊരു ബഡാ ടീമായിരുന്നു.....

എന്ന് വച്ചാല്‍  ടീചെര്‍മാര്ക് പോലും ഉത്തരം  അറിയാത്ത  തരം ചോദ്യങ്ങള്‍ ചോദിക്കുക, ഗുണിക്കാനും ഹരിക്കാനും സ്ക്വയര്‍ റൂട്ട് കാണാനുമുള്ള എളുപ്പവഴികള്‍ സ്വയം കണ്ടെത്താന്‍ ശ്രമിക്കുക,  തന്നോട് തന്നെ സംസാരിക്കുക, എപ്പോഴും എന്തെങ്കിലും ആലോചിച്ചു കൊണ്ട് നടക്കുക , സങ്കല്‍പ്പങ്ങളിലെ കാമുകിക്ക് കൊടുക്കാന്‍, പ്രേമലേഖനം ആണെന്ന് പുള്ളി അവകാശപ്പെടുന്ന സാധനം നോട്ടിന്റെ പിന്നില്‍ എഴുതി ക്കൂട്ടുക, മമ്മൂട്ടിയെ നായകനാക്കി സ്വയം ഉണ്ടാക്കുന്ന സിനിമാകഥ നാല് പേരെ വിളിച്ചു കൂട്ടി സീന്‍ ബൈ സീന്‍ വിവരിക്കുക  ഇതൊക്കെ പുള്ളിയുടെ സ്ഥിരം കലാപരിപാടികളായിരുന്നു.. 


നവോദയയില്‍ മാസാമാസമാണ് വീട്ടുകാരെ കാണല്‍. മാസത്തിലൊരു ദിവസം(രണ്ടാം ശനി) വീട്ടുകാര്‍ക്ക് വന്നു കാണാം. അതല്ലാതെ വീട്ടില്പ്പോക്ക് - കല്യാണം, മരണം എന്നിങ്ങനെ അത്യാവശ്യങ്ങളില്‍ മാത്രം, പിന്നെ ഓണം, ക്രിസ്മസ്, പൂജ, വല്യവധി.
 ആറാം ക്ലാസ്സില്‍ വരുമ്പോള്‍ പിള്ളാര്‍ക്കൊരു ചെറിയ ബുദ്ധിമുട്ടൊക്കെ ഉണ്ടാകുമെങ്കിലും പതുക്കെ പതുക്കെ അതങ്ങ് സെറ്റപ്പായിക്കൊള്ളും. അവസാനം പന്ത്രണ്ടാം ക്ലാസില്‍ വച്ച് പിരിഞ്ഞു പോകാനാണ് പിള്ളാര്‍ക്ക് മടി.

ഞങ്ങള്‍ ആറാം ക്ലാസില്‍ വരുന്ന കാലത്ത് അവിടെ ഫോണൊന്നുമില്ല . വീട്ടിലേക്കു ബന്ധപ്പെടണമെങ്കില്‍ കത്തെഴുതുക തന്നെ വേണം. അതും പോസ്റ്റ്‌ കാര്‍ഡിലേ  എഴുതാന്‍ പറ്റൂ.
ഞാന്‍ നേരത്തെ പറഞ്ഞ കക്ഷിയില്ലേ -വിക്രമന്‍ . പുള്ളിയുടെ കത്തുകള്‍ നവോദയയിലെങ്ങും പ്രസിദ്ധമായിരുന്നു. കത്ത് പോസ്റ്റ്‌ കാര്‍ഡിലെഴുതിക്കുന്നത്  ടീചെര്മാര്‍ക്ക് സെന്‍സര്‍ ചെയ്യാന്‍ വേണ്ടിയാണ്. ഇവന്റെ കത്തുകള്‍ വായിച്ചിട്ട്  സ്റ്റാഫ്‌ റൂമില്‍ ചിരിയുടെ ഒരു പള്ളിപ്പെരുന്നാള് കഴിഞ്ഞു  സൗദാമിനി ടീച്ചര്‍ (ഞങ്ങടെ ക്ലാസ്സ്‌ ടീച്ചര്‍) ക്ലാസ്സിലേക്ക് വരും - ഒരു തൃശൂര്‍ പൂരം നടത്താന്‍ .......
പെണ്‍കുട്ടികളുള്‍പ്പടെയുള്ള ക്ലാസ്സില്‍ വച്ച് ടീച്ചര്‍ കത്തിലെ വീളിത്തരങ്ങള്‍ എല്ലാം ഒന്നൊഴിയാതെ വിളമ്പും. ഇതെല്ലാം കേട്ട് നാണം കേട്ടാലും അടുത്ത മാസവും സ്ഥിതി തഥൈവ. പോസ്റ്റ്‌ കാര്‍ഡു മാറി കോയിന്‍ ബോക്സ്‌ ഫോണ്‍ വന്നിട്ടും പുള്ളി സ്വന്തം പതിവുകള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

ഇന്റെര്‍വെല്ലുകളില്‍ മാത്രമേ ഫോണ്‍ വിളിക്കാന്‍ അവസരമുള്ളൂ എന്നതിനാല്‍ പ്രസ്തുത സമയങ്ങളില്‍ ഫോണിനു മുന്നില്‍ വന്‍ തിരക്കായിരിക്കും. അങ്ങനെ ഒരു ദിവസം ക്യൂവിന് മുന്‍പില്‍ ഫോണ്‍  ചെയ്തുകൊണ്ടിരുന്ന നമ്മുടെ നായകന്‍ ഉറക്കെ വിളിച്ചു കൂവുകയാണ് -

" മമ്മീ ,... അടുത്ത തവണ വരുമ്പോ... എനിക്കേയ് ... ഒരു വലിയ കുപ്പി ബൂസ്റ്റ്‌ കൊണ്ടുവരണം....ങാ വലുത് തന്നെ ... പിന്നെ കഴിഞ്ഞ തവണ, ചിക്കന്‍ ബിരിയാണി കൊണ്ടുവരാമെന്ന് പറഞ്ഞിട്ട് എന്നെ പറ്റിച്ചു.....(മുഖമൊന്നു കോട്ടി )... അടുത്ത തവണ ഉറപ്പായിട്ടും കൊണ്ടുവരണം....പിന്നേയ് .... ഒരു പാക്കറ്റ് ഫെയര്‍ ആന്‍ഡ്‌ ലവ് ലി യും കൊണ്ടുവരണം...ങാ....
ആ....ങാ.....എന്നാ ശരി..."

ആ സമയത്ത് ക്യൂവിലുണ്ടായിരുന്ന ചില മഹിളാരത്നങ്ങള്‍ പറഞ്ഞാണ് സംഭവം അറിയുന്നത്. പിന്നെ എല്ലാ കാലത്തും അവന്‍ ഫോണ്‍  ചെയ്യാന്‍ വരുമ്പോ ഭയങ്കര ക്യൂവായിരുന്നു. - വീട്ടിലേക്കു ഒരിക്കലും ഫോണ്‍ ചെയ്യാത്ത നൌഷാദ് മുതല്‍ ഈ ഞാന്‍ വരെ, അവന്റെ വിറ്റുകള്‍ കേള്‍ക്കാന്‍ ക്യൂവില്‍ നിന്നു..

ഞാന്‍ പറയാമെന്നു പറഞ്ഞ സംഭവം പറഞ്ഞില്ല അല്ലേ ...പറയാം.

************************
ഒരു ദിവസം....

രാത്രി എട്ടരയ്ക്ക് ഊണും കഴിഞ്ഞു സാറിന്റെ മുമ്പില്‍ തലയെണ്ണലിന് തലകാണിച്ച  ശേഷം    
ഹോസ്റ്റലില്‍ വന്നു  കുറച്ചു കഴിഞ്ഞപ്പോഴാണ് എവിടെ നിന്നോ ഒരു പാട്ട് പോലെ തോന്നിക്കുന്ന ഒരു സാധനം കേട്ടത്  . കുറച്ചു നേരം തപ്പി കഴിഞ്ഞു ഞാന്‍ സംഭവത്തിന്റെ ഉറവിടം കണ്ടുപിടിച്ചു...

വിക്രമന്‍ സ്വയം മറന്നു പാടുകയാണ്. എനിക്ക് മുമ്പേ രണ്ടു മൂന്നു പേര് ശ്രോതാക്കളായിട്ടുണ്ട്.
അതിലൊരുത്തന്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് വിക്രമന്റെ കൈവിരലുകള്‍ക്കിടയില്‍ കിടന്നു പിടയ്ക്കുന്ന ഒരു കൊതുകിനെ ഞാന്‍ കണ്ടത്...ഇതെന്താ സംഭവം എന്ന് ചോദിക്കണോ വേണ്ടയോ എന്ന് ശങ്കിച്ച് നില്‍ക്കുമ്പോള്‍ വിക്രമന്റെ ശബ്ദം ഉയര്‍ന്നു  .

"ചെവിയിലോട്ട്   കേറി പാട്ട് പാടുമ്പോഴുള്ള ബുദ്ധിമുട്ട്, നീയും കൂടി ഒന്നനുഭവിക്കെടാ  തെണ്ടി..."

Wednesday, 13 June 2012

ഇരട്ട കൊലപാതകത്തിന്റെ കഥ
ലീഗ് എം എല്‍ എ യ്ക്കെതിരെ സാക്ഷിമൊഴികളായും  മറ്റും തെളിവുകള്‍ ലഭിച്ചതായി പത്രങ്ങളിലൂടെ വായിച്ചു.എന്നിട്ടും പോലീസ് നടപടി എടുക്കാത്തതില്‍ പ്രതിഷേധിച് പ്രതിപക്ഷം രണ്ടാം ദിവസവും സഭാ നടപടികള്‍ സ്തംഭിപ്പിച്ചു. നടപടിയെടുക്കാന്‍ പോലീസു  തയാറാകാത്തതിന്റെ സാംഗത്യം കേരളത്തിലെ സാമാന്യ വിവരമുള്ള പൊതു സമൂഹത്തിനു പകല്‍ പോലെ വ്യക്തമാണ്.

ഇരട്ട കൊലപാതക കേസില്‍ പ്രതിയായ എം എല്‍ എ യെ സംരക്ഷിക്കുന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടി ഭരണകൂടം സ്വീകരിക്കുന്നതെങ്കില്‍ യു ഡി എഫ് അതിനു രാഷ്ട്രീയമായി വന്‍ വില കൊടുക്കേണ്ടി വരും . 72 -67 എന്നൊരു കക്ഷി നില നിലവിലുള്ള സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താന്‍ ഏതു  അറ്റം വരെ പോകാനും കൊണ്ഗ്രെസ്സ് തയ്യാറാകും എന്ന ദുസ്സൂച്ചനയാണ് ഇതിലൂടെ പൊതു ജനത്തിന് ലഭിക്കുന്നത്.  അതോടൊപ്പം എം എല്‍ എ മാര്‍ എന്ത് തോന്നിവാസം കാണിച്ചാലും ഇവിടെ  ചോദിക്കാനും പറയാനും ആരുമില്ല എന്ന സന്ദേശവും.

ടി പി  വധവുമായി ബന്ധപ്പെട്ട അന്വേഷണം കേരള പോലീസ് വളരെ മാതൃകാപരമായി മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ ഇത്തരത്തില്‍ ഒരു സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടായാല്‍ കഷ്ടം! എന്നല്ലാതെ എന്ത് പറയാനാണ്. ടി പി വധത്തിനെതിരായ പ്രതികരണങ്ങളുടെ ശക്തി പൊതു ജനങ്ങളില്‍ നിന്ന്  ചോര്‍ന്നു പോകാന്‍ ഇതിടയാക്കും.
തന്നെയുമല്ല ഒരേ പോലുള്ള രണ്ടു കേസുകളില്‍ രണ്ടു പേര്‍ക്ക് രണ്ടു തരം നീതിയോ എന്നൊരു ന്യായമായ ചോദ്യം ഉടലെടുക്കുകയും ചെയ്യും.

ഉമ്മന്‍ ചാണ്ടി ഇന്ന് പത്ര സമ്മേളനത്തില്‍, സഭാ നടപടികള്‍ തടസ്സപ്പെടുത്തിയ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ട്  പറഞ്ഞത് സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായിട്ടാണ് എം എല്‍ എ യെ സംരക്ഷിക്കുന്നത് എന്നും, ആ നയത്തിന്റെ ആദ്യ ബെനെഫിഷ്യറി ഇടുക്കിയിലെ കെ കെ ജയചന്ദ്രന്‍ എം എല്‍ എ ആണ് എന്നുമാണ്. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന ഒരു നിലപാടാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ അത് ജനങ്ങളോടുള്ള സര്‍ക്കാരിന്റെ നിര്‍മമതയുടെ നേര്‍ പ്രതിഫലനമായേ വിലയിരുത്താന്‍ കഴിയൂ. കെ കെ ജയചന്ദ്രന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അയാളെ ശിക്ഷിക്കണമെന്നുള്ള ഉറച്ച നിലപാട് പ്രതിപക്ഷ നേതാവ് സ്വീകരിക്കുക കൂടി ചെയ്തതോടെ ഉമ്മന്‍ ചാണ്ടിയെ  രാഷ്ട്രീയ കേരളം ഉറ്റു നോക്കുകയാണ്. നിങ്ങളുടെ എം എല്‍ എ യെ ഞങ്ങള്‍ ദ്രോഹിക്കുന്നില്ല പകരം ഞങ്ങളുടെ എം എല്‍ എ യെ ഞങ്ങള്‍ സംരക്ഷിക്കും എന്നാണു സര്‍ക്കാര്‍ നിലപാടെടുക്കുന്നതെങ്കില്‍ അത് കേരളീയരെ പൊട്ടന്‍കളിപ്പിക്കുന്നതിനു തുല്യമാണ്. സമീപ കാലത്ത് കൊലപാതക രാഷ്ട്രീയത്തിനെതിരെ ചന്ദ്രഹാസമിളക്കി പ്രസംഗിച്ചതും നാല്‍ക്കവലകളില്‍ പ്രാര്‍ത്ഥന നടത്തിയതും ശാന്തിയാത്ര പോയതുമൊക്കെ വെറും പ്രഹസനമായിരുന്നോ എന്ന് നാട്ടുകാര്‍ സംശയിച്ചാല്‍ തെറ്റ് പറയാന്‍ പറ്റില്ല.

അത് കൊണ്ട് ഉമ്മന്‍ ചാണ്ടി രാഷ്ട്രീയത്തിനതീതമായി ഈ പ്രശ്നം കൈകാര്യം ചെയ്യണം. അത് ഈ ഭരണകൂടത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യതയില്‍ ഉടവ് തട്ടാതിരിക്കാന്‍ അനുപക്ഷേണീയമത്രേ...

Friday, 27 April 2012

22 f k യും ചില ചിന്തകളും....

നല്ല സിനിമ....
ആഷിക് അബുവിനും സുഹൃത്തുക്കള്‍ക്കും അഭിമാനിക്കാം. 22 f k പ്രദര്‍ശന വിജയം നേടുകയാണ്. കേവലം 30 തിയെറ്ററുകളില്‍  മാത്രം release ചെയ്ത ഈ ചെറു ബജറ്റ് സിനിമ ന്യൂ ജെനറേഷന്‍ സിനിമകളുടെ കൂട്ടത്തില്‍ പ്രമേയപരമായ boldness  കൊണ്ട് വേറിട്ട്‌ നില്‍ക്കുന്നു. ക്ലീഷേകള്‍ പരമാവധി ഒഴിവാക്കി കയ്യടക്കത്തോടെ സംവിധായകന്‍ ഈ സിനിമ ഒരുക്കിയിരിക്കുന്നു.
റീമ കല്ലിങ്ങല്‍ നന്നായി പുരോഗമിച്ചിരിക്കുന്നു. ഫഹദ്‌ ഫാസിലും നന്നായി. പിന്നെ പ്രതാപ്‌ പോത്തനും സത്താറും ടി ജി രവിയും അവരവരുടെ ഭാഗങ്ങള്‍ മികച്ചതാക്കി.
പലരാല്‍ ചതിക്കപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ ധീരമായ പ്രതികാരത്തിന്റെ കഥയാണ് 22fk. രണ്ടു വട്ടം ബലാല്‍സംഗം ചെയ്യപ്പെടുന്ന, മയക്കു മരുന്ന് കേസില്‍ പ്രതിയാക്കപ്പെടുന്ന  പെണ്‍കുട്ടിയുടെ ചിത്രം...കാമുകിയെ ബലാല്‍സന്ഗത്തിന് വിട്ടു കൊടുക്കുന്ന ചതിയനായ കാമുകന്റെ ചിത്രം..... psychic ആയ ഒരു rapist ന്‍്റെ ചിത്രം....
തനിക്ക് നേരിട്ട തിരിച്ചടികള്‍ക്ക് പൈശാചികമായി പ്രതികാരം ചെയ്യുന്ന ഒരു പെണ്ണിന്റെ ചിത്രം....
കാണുക.....
ഈ വിപ്ലവം അനുഭവിക്കുക....

90 കളില്‍ മലയാള സിനിമയില്‍ ഉണ്ടായ മാറ്റങ്ങള്‍ പൊതുവില്‍ മലയാള സിനിമയ്ക്ക് പുതിയൊരു ദിശാബോധം നല്‍കുകയും കഥയും കാംബുമുള്ള സിനിമകള്‍ മലയാളത്തില്‍ സുലഭമാവുകയും ചെയ്തു. ഭരതന്‍ , പത്മരാജന്‍ , ലോഹിത ദാസ്‌ എന്നിങ്ങനെ തുടങ്ങി എണ്ണിയാല്‍ തീരാത്ത പ്രതിഭാ ധനരുടെ കൂട്ടായ്മയുടെ വിജയം തന്നെയായിരുന്നു ഈ നവോന്മേഷത്തിനു കാരണം. കൂട്ടായ്മ എന്ന് ഞാന്‍ പറഞ്ഞത്‌ ഇവര്‍ ഒരേ സിനിമയില്‍ പ്രവര്‍ത്തിച്ചത് കൊണ്ടല്ല . മറിച്ച്, ഒരേ  കാലത്ത്, സമാനാശയങ്ങള്‍ പങ്കു വെച്ച് , അത് വരെ ഉണ്ടായിരുന്ന സിനിമാ സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിഞ്ഞു സിനിമയില്‍ ഒരു പുതു വഴി വെട്ടി തെളിച്ചത് കൊണ്ടാണ്.

ഇതേ മട്ടില്‍, സൂപ്പര്‍ താരങ്ങളുടെ പ്രഭാവലയത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന മലയാളത്തിലെ കച്ചവട സിനിമയില്‍ മാറ്റത്തിന്റെ ഒരു മിന്നലാട്ടം രേഖപ്പെടുത്തുകയാണ് ചില  യുവ പ്രതിഭകളുടെ ചില സിനിമ സംരംഭങ്ങള്‍ .

അസംഭവ്യവും സാങ്കല്‍പ്പികവുമായ സിനിമകള്‍ അരങ്ങു വാണിരുന്ന മലയാള സിനിമയില്‍ ജീവിതഗന്ധിയായ , റിയലിസ്റിക് സിനിമകള്‍ രംഗത്ത് വരുന്നത് തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. യുവത്വതിന്റെ ജീവിതകഥകള്‍ പറയുന്ന സിനിമകള്‍ സ്വാഭാവികമായും ആ age group ലുള്ളവരെ കൂടുതല്‍ ആകര്‍ഷിക്കും, പിന്നെ മാറ്റങ്ങളെ സ്വാഗതം ചെയ്യാന്‍ ഉള്ക്കരുത്തുള്ളവരേയും...

ഏതു കാര്യത്തിലും രണ്ടഭിപ്രായം ഉണ്ടാവുക സ്വാഭാവികമാണല്ലോ - ഈ ന്യൂ ജെനറേഷന്‍ സിനിമകള്‍ പ്രതിലോമകരമാണെന്നും  സാമൂഹികമായ കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ ഉതകുന്നതല്ല എന്നും അഭിപ്രായപ്പെടുന്നവരുണ്ട്.എന്നാല്‍ ഈ സിനിമകള്‍ക്ക് മുന്‍പ് ഇവിടെ നിലനിന്നിരുന്ന സ്ഥിതി വിശേഷം എന്താണെന്ന് കൂടി ചിന്തിച്ചിട്ട് ഈ അഭിപ്രായത്തെ  ഒന്ന് വിലയിരുത്തിയാല്‍ നന്നായിരിക്കും.

കച്ചവട വിജയം ലക്ഷ്യമാക്കി ഇറക്കിയിട്ടു എട്ടു നിലയില്‍ പൊട്ടുന്ന സിനിമകള്‍ മാത്രം നിലവിലിരുന്ന ഒരു വ്യവസായം. ഹിന്ദി, തമിഴ് ചിത്രങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന നിലയിലേക്ക് പല തിയേറ്ററുകളും ചെന്നെതിയിരുന്നു.
സ്ഥിരമായി ഒരേ ഫോര്‍മുലയില്‍ സിനിമകള്‍ ഇറങ്ങുന്നു, പൊട്ടുന്നു. ഇത്തരം സിനിമകളില്‍ എവിടെയായിരുന്നു ഈ സാമൂഹിക ബോധവും കര്‍ത്തവ്യവും?

മുഖ്യധാര സിനിമ ആസ്വദിക്കാന്‍  വേണ്ടി ഉള്ളതാണ്. അത് ചിലപ്പോള്‍ ഹ്യൂമറസ് ആകാം, സെന്ടിമെന്റലോ ഫാമിലി സ്റ്റോറിയോ, മറ്റെന്തെന്കിലുമോ ആകാം. സിനിമയുടെ theme എന്തായാലും, സാധാരണക്കാരായ മനുഷ്യര്‍ theatre ല്‍ പോയിരുന്നു സിനിമയെ തല നാരിഴ കീറി വിലയിരുത്തുമെന്ന് തോന്നുന്നത് മണ്ടത്തരമാണ്. സിനിമയുടെ likeability ആണ് അവിടെ പ്രധാനമാകുന്നത്.

എല്ലാ ആളുകളും സിനിമ കാണുന്നത് റിവ്യൂ എഴുതാന്‍ വേണ്ടിയല്ല എന്ന സത്യം വിമര്‍ശകര്‍ മനസ്സിലാക്കിയാല്‍ നന്ന്.

Saturday, 21 April 2012

ഫ്ലെക്സുകളുടെ സ്വന്തം നാട്...

അല്ല, എനിക്കൊരു സംശയം... ഈ എമ്മെല്ലേ മാരും എം പിമാരും എന്തിനാ നാടായ നാട് മുഴുവന്‍ സ്വന്തം  full figure ഉള്ള  ഫ്ലെക്സ്‌ വച്ച് നാട്ടുകാരെ മുഴുവന്‍ ചിരിച്ചു കാണിച്ചു കൊണ്ടിരിക്കുന്നത്???
 പൌരാവലി അടിക്കുന്നതാ, നാട്ടുകാര്‍ സ്നേഹവും നന്ദിയും കൊണ്ട് അടിക്കുന്നതാ എന്നൊക്കെ ന്യായം പറയാമെങ്കിലും സത്യത്തില്‍ ഇത് പൊതു ഖജനാവിന്റെ കാശല്ലേ?
വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മുടക്കുന്നതിന്റെ നല്ലൊരു ശതമാനം തുക ഇത് പോലുള്ള പബ്ലിസിടി പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കപ്പെടാറുണ്ട്. നേതാവിന്റെ മുഖം മിനുക്കാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുന്ന അണികള്‍ ആവേശപൂര്‍വം നേതാവിനെ അഭിനന്ദിക്കുന്ന ഫ്ലെക്സുകള്‍ മുതല്‍ സ്കൂളില്‍ കക്കൂസ് അനുവദിച്ചതിന് കൊച്ചു കുട്ടികള്‍ നന്ദിയോടെ നേതാവിനെ സ്മരിക്കുന്ന ഫ്ലെക്സുകള്‍ വരെ(നേതാവും കുട്ടികളും ചിരിച്ചു നില്‍ക്കുന്നത്‌) ഇപ്പോള്‍ വ്യാപകമാണ്.

അതിശയോക്തി അല്ലേയല്ല....

ഇപ്പൊ നാട്ടിലെതെന്കിലും പ്രവര്‍ത്തനങ്ങള്‍ ഇവരരിയാതെ നടക്കുമോ? ഇവരുടെ ഫ്ലെക്സ്‌ ഇല്ലാതെ നടക്കുമോ?

ഉദാഹരണത്തിന് പുതിയ ഒരു റോഡ്‌ ഉണ്ടാക്കുകയാണെങ്കില്‍...

ബജറ്റില്‍ തുക അനുവദിച്ച ധന മന്ത്രിക്കു ഫ്ലെക്സ്‌...
                     അനുവദിപ്പിച്ച  സ്ഥലം MLA ക്കും പഞ്ചായത്ത് മെംബര്‍ക്കും ഫ്ലെക്സ്‌ ...
       രൂപരേഖ പാസാക്കുമ്പോള്‍ വേറൊന്നു...
      പിന്നെ 
നിര്‍മ്മാണോല്‍ഘാടനം... അതിനും വേണം ഫ്ലെക്സ്‌..(ഒരു ലക്ഷം രൂപ മിനിമം അതിനു contractorുടെ കയ്യില്‍ നിന്ന് പൊട്ടും..ഈ തുക അയ്യാള്‍ പിന്നെ റോഡിന്റെ പണിയില്‍ കുറയ്ക്കും )
പിന്നെ ഒരു കാത്തിരിപ്പാണ്..
ഇടയ്ക്ക് പണി നില്‍ക്കും...
അത് കഴിഞ്ഞ് നാട്ടുകാര്‍ ഇടപെട്ടാല്‍ പിന്നെയും തുടങ്ങും....(അപ്പോഴും ഫ്ലെക്സ്‌ അടിക്കും- മുടങ്ങി ക്കിടന്ന റോഡു പണി പുനരാരംഭിച്ച / ആരംഭിക്കാന്‍ നടപടി സ്വീകരിച്ച MLA യ്ക്ക് അഭിനന്ദനങ്ങള്‍...)

എങ്ങേനെയെന്കിലും പണി തീര്‍ത്താല്‍ പിന്നെ ഉല്‍ഘാടന മഹാമഹം നടത്തണം...അതിനും മേല്‍പ്പറഞ്ഞ സംഗതി മസ്റ്റ്ാ.. പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവ് മുതല്‍ ഇങ്ങു താഴെ വെറും മെമ്പര്‍ വരെ ഒരു ഫ്ലെക്സ്‌..അഥവാ അതിലൊതുങ്ങിയില്ലെന്കില്‍...വെവ്വേറെ ഫ്ലെക്സ്‌ അടിക്കും...


   ഞാനൊരു ഉദാഹരണം പറഞ്ഞെന്നെ ഉള്ള്‌ ...
( ഫ്ലെക്സ്‌ അടിക്കുന്നതില്‍ എല്ലാ പാര്‍ട്ടിക്കാരും മോശക്കരല്ലെന്കിലും ഇതിന്റെ രാജാവ് കേരളാ കൊണ്ഗ്രസ്സുകാരും സാധാ കൊണ്ഗ്രെസ്സുകാരും ആണെന്നാണ് തോന്നുന്നത്....ചിലപ്പോ കാഴ്ച്ചയില്ലാതതുകൊണ്ട് തോന്നുന്നതാവാം)....

മുല്ലപ്പെരിയാറില്‍ നേതാവ് നിരാഹാരം കിടക്കുന്നു ഇപ്പൊ ചാകും എന്നാ മട്ടിലുള്ള ഫ്ലെക്സുകള്‍ കുറേ നാള്‍ മുമ്പ് കണ്ടു.എന്നിട്ട് നേതാക്കള്‍  ഇത് വരെ ഒന്നും ഉണ്ടാക്കിയില്ലല്ലോ..

നേതാവിന്റെ ഇമേജ് വര്‍ധിപ്പിക്കാന്‍ നമ്മള്‍ കാശ് മുടക്കേണ്ട കാര്യമുണ്ടോ???

മായാവതി സ്വന്തം പ്രതിമ വെക്കുന്നു.. ഇവര്‍ക്ക്‌ അത്രക്കങ്ങോട്ടു ബജറ്റില്ലാത്തത് കൊണ്ട ഫ്ലെക്സില്‍ ഒതുക്കുന്നു.
ഏതായാലും രണ്ടും തമ്മില്‍ അജ ഗജാന്തരം ഒന്നുമില്ല...

ഇതെല്ലാം കണ്ടും കേട്ടും സഹിച്ചും .....എനിക്കങ്ങോട്ട്..........

(ക്ഷമിക്കണം എനിക്ക് സഭ്യമായ വാക്കുകള്‍ കിട്ടുന്നില്ല)

                                    (കടപ്പാട്....പണ്ടേതോ ദിവസത്തെ "മംഗളം" പത്രം...)

        

Tuesday, 10 January 2012

ക്രിസ്റഫര്‍ നോലന്‍ - ഹോളിവുഡ്‌ സിനിമയിലെ താരോദയം.

"ഗജിനി" എന്നൊരു തമിഴ്‌ സിനിമ കണ്ടവര്‍ ആ സിനിമയ്ക്ക് പൊതുവേ നല്ല റിവ്യൂ ആണ് നല്‍കിയത്‌. അത് കൊണ്ട് തന്നെ അത് ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെടുകയും ആമിര്‍ ഖാന്‍ നായകനായ ആ ചിത്രവും കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇന്ത്യന്‍ സിനിമ ചര്ത്രത്തില്‍ ഇടം പിടിക്കുകയും ചെയ്തു. എന്നാല്‍ ഈ സിനിമ യഥാര്‍ത്ഥത്തില്‍ ഒരു ഹോളിവുഡ്‌ പടത്തിന്റെ തനി പകര്‍പ്പാണെന്നു മിക്കവരും പതുക്കെയാണ് അറിഞ്ഞു തുടങ്ങിയത്. മില്ലെനിയത്തില്‍ പുറത്തിറങ്ങിയ "മെമന്റോ" എന്ന ഇന്ഗ്ലിഷ് സിനിമയായിരുന്നു ആ മൂല സിനിമ.

"മെമന്റോ" സംവിധാനം ചെയ്ത ക്രിസ്ടഫര്‍ നോലന്റെ കാര്യമാണ് തലക്കെട്ടില്‍ പ്രതിപാദിച്ചത്. ഏകദേശം ഒന്നര   ദശാബ്ദ ക്കാലത്തെ സിനിമാ ജീവിതം കൊണ്ട്  ഈ നാല്പ്പതിരണ്ടുകാരന്‍ സിനിമ പ്രേമികളുടെ ഹൃദയം  പിടിച്ചു പറ്റി എന്ന് തന്നെ പറയാം. നോലന്റെ സിനിമകള്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ പലതും തൂത്തെറിഞ്ഞു എന്ന് മാത്രമല്ല വളരെ മികച്ച അഭിപ്രായവും നേടി.

"മെമന്റോ"യ്ക്ക് ശേഷമിറങ്ങിയ "ഇന്സോമ്നിയ" യും മികച്ച പ്രതികരണം ഉണ്ടാക്കി. 2002 ഇല്‍ ആയിരുന്നു ഇതിറങ്ങിയത്.

പിന്നീടാണ് ബാറ്റ്മാന്‍ സീരീസുമായി നോലാന്‍ സിനിമാ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നത്. വാര്നെര്‍ ബ്രദേര്‍സ് ഉപേക്ഷിച്ചിരുന്ന ഈ സിനിമ സീരീസ്‌ സംവിധാനം ചെയ്തതോടെ നോലന്റെ പ്രശസ്തി ലോകമെമ്പാടും പരന്നു.
2005ല്‍ ബാറ്റ്‌മാന്‍ റിട്ടേണ്‍സ്,2008 ല്‍ ഡാര്‍ക്ക്‌ നൈറ്റ്, ഈ വര്ഷം പുറത്തിറങ്ങാനിരിക്കുന്ന ഡാര്‍ക്ക്‌ നൈറ്റ് റീട്ടേണ്‍സ് എന്നിവയാണ് ഈ സീരീസിലെ സിനിമകള്‍.

ദി പ്രസ്ടീജ്,  ഇന്‍സെപ്ഷന്‍ എന്നീ സിനിമകളും അദ്ദേഹത്തിന്റേതായി പുറത്തിറങ്ങി.

മുകളില്‍ പ്രതിപാദിച്ച എല്ലാ സിനിമകളും ആവേശത്തോടെ കണ്ടു തീര്‍ത്ത അനേകം വ്യക്തികളില്‍ ഒരാള്‍ എന്നാ നിലയില്‍ നോലാന്‍ ഭാവിയില്‍ ഹോളിവുഡ്‌ അടക്കിഭരിക്കാന്‍ പോന്ന പ്രതിഭയാണ് എന്നെനിക്ക് നിസ്സംശയം പറയാന്‍ സാധിക്കും. വളരെ വേഗത്തിലുള്ള മികച്ച കഥാകഥനം നോലന്റെ പ്രത്യേകതയാണ്.
വരുന്ന കാലത്തിന്റെ സംവിധായകന്‍ എന്നാ നിലയ്ക്ക് നോലാന്‍ ശ്രദ്ധിക്കപ്പെടും. അദ്ദേഹത്തിന്‍്റെ സിനിമകള്‍ കാണുക..