Tuesday, 13 December 2011

ക്രിസ്മസ് - "ആഘോഷങ്ങളുടെ രാജാവ്"

ക്രിസ്മസ് ....
മഞ്ഞു പെയ്യുന്ന ഡിസംബര്‍ മാസത്തിലെ നനുത്ത ഒരോര്‍മ...
മധുരിക്കുന്ന കേക്കുകളും കണ്ണുചിമ്മിതുറക്കുന്ന വൈദ്യുത ദീപങ്ങളും തരാതരങ്ങളിലുള്ള നക്ഷത്രങ്ങളും  പലവക വസ്തുക്കള്‍ക്കൊണ്ടലങ്കരിച്ച പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീകളുമൊക്കെയായി ക്രിസ്മസ് എല്ലാം തികഞ്ഞൊരാഘോഷമാണ്. അതു ഘോഷിക്കാനൊക്കാത്തവര്‍ക്ക് നൊസ്റ്റാള്‍ജിയ അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ അനുഭവ വേദ്യമാകുന്നു. ക്രിസ്മസ് എന്നത് മതപരമായ ഒരു ആഘോഷം എന്നതിലുപരി  ഒരു സമൂഹത്തിന്റെ മുഴുവന്‍ പങ്കാളിത്തവും നിറഞ്ഞുനില്‍ക്കുന്ന ഒന്നായി കാലം ചെല്ലും തോറും പരിണമിച്ചുകൊണ്ടിരിക്കുന്നു.

ക്രിസ്മസിനെ വേറിട്ട്‌ നിര്‍ത്തുന്ന ഘടകങ്ങളില്‍ പ്രധാനം അത് ആഘോഷിക്കപ്പെടുന്ന സമയത്തെ  കാലാവസ്ഥ തന്നെയാവണം.ഡിസംബര്‍ മാസം, ട്രോപ്പിക്കല്‍ കാലാവസ്ഥയുള്ള കേരളത്തെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിന്റെ, സന്തോഷത്തിന്റെ കാലമാണ്. വിശറികളും ഫാനുകളുമില്ലാത്ത,
 കൊച്ചുവെളുപ്പാന്‍കാലത്ത് എഴുന്നേറ്റാലും വീണ്ടും വീണ്ടും പുതച്ചുറങ്ങാന്‍ തോന്നിപ്പിക്കുന്ന ഒരു കാലം. ഇത്തരമൊരു സുഖകരമായ അന്തരീക്ഷം ഈ ആഘോഷത്തെ കൂടുതല്‍ മനോഹരമാക്കുന്നു.

പിന്നെ മറ്റൊന്ന് ക്രിസ്മസ്സും നവവത്സരവും  'ക്ലബ്ബ്‌' ചെയ്തു വരുന്നു എന്നതാണ്.
              ആഘോഷത്തിന്റെ ഒരാഴ്ച ....."ആനന്ദലബ്ധിക്കിനിയെന്തു  വേണ്ടൂ"..
എന്നത്തേക്കാളുമധികമായി നാം ലോകവുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ പാശ്ചാത്യ രാജ്യങ്ങളുടെ രീതികള്‍ ആഘോഷങ്ങളില്‍ കനത്ത സ്വാധീനം ചെലുത്തി വരികയാണ്. കൂട്ടുകാരുമൊത്ത് രണ്ടെണ്ണം വീശിയില്ലെങ്കില്‍ പിന്നെന്താഘോഷം. യുവാക്കളാണ് ഇക്കാര്യത്തില്‍ മുന്പിലെങ്കിലും മുതിര്‍ന്നവരും കുറവല്ല. നല്ല കാലത്തിനു ശേഷം കാണുന്ന ബന്ധുക്കള്‍ എല്ലാം മറന്നാഘോഷിക്കും. ഓണത്തിന് പൊതുവേ വെജിറ്റേറിയന്‍ ആണെല്ലാവരുടെയും ചോയിസ് എങ്കില്‍ ക്രിസ്മസിനു കോഴിയും പോത്തും കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ.
ക്രിസ്മസ് ആഗോള തലത്തില്‍ തന്നെ ഏറ്റവും വമ്പിച്ച ആഘോഷമാണ്. മതപരമായ ഒരു കാഴ്ചപ്പാടിലൂടെ നോക്കുകയാണെങ്കില്‍ ക്രിസ്ത്യാനികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ആഘോഷം ഉയിര്‍പ്പാണെങ്കിലും(Easter) അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ആഘോഷം ഇതുതന്നെ.

നാട്ടിലെ ചെറു സുഹൃത് വലയങ്ങള്‍ക്ക് അല്‍പ്പം ചില്ലിയുണ്ടാക്കാനുള്ള ഒരവസരം കൂടിയാണിത്.കൂട്ടത്തില്‍ തടിയനെ ക്രിസ്മസ് പാപ്പ ആക്കി കരോള്‍ ഗാനങ്ങളും പാടി(ഇപ്പൊ ഡപ്പാംകൂത്ത്‌ തമിഴ്‌ പാട്ടുകളാണ് സാധാരണ എങ്കിലും) പടക്കവും പൊട്ടിച്ചു തുള്ളി നടക്കുന്ന അവരെ ക്കാണുമ്പോള്‍ പലര്‍ക്കും പഴയ കാലം ഓര്മ വരും. ചെറിയ ഒരു ആര്‍ട്സ്‌ ആന്‍ഡ്‌ സ്പോര്‍ട്സ്‌ ക്ലബ്ബിന്റെ ബാനറില്‍ പുല്‍ക്കൂട്, ട്രീ എന്നിങ്ങനെ തുടങ്ങി എല്ലാ കളക്ഷനും ചേര്‍ത്ത് ന്യൂ ഇയറിന് വെള്ളമടിച്ച് തിമര്‍ക്കുന്നത് വരെ നീണ്ടു നില്‍ക്കുന്ന ആഘോഷം..
 ഈ ക്രിസ്മസും ആനന്ദത്തിന്റെ പൂത്തിരികള്‍ നാടെങ്ങും പ്രകാശിപ്പിക്കട്ടെ..പ്രത്യാശയുടെ മണിഗോപുരങ്ങള്‍ മനസ്സുകളില്‍ പണിതുയര്‍ത്തട്ടെ...തേനൂറുന്ന ഓര്‍മ്മകള്‍ സമ്മാനിക്കട്ടെ..

ക്രിസ്മസ് ആശംസകള്‍.

Monday, 12 December 2011

വിമന്‍സ്‌ കോഡ് ബില്ലും സര്‍ക്കാരിന്റെ കത്രികയും


രണ്ടാഴ്ചകള്‍ക്ക് മുന്‍പ്  മനോരമ ദിനപ്പത്രത്തിലെ പംക്തിയില്‍ ശ്രീമതി എസ്. ശാരദക്കുട്ടി എഴുതിയ ലേഖനമാണ് ഈ കുറിപ്പിന് ആധാരം. ജസ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായുള്ള സമിതി വിമൻസ്  കോഡ് ബില്ല്  നടപ്പിലാക്കാന്‍ സർക്കാരിന്  മുന്പില്‍ സമര്പ്പിച്ച നിർദേശങ്ങൾ  ഇതിനോടകം തന്നെ പല കോണുകളില്‍ നിന്നും വിമര്ശ നം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. സന്താനങ്ങളുടെ എണ്ണം രണ്ടായി നിജപ്പെടുത്തണമെന്നും അല്ലാത്തവര്ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും നിർദേശങ്ങൾ  ഉള്ളതായാണ് അറിയുന്നത്.

ഒരു രാജ്യത്തിന്റെ പുരോഗതി അതിനാവശ്യമായ വിഭവങ്ങളില്‍ അധിഷ്ഠിതമാണ്  എന്നുള്ളത് ഒരു സത്യമാണ്. എന്നാല്‍ ഈ സത്യത്തെ ആളുകള്‍ വേണ്ട വിധത്തില്‍ മനസ്സിലാക്കുന്നുണ്ടോ എന്നത് ചിന്തനീയമാണ്.
പുരോഗതിയിലേക്ക് നയിക്കുന്ന വിഭവങ്ങളില്‍ എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കേണ്ടത്‌ മനുഷ്യ വിഭവങ്ങള്ക്കാണ്. അവയില്ലെങ്കിൽ  മറ്റുള്ളവ ഉപയോഗശൂന്യമാണ് എന്നതാണ് അതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . ഇന്ന് ലോകത്തില്‍ അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന രാജ്യങ്ങൾക്കെല്ലാം ഈ മനുഷ്യവിഭവ ശേഷി കൂടുതലാണ് എന്ന് കാണാന്‍ കഴിയും.ചൈന, ഇന്ത്യ എന്നിവ ഉദാഹരണങ്ങള്‍..
ഹരിത വിപ്ലവത്തോട് കൂടി ഇന്ത്യ ഭക്ഷണ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചു. ഈ രാജ്യത്തിന്റെ സാമ്പത്തിക നില ഒന്നിനൊന്നുയർന്നു കൊണ്ടിരിക്കുകയാണ്.അതോടൊപ്പം ജനസംഖ്യയും. ജനസംഖ്യ വളര്ച്ച ഒരു രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് അതീവ ഗുരുതരമായ തിരിച്ചടി നല്കുന്നതായിരുന്നെകില്‍ എന്തേ ഇന്ത്യയും ചൈനയും വന്‍ സാമ്പത്തിക ശക്തികളായി വളര്ന്നു്കൊണ്ടിരിക്കുന്നു?
അതുകൊണ്ട് തന്നെ വളരാനാവശ്യമായ വിഭവങ്ങള്‍ ഇല്ലാത്തതിനാല്‍ സന്താനോല്പാദനം നിയന്ത്രിക്കണമെന്ന വാദം തികച്ചും അപക്വമാണ്.
പിന്നെ ഇതിലെ മനുഷ്യാവകാശ ലംഘനം മറ്റൊരു വിഷയമാണ്. ജീവനുള്ളവയെ  നിര്ജീവങ്ങളായയ കേവല വസ്തുക്കളില്‍ നിന്ന് വേറിട്ട്‌ നിർത്തുന്ന ഘടകങ്ങളില്‍ ഒന്ന് അതിന്റെ പ്രത്യുല്പ്പാദന ശേഷിയാണ്. ഭക്ഷണം കഴിക്കുകയും ചലിക്കുകയും വിസര്ജിക്കുകയും ഒക്കെ ചെയ്യുന്നതുപോലെ പ്രത്യുല്പ്പാദനവും ജീവികളുടെ പ്രാഥമിക കര്ത്തവ്യങ്ങളില്‍ പെടുന്നു. ഇപ്പോള്‍ ചിലര്‍ അവയുടെ കടയ്ക്കല്‍ കത്തി വെക്കാന്‍ ശ്രമിക്കുന്നതിനാല്‍ കർത്തവ്യമെന്നതിനെക്കാൾ  അവകാശമെന്നു പറയേണ്ടിവരും. ഇത്തരം ഒരു നിരോധനം തികച്ചും പ്രകൃതിക്കെതിരാണെന്നതില്‍ സംശയമേതുമില്ല.  ആഹാരം ആവശ്യത്തിലേറെ കഴിക്കുന്നത് ആരോഗ്യത്തിനു കേടാണെന്ന് കരുതി ഓരോരുത്തര്ക്കും ഒരു പ്രത്യേക അളവില്‍ കൂടുതല്‍ അരി കൊടുക്കരുതെന്നോ കഴിക്കരുതെന്നോ നിഷ്കര്ഷിക്കുന്ന ഒരു ഹെല്ത്ത് ‌ കോഡ് ബില്ലിനെ പറ്റി ചിന്തിച്ചാല്‍ ഇതിലെ ശുംഭത്തരം വ്യക്‌തമാകും.
ഇപ്പോള്‍ തന്നെ ജന സംഖ്യ കൂടുതലാണ്. അതുകൊണ്ട് ഇനി ഒരുത്തനും ഭൂമിയില്‍ ജനിക്കണ്ട എന്ന് പറയുന്നതില്‍ നിന്ന് ഇവരുടെയൊക്കെ സാമൂഹിക ബോധം ഏറെക്കുറെ നമുക്കൂഹിക്കാം. പണ്ട് മനോരമയില്‍ വായിച്ച ഒരു നര്മലേഖനം ഓര്ത്തു പോവുകയാണ്. ബസില്‍ കേറുന്നതിനു മുന്പ് ഓരോരുത്തരുടെയും മനസ്സിലെ ചിന്ത കൈ കാണിക്കുന്നിടതെല്ലാം വണ്ടി നിര്ത്ത്ണം എന്നതാണ്. കേറി ഇരിപ്പുറപ്പിച്ചാല്‍ പിന്നെ സ്റ്റോപ്പില്‍ പോലും നിര്ത്ത്ണ്ട എന്നതാവും മനസ്സിലെ ആഗ്രഹം... എന്ന് പറയുന്നതുപോലെ ജീവിത ശകടത്തില്‍  യാത്ര തുടങ്ങിയവന്‍ കേറാന്‍ വെമ്പുന്ന മറ്റൊരുത്തനെ ചവിട്ടിത്തൊഴിച്ചു പുറത്താക്കുന്നത് കേവലം അധമന്മാര്ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന പ്രവര്‍ത്തിയാണ്. അത്തരക്കാരോട്, ഭൂമി ജനിച്ചവരും ജനിക്കാനിരിക്കുന്നവരുമായ എല്ലാവരുടെയും കൂടിയാണ്  എന്നുറക്കെപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

രണ്ടു കുട്ടികള്ക്ക് ശേഷം പൌരന്മാരുടെ ശേഷികള്‍ നശിപ്പിക്കാന്‍ കത്തിയും കത്രികയുമായി നടക്കുന്ന സര്ക്കാരിനെ പറ്റി ഓര്ക്കു്മ്പോള്‍ എനിക്ക് തോന്നുന്നത് പുച്ഛം  മാത്രമാണ്.
മനുഷ്യനും പ്രകൃതിയുടെ ഒരു ഭാഗമാണെന്നും അതിന്റെ അവകാശങ്ങളെയും അധികാരങ്ങളെയും ഹനിക്കുന്നത് അപകടകരവും ആത്മഹത്യാപരവുമായിരിക്കും എന്ന് സര്ക്കാര്‍ മനസ്സിലാകിയാല്‍ നന്ന്.

Friday, 9 December 2011

മുല്ലപ്പെരിയാറും ചില കേരള നടനങ്ങളും.

മുല്ലപ്പെരിയാറിന്റെ പേരില്‍ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന ആഭാസങ്ങള്‍ എല്ലാം, വലിയൊരു അവകാശ സമരമായി മാറാന്‍ കെൽപ്പുണ്ടായിരുന്ന  ഒരു സമരത്തെ തച്ചു തകര്‍ത്തു എന്ന് പറയാന്‍ ഞാൻ  നിര്‍ബന്ധിതനാവുകയാണ്. എനിക്ക്  മാത്രമല്ല, കാര്യങ്ങളെ നിഷ്പക്ഷമായൊരു വീക്ഷണ കോണിലൂടെ നോക്കിക്കാണുന്നവര്‍ക്കെല്ലാം അങ്ങനെ പറയേണ്ടി വരും.
മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ മുതലെടുപ്പ് നടത്തുന്നത് ഒന്നോ രണ്ടോ പേരല്ല.
 ഒലിച്ചുപോകുന്നത് താന്‍ മാത്രമായിരിക്കില്ല, തന്റെ കൂടെ മുപ്പതു ലക്ഷം ജനങ്ങളും ഉണ്ടാകും എന്നാ ചിന്തയാകും മധ്യതിരുവിതാംകൂറുകാരായ, ഇതിന്റെ ഫലം അനുഭവിക്കാനുള്ളവരെപ്പോലും  ഈ മുതലെടുപ്പ് നടത്താനും യാതൊരു പ്രയോജനവുമില്ലാതെ വായിട്ടലയ്ക്കാനും സമരകോലാഹലങ്ങള്‍ ചമയ്ക്കാനും മറ്റും പ്രേരിപ്പിക്കുന്നത്.
  1. പ്രിയബഹുമാന്യനായ മന്ത്രി പീ ജെ ജോസെഫിന്റെ ആത്മാര്‍ഥതയെ ആരും ചോദ്യം ചെയ്യുന്നില്ല എന്ന് കരുതി പുള്ളി ഇപ്പോള്‍ കാണിച്ചു കൊണ്ടിരിക്കുന്നതരം ഭോഷത്തങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. ഡല്‍ഹിയില്‍ പോയി ഒരു ദിവസത്തെ പ്രാര്‍ത്ഥന നടത്തുന്നു പോലും... പ്രാര്‍ത്ഥന കൊണ്ട് മനം മാറാന്‍ തക്ക വിധം പുണ്യവാളന്മാരൊന്നുമല്ല ഈ വിഷയത്തില്‍ കേരളത്തിന്റെ എതിര്‍പക്ഷത് എന്ന് കുറഞ്ഞ പക്ഷം  പ്രായോഗിക രാഷ്ട്രീയത്തില്‍ ഏറ്റവും മെയ്വഴക്കുമുള്ള പാര്‍ട്ടിയായ കേരള കൊണ്ഗ്രെസ്സിന്റെ നേതാവിനു അറിയാതെയല്ല. പിന്നെ കിടക്കട്ടെ ഒരെണ്ണം നമ്മുടെ വക എന്ന് കരുതിക്കാണും.പിന്നെ ഇദ്ദേഹം തുടരെ തുടരെ ഡല്‍ഹി യാത്രകള് നടത്തുന്നു. ഇടയ്ക്കിടെ ചപ്പാതിലും തൊടുപുഴയിലും മുല്ലപ്പെരിയാറിലും സന്ദര്‍ശനങ്ങള്‍,അവിടെ കാണുന്ന കൊച്ചുങ്ങളെ എടുത്തോമാനിക്കല്‍,മാധ്യമങ്ങളില്‍ വികാരനിര്ഭരമായ പ്രസംഗങ്ങള്‍ എന്നിങ്ങനെ പ്രയോജനമില്ലാത്ത കാര്യങ്ങള്‍ക്ക് മുതിരാതെ പ്രശ്നം പരിഹരിക്കാനുള്ള അടിയന്തര പ്രാധാന്യമുള്ള നടപടികള്‍ എടുക്കുകയായിരുന്നു വേണ്ടത്‌.
  2. നാട്ടിലെ ജനങ്ങളും തീരെ മോശക്കാരല്ല. കേരളത്തിലെ സോഷ്യല്‍ മീഡിയ വെള്ളവും വളവും നല്‍കി പരിപാലിച്ചുവലര്‍ത്തിയ ഒരു സമരത്തെ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് ജാതി മത സംഘടനകളാണ്.ക്രിസ്ത്യന്‍ പള്ളികളില്‍ പ്രാര്‍ത്ഥന, അച്ചന്മാരുടെ ഉപവാസം, പിന്നാലെ ഒരു കൂട്ടം സ്വാമിമാരുടെ ജാഥ , അമ്പലങ്ങളില്‍ ഹോമം, എന്നിങ്ങനെ തുടങ്ങി സര്‍വ പയറ്റും ആളുകള്‍ പയറ്റുന്നു,എന്‍ എസ്.എസ്, വെള്ളപള്ളി,  ക്രിസ്ത്യാനികളില്‍  ഓര്‍ത്തഡോക്‍സ്‌,യാക്കൊബൈറ്റ്, കത്തോലിക്കാ മാര്‍ത്തോമ്മ എന്തിനേറെ പെന്തെക്കൊസ്തുകാര് പോലും അവിടെ വെവ്വേറെ പ്രാര്‍ത്ഥനയും ഉപവാസവും. അങ്ങനെ സര്‍വ ജാതിസംഘടനകളും ഇതില്‍ സജീവമായി രംഗത്തുണ്ട്..
  3. രാഷ്ടീയപരമായ മുതലെടുപ്പുകളാണ് മറ്റൊന്ന്. ചങ്ങല തീര്‍ത്ത് ഇടതു പക്ഷം. ചങ്ങലയില്‍ വിടവുണ്ടായെന്നു മനോരമ. ഡാം  ഇപ്പൊ കെട്ടുമെന്ന് വി എസ് ... സമരം ഏറ്റെടുത്തതായി ചെന്നിത്തല. "ആരും ബഹളമുണ്ടാക്കരുത് ഇപ്പൊ ശര്യാക്കിത്തരാം" എന്ന് ചാണ്ടി. പ്രധാനമന്ത്രിയില്‍ നിന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്ന്(കത്ത് കൊടുത്തിട്ടുണ്ടെന്ന്) ഡല്‍ഹിക്ക് തിരഞ്ഞെടുതയച്ച ശുംഭന്മാര്‍(കട:ജയരാജ്‌ ).
  4. നിരാഹാര നാടകങ്ങള്‍ ചിരിക്ക് വക നല്‍കുന്നതാണ്. ഇതുകൊണ്ടൊക്കെ എന്ത് പ്രയോജനമാനുള്ളതെന്നു ബന്ധപ്പെട്ടവര്‍ ആലോചിക്കേണ്ടതാണ്.ബിജിമോള്‍ എം എല്‍ എ നിരാഹാരം നടത്തി രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കു മടുത്തു.ബാറ്റണ്‍ അടുത്തയാള്‍ക്ക് കൈമാറി. പുള്ളിയും തുടങ്ങി അത് പോലെ ഷോര്‍ട്ട് സ്പാനിലോരെണ്ണം. ഇതൊക്കെ കാണുമ്പോ മലയോര കര്‍ഷക പാര്‍ട്ടിക്ക് വെറുതെ ഇരിക്കാന്‍ പറ്റുമോ? റോഷിയും മോന്സും  കൂടി അടുത്തൊരെണ്ണം പ്ലാന്‍ ചെയ്തു നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
  5. ദിവസവും കുട്ടികളെയൊക്കെ സമരപ്പന്തലില്‍ കൊണ്ടുവന്നു എല്ലാം കാണിക്കും. പിന്നെ അവരെ പിടിച്ചു വെയിലിലിരുത്തി പ്ലക്കര്‍ഡും പിടിപ്പിച്ചു വേദിയില്‍ ഇടയ്ക്കിടയ്ക്ക് വന്നെത്തുന വിഷിഷ്ടാതിഥികളുടെ പ്രഭാഷണ പരമ്പരകള്‍ കേള്‍പ്പിക്കും.മഹിളസന്ഘം, കുടുംബശ്ര്‍ീ, ഓട്ടോ, ലോറി, എന്നുവേണ്ട ചപ്പാത്തില്‍ സാന്നിധ്യമാരിയിക്കാത്ത ഏതെന്കിലും സംഘടന കേരളത്തിലുണ്ടോ എന്ന് സംശയമാണ്.
  6. ദണ്ടപാണി എന്നൊരു ടീം , എ ജി എന്നൊരു പോസ്റ്റിലിരുന്ന് കോടതിയില്‍ പോയി എഴുന്നള്ളിച്ചതിന്റെ ഫലങ്ങള്‍ കേരളം ഇനി കാണാന്‍ കിടക്കുന്നതെയുള്ളു. ഇപ്പൊ തന്നെ ജയലളിതയുടെ  കത്തിലും തമിഴ്നാട് സുപ്രീം കോടതിയില്‍ കൊടുത്ത അപേക്ഷയിലും ഇദ്ദേഹത്തിന്റെ പരാമര്‍ശങ്ങളാണ് ആയുധമാക്കുന്നത്. പുള്ളി പറയുന്നത് അങ്ങേരെ ആരോ തെറ്റിദ്ധരിപ്പിച്ചു, disaster  management  റിപ്പോര്‍ട്ട്‌ അങ്ങനെ ആയിരുന്നു എന്നും മറ്റുമാണ്. 
സിനിമയില്‍, നായിക വന്നു നെഞ്ചത്തോട്ടു മറിയുമ്പോള്‍ വല്ലവിധേനയും താങ്ങിയെടുത്തു നിര്‍ത്തി സ്വന്തം ബാലന്സും തടിയും രക്ഷിക്കുന്ന നായകനെപ്പോലെ ഇടുക്കി കൂള്‍ കൂളായി അത് താങ്ങിയാൽ തന്നെ അതിനിടയിലുള്ള ആളുകളുടെ ജീവിതം കുട്ടിചോറാക്കിയില്ലേ. പിന്നെ ഒരു കേസ് തോല്‍ക്കാന്‍ ഇതൊക്കെ ധാരാളമാണെന്ന് മനസ്സിലാക്കാന്‍ എല്‍ എല്‍ ബി യൊന്നും വേണ്ട, സാമാന്യ വിവരം മതി. എന്നിട്ടും അയാളെ താങ്ങി പ്പിടിച്ചു ആളുകള്‍ നടക്കുന്നല്ലോ(അതും മുഖ്യമന്ത്രി അടക്കം) എന്നോര്‍ക്കുമ്പോ എനിക്ക് വള്ളത്തോളിനെയാണോര്‍മ വരുന്നത്. "......തിളയ്ക്കണം ചോര ഞരമ്പുകളില്‍ ......"


----

ഇതിനൊക്കെ പകരം നമ്മള്‍ ചെയ്യേണ്ടാതെന്തായിരുന്നു?
സുപ്രീം കോടതിയില്‍ ഇടക്കാല അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പണ്ട് പ്രേമചന്ദ്രന്‍ കേസ് നടത്തിയതുപോലെ ഭംഗിയായി നടത്തണം. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടി ഒന്നുണര്‍ന്നു പ്രവര്‍ത്തിക്കണം. മന്ത്രിമാര് വിചാരിച്ചിട്ട് പ്രധാനമാന്ത്രിയെക്കൊണ്ട്  ജയലളിതയുമായി ഒരു ചര്‍ച്ച നടത്തിക്കുന്നതിക്കുന്നതിനു പോലും സാധിച്ചില്ല എന്ന് പറയുന്നത്....ഛെ... അതിനെത്രയും വേഗം നടപടിയെടുക്കണം.
----

ഇതിലൊക്കെ പ്രധാനം കേരളത്തിന്റെ സ്ഥലത്ത് പുതിയ ഡാം അങ്ങോട്ട്‌ കെട്ടാന്‍ ഒരു തമിഴ്നാടിന്റെയും അനുമതി വേണ്ട എന്നുള്ളതാണ്.കേന്ദ്രത്തില്‍ നിന്ന് പാരിസ്ഥിതിക അനുമതി സംഘടിപ്പിക്കാന്‍ കേന്ദ്രത്തിലുള്ള ശുംഭന്മാര്‍ ധാരാളം മതി .എന്നിട്ട് അങ്ങോട്ട്‌ കെട്ടണം.
അപ്പൊ തന്നെ പകുതി കാര്യത്തിനു തീരുമാനമാകും.