Tuesday, 13 December 2011

ക്രിസ്മസ് - "ആഘോഷങ്ങളുടെ രാജാവ്"

ക്രിസ്മസ് ....
മഞ്ഞു പെയ്യുന്ന ഡിസംബര്‍ മാസത്തിലെ നനുത്ത ഒരോര്‍മ...
മധുരിക്കുന്ന കേക്കുകളും കണ്ണുചിമ്മിതുറക്കുന്ന വൈദ്യുത ദീപങ്ങളും തരാതരങ്ങളിലുള്ള നക്ഷത്രങ്ങളും  പലവക വസ്തുക്കള്‍ക്കൊണ്ടലങ്കരിച്ച പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീകളുമൊക്കെയായി ക്രിസ്മസ് എല്ലാം തികഞ്ഞൊരാഘോഷമാണ്. അതു ഘോഷിക്കാനൊക്കാത്തവര്‍ക്ക് നൊസ്റ്റാള്‍ജിയ അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ അനുഭവ വേദ്യമാകുന്നു. ക്രിസ്മസ് എന്നത് മതപരമായ ഒരു ആഘോഷം എന്നതിലുപരി  ഒരു സമൂഹത്തിന്റെ മുഴുവന്‍ പങ്കാളിത്തവും നിറഞ്ഞുനില്‍ക്കുന്ന ഒന്നായി കാലം ചെല്ലും തോറും പരിണമിച്ചുകൊണ്ടിരിക്കുന്നു.

ക്രിസ്മസിനെ വേറിട്ട്‌ നിര്‍ത്തുന്ന ഘടകങ്ങളില്‍ പ്രധാനം അത് ആഘോഷിക്കപ്പെടുന്ന സമയത്തെ  കാലാവസ്ഥ തന്നെയാവണം.ഡിസംബര്‍ മാസം, ട്രോപ്പിക്കല്‍ കാലാവസ്ഥയുള്ള കേരളത്തെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിന്റെ, സന്തോഷത്തിന്റെ കാലമാണ്. വിശറികളും ഫാനുകളുമില്ലാത്ത,
 കൊച്ചുവെളുപ്പാന്‍കാലത്ത് എഴുന്നേറ്റാലും വീണ്ടും വീണ്ടും പുതച്ചുറങ്ങാന്‍ തോന്നിപ്പിക്കുന്ന ഒരു കാലം. ഇത്തരമൊരു സുഖകരമായ അന്തരീക്ഷം ഈ ആഘോഷത്തെ കൂടുതല്‍ മനോഹരമാക്കുന്നു.

പിന്നെ മറ്റൊന്ന് ക്രിസ്മസ്സും നവവത്സരവും  'ക്ലബ്ബ്‌' ചെയ്തു വരുന്നു എന്നതാണ്.
              ആഘോഷത്തിന്റെ ഒരാഴ്ച ....."ആനന്ദലബ്ധിക്കിനിയെന്തു  വേണ്ടൂ"..
എന്നത്തേക്കാളുമധികമായി നാം ലോകവുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ പാശ്ചാത്യ രാജ്യങ്ങളുടെ രീതികള്‍ ആഘോഷങ്ങളില്‍ കനത്ത സ്വാധീനം ചെലുത്തി വരികയാണ്. കൂട്ടുകാരുമൊത്ത് രണ്ടെണ്ണം വീശിയില്ലെങ്കില്‍ പിന്നെന്താഘോഷം. യുവാക്കളാണ് ഇക്കാര്യത്തില്‍ മുന്പിലെങ്കിലും മുതിര്‍ന്നവരും കുറവല്ല. നല്ല കാലത്തിനു ശേഷം കാണുന്ന ബന്ധുക്കള്‍ എല്ലാം മറന്നാഘോഷിക്കും. ഓണത്തിന് പൊതുവേ വെജിറ്റേറിയന്‍ ആണെല്ലാവരുടെയും ചോയിസ് എങ്കില്‍ ക്രിസ്മസിനു കോഴിയും പോത്തും കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ.
ക്രിസ്മസ് ആഗോള തലത്തില്‍ തന്നെ ഏറ്റവും വമ്പിച്ച ആഘോഷമാണ്. മതപരമായ ഒരു കാഴ്ചപ്പാടിലൂടെ നോക്കുകയാണെങ്കില്‍ ക്രിസ്ത്യാനികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ആഘോഷം ഉയിര്‍പ്പാണെങ്കിലും(Easter) അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ആഘോഷം ഇതുതന്നെ.

നാട്ടിലെ ചെറു സുഹൃത് വലയങ്ങള്‍ക്ക് അല്‍പ്പം ചില്ലിയുണ്ടാക്കാനുള്ള ഒരവസരം കൂടിയാണിത്.കൂട്ടത്തില്‍ തടിയനെ ക്രിസ്മസ് പാപ്പ ആക്കി കരോള്‍ ഗാനങ്ങളും പാടി(ഇപ്പൊ ഡപ്പാംകൂത്ത്‌ തമിഴ്‌ പാട്ടുകളാണ് സാധാരണ എങ്കിലും) പടക്കവും പൊട്ടിച്ചു തുള്ളി നടക്കുന്ന അവരെ ക്കാണുമ്പോള്‍ പലര്‍ക്കും പഴയ കാലം ഓര്മ വരും. ചെറിയ ഒരു ആര്‍ട്സ്‌ ആന്‍ഡ്‌ സ്പോര്‍ട്സ്‌ ക്ലബ്ബിന്റെ ബാനറില്‍ പുല്‍ക്കൂട്, ട്രീ എന്നിങ്ങനെ തുടങ്ങി എല്ലാ കളക്ഷനും ചേര്‍ത്ത് ന്യൂ ഇയറിന് വെള്ളമടിച്ച് തിമര്‍ക്കുന്നത് വരെ നീണ്ടു നില്‍ക്കുന്ന ആഘോഷം..
 ഈ ക്രിസ്മസും ആനന്ദത്തിന്റെ പൂത്തിരികള്‍ നാടെങ്ങും പ്രകാശിപ്പിക്കട്ടെ..പ്രത്യാശയുടെ മണിഗോപുരങ്ങള്‍ മനസ്സുകളില്‍ പണിതുയര്‍ത്തട്ടെ...തേനൂറുന്ന ഓര്‍മ്മകള്‍ സമ്മാനിക്കട്ടെ..

ക്രിസ്മസ് ആശംസകള്‍.

1 comment:

  1. പുതുവത്സരാശംസകൾ! ഈ ബ്ലോഗ് എന്റെ വായനശാലയിൽ ലിസ്റ്റ് ചെയ്തു.

    ReplyDelete