Friday, 9 December 2011

മുല്ലപ്പെരിയാറും ചില കേരള നടനങ്ങളും.

മുല്ലപ്പെരിയാറിന്റെ പേരില്‍ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന ആഭാസങ്ങള്‍ എല്ലാം, വലിയൊരു അവകാശ സമരമായി മാറാന്‍ കെൽപ്പുണ്ടായിരുന്ന  ഒരു സമരത്തെ തച്ചു തകര്‍ത്തു എന്ന് പറയാന്‍ ഞാൻ  നിര്‍ബന്ധിതനാവുകയാണ്. എനിക്ക്  മാത്രമല്ല, കാര്യങ്ങളെ നിഷ്പക്ഷമായൊരു വീക്ഷണ കോണിലൂടെ നോക്കിക്കാണുന്നവര്‍ക്കെല്ലാം അങ്ങനെ പറയേണ്ടി വരും.
മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ മുതലെടുപ്പ് നടത്തുന്നത് ഒന്നോ രണ്ടോ പേരല്ല.
 ഒലിച്ചുപോകുന്നത് താന്‍ മാത്രമായിരിക്കില്ല, തന്റെ കൂടെ മുപ്പതു ലക്ഷം ജനങ്ങളും ഉണ്ടാകും എന്നാ ചിന്തയാകും മധ്യതിരുവിതാംകൂറുകാരായ, ഇതിന്റെ ഫലം അനുഭവിക്കാനുള്ളവരെപ്പോലും  ഈ മുതലെടുപ്പ് നടത്താനും യാതൊരു പ്രയോജനവുമില്ലാതെ വായിട്ടലയ്ക്കാനും സമരകോലാഹലങ്ങള്‍ ചമയ്ക്കാനും മറ്റും പ്രേരിപ്പിക്കുന്നത്.
  1. പ്രിയബഹുമാന്യനായ മന്ത്രി പീ ജെ ജോസെഫിന്റെ ആത്മാര്‍ഥതയെ ആരും ചോദ്യം ചെയ്യുന്നില്ല എന്ന് കരുതി പുള്ളി ഇപ്പോള്‍ കാണിച്ചു കൊണ്ടിരിക്കുന്നതരം ഭോഷത്തങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. ഡല്‍ഹിയില്‍ പോയി ഒരു ദിവസത്തെ പ്രാര്‍ത്ഥന നടത്തുന്നു പോലും... പ്രാര്‍ത്ഥന കൊണ്ട് മനം മാറാന്‍ തക്ക വിധം പുണ്യവാളന്മാരൊന്നുമല്ല ഈ വിഷയത്തില്‍ കേരളത്തിന്റെ എതിര്‍പക്ഷത് എന്ന് കുറഞ്ഞ പക്ഷം  പ്രായോഗിക രാഷ്ട്രീയത്തില്‍ ഏറ്റവും മെയ്വഴക്കുമുള്ള പാര്‍ട്ടിയായ കേരള കൊണ്ഗ്രെസ്സിന്റെ നേതാവിനു അറിയാതെയല്ല. പിന്നെ കിടക്കട്ടെ ഒരെണ്ണം നമ്മുടെ വക എന്ന് കരുതിക്കാണും.പിന്നെ ഇദ്ദേഹം തുടരെ തുടരെ ഡല്‍ഹി യാത്രകള് നടത്തുന്നു. ഇടയ്ക്കിടെ ചപ്പാതിലും തൊടുപുഴയിലും മുല്ലപ്പെരിയാറിലും സന്ദര്‍ശനങ്ങള്‍,അവിടെ കാണുന്ന കൊച്ചുങ്ങളെ എടുത്തോമാനിക്കല്‍,മാധ്യമങ്ങളില്‍ വികാരനിര്ഭരമായ പ്രസംഗങ്ങള്‍ എന്നിങ്ങനെ പ്രയോജനമില്ലാത്ത കാര്യങ്ങള്‍ക്ക് മുതിരാതെ പ്രശ്നം പരിഹരിക്കാനുള്ള അടിയന്തര പ്രാധാന്യമുള്ള നടപടികള്‍ എടുക്കുകയായിരുന്നു വേണ്ടത്‌.
  2. നാട്ടിലെ ജനങ്ങളും തീരെ മോശക്കാരല്ല. കേരളത്തിലെ സോഷ്യല്‍ മീഡിയ വെള്ളവും വളവും നല്‍കി പരിപാലിച്ചുവലര്‍ത്തിയ ഒരു സമരത്തെ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് ജാതി മത സംഘടനകളാണ്.ക്രിസ്ത്യന്‍ പള്ളികളില്‍ പ്രാര്‍ത്ഥന, അച്ചന്മാരുടെ ഉപവാസം, പിന്നാലെ ഒരു കൂട്ടം സ്വാമിമാരുടെ ജാഥ , അമ്പലങ്ങളില്‍ ഹോമം, എന്നിങ്ങനെ തുടങ്ങി സര്‍വ പയറ്റും ആളുകള്‍ പയറ്റുന്നു,എന്‍ എസ്.എസ്, വെള്ളപള്ളി,  ക്രിസ്ത്യാനികളില്‍  ഓര്‍ത്തഡോക്‍സ്‌,യാക്കൊബൈറ്റ്, കത്തോലിക്കാ മാര്‍ത്തോമ്മ എന്തിനേറെ പെന്തെക്കൊസ്തുകാര് പോലും അവിടെ വെവ്വേറെ പ്രാര്‍ത്ഥനയും ഉപവാസവും. അങ്ങനെ സര്‍വ ജാതിസംഘടനകളും ഇതില്‍ സജീവമായി രംഗത്തുണ്ട്..
  3. രാഷ്ടീയപരമായ മുതലെടുപ്പുകളാണ് മറ്റൊന്ന്. ചങ്ങല തീര്‍ത്ത് ഇടതു പക്ഷം. ചങ്ങലയില്‍ വിടവുണ്ടായെന്നു മനോരമ. ഡാം  ഇപ്പൊ കെട്ടുമെന്ന് വി എസ് ... സമരം ഏറ്റെടുത്തതായി ചെന്നിത്തല. "ആരും ബഹളമുണ്ടാക്കരുത് ഇപ്പൊ ശര്യാക്കിത്തരാം" എന്ന് ചാണ്ടി. പ്രധാനമന്ത്രിയില്‍ നിന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്ന്(കത്ത് കൊടുത്തിട്ടുണ്ടെന്ന്) ഡല്‍ഹിക്ക് തിരഞ്ഞെടുതയച്ച ശുംഭന്മാര്‍(കട:ജയരാജ്‌ ).
  4. നിരാഹാര നാടകങ്ങള്‍ ചിരിക്ക് വക നല്‍കുന്നതാണ്. ഇതുകൊണ്ടൊക്കെ എന്ത് പ്രയോജനമാനുള്ളതെന്നു ബന്ധപ്പെട്ടവര്‍ ആലോചിക്കേണ്ടതാണ്.ബിജിമോള്‍ എം എല്‍ എ നിരാഹാരം നടത്തി രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കു മടുത്തു.ബാറ്റണ്‍ അടുത്തയാള്‍ക്ക് കൈമാറി. പുള്ളിയും തുടങ്ങി അത് പോലെ ഷോര്‍ട്ട് സ്പാനിലോരെണ്ണം. ഇതൊക്കെ കാണുമ്പോ മലയോര കര്‍ഷക പാര്‍ട്ടിക്ക് വെറുതെ ഇരിക്കാന്‍ പറ്റുമോ? റോഷിയും മോന്സും  കൂടി അടുത്തൊരെണ്ണം പ്ലാന്‍ ചെയ്തു നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
  5. ദിവസവും കുട്ടികളെയൊക്കെ സമരപ്പന്തലില്‍ കൊണ്ടുവന്നു എല്ലാം കാണിക്കും. പിന്നെ അവരെ പിടിച്ചു വെയിലിലിരുത്തി പ്ലക്കര്‍ഡും പിടിപ്പിച്ചു വേദിയില്‍ ഇടയ്ക്കിടയ്ക്ക് വന്നെത്തുന വിഷിഷ്ടാതിഥികളുടെ പ്രഭാഷണ പരമ്പരകള്‍ കേള്‍പ്പിക്കും.മഹിളസന്ഘം, കുടുംബശ്ര്‍ീ, ഓട്ടോ, ലോറി, എന്നുവേണ്ട ചപ്പാത്തില്‍ സാന്നിധ്യമാരിയിക്കാത്ത ഏതെന്കിലും സംഘടന കേരളത്തിലുണ്ടോ എന്ന് സംശയമാണ്.
  6. ദണ്ടപാണി എന്നൊരു ടീം , എ ജി എന്നൊരു പോസ്റ്റിലിരുന്ന് കോടതിയില്‍ പോയി എഴുന്നള്ളിച്ചതിന്റെ ഫലങ്ങള്‍ കേരളം ഇനി കാണാന്‍ കിടക്കുന്നതെയുള്ളു. ഇപ്പൊ തന്നെ ജയലളിതയുടെ  കത്തിലും തമിഴ്നാട് സുപ്രീം കോടതിയില്‍ കൊടുത്ത അപേക്ഷയിലും ഇദ്ദേഹത്തിന്റെ പരാമര്‍ശങ്ങളാണ് ആയുധമാക്കുന്നത്. പുള്ളി പറയുന്നത് അങ്ങേരെ ആരോ തെറ്റിദ്ധരിപ്പിച്ചു, disaster  management  റിപ്പോര്‍ട്ട്‌ അങ്ങനെ ആയിരുന്നു എന്നും മറ്റുമാണ്. 
സിനിമയില്‍, നായിക വന്നു നെഞ്ചത്തോട്ടു മറിയുമ്പോള്‍ വല്ലവിധേനയും താങ്ങിയെടുത്തു നിര്‍ത്തി സ്വന്തം ബാലന്സും തടിയും രക്ഷിക്കുന്ന നായകനെപ്പോലെ ഇടുക്കി കൂള്‍ കൂളായി അത് താങ്ങിയാൽ തന്നെ അതിനിടയിലുള്ള ആളുകളുടെ ജീവിതം കുട്ടിചോറാക്കിയില്ലേ. പിന്നെ ഒരു കേസ് തോല്‍ക്കാന്‍ ഇതൊക്കെ ധാരാളമാണെന്ന് മനസ്സിലാക്കാന്‍ എല്‍ എല്‍ ബി യൊന്നും വേണ്ട, സാമാന്യ വിവരം മതി. എന്നിട്ടും അയാളെ താങ്ങി പ്പിടിച്ചു ആളുകള്‍ നടക്കുന്നല്ലോ(അതും മുഖ്യമന്ത്രി അടക്കം) എന്നോര്‍ക്കുമ്പോ എനിക്ക് വള്ളത്തോളിനെയാണോര്‍മ വരുന്നത്. "......തിളയ്ക്കണം ചോര ഞരമ്പുകളില്‍ ......"


----

ഇതിനൊക്കെ പകരം നമ്മള്‍ ചെയ്യേണ്ടാതെന്തായിരുന്നു?
സുപ്രീം കോടതിയില്‍ ഇടക്കാല അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പണ്ട് പ്രേമചന്ദ്രന്‍ കേസ് നടത്തിയതുപോലെ ഭംഗിയായി നടത്തണം. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടി ഒന്നുണര്‍ന്നു പ്രവര്‍ത്തിക്കണം. മന്ത്രിമാര് വിചാരിച്ചിട്ട് പ്രധാനമാന്ത്രിയെക്കൊണ്ട്  ജയലളിതയുമായി ഒരു ചര്‍ച്ച നടത്തിക്കുന്നതിക്കുന്നതിനു പോലും സാധിച്ചില്ല എന്ന് പറയുന്നത്....ഛെ... അതിനെത്രയും വേഗം നടപടിയെടുക്കണം.
----

ഇതിലൊക്കെ പ്രധാനം കേരളത്തിന്റെ സ്ഥലത്ത് പുതിയ ഡാം അങ്ങോട്ട്‌ കെട്ടാന്‍ ഒരു തമിഴ്നാടിന്റെയും അനുമതി വേണ്ട എന്നുള്ളതാണ്.കേന്ദ്രത്തില്‍ നിന്ന് പാരിസ്ഥിതിക അനുമതി സംഘടിപ്പിക്കാന്‍ കേന്ദ്രത്തിലുള്ള ശുംഭന്മാര്‍ ധാരാളം മതി .എന്നിട്ട് അങ്ങോട്ട്‌ കെട്ടണം.
അപ്പൊ തന്നെ പകുതി കാര്യത്തിനു തീരുമാനമാകും.

No comments:

Post a Comment